ന്യൂദല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട് മോദിയുടെ മറ്റൊരു ഗ്യാരണ്ടി വെളിപ്പെടുത്തി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തീവണ്ടികളില്‍ ബുക്കു ചെയ്യുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കുമെന്നും വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇല്ലാതാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ദിവസേന 3000 ട്രെയിന്‍ ട്രിപ്പുകളെങ്കിലുമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏകദേശം 100 കോടി യാത്രക്കാരെ ഒരു വര്‍ഷം വഹിക്കാന്‍ ദിവസേനയുള്ള 3000 ട്രെയിന്‍ ട്രിപ്പുകള്‍ക്ക് സാധിക്കും.
ഇതിനായി ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവാക്കും. വെയിറ്റിംഗ് ലിസ്റ്റുകള്‍ ഒഴിവാക്കാനായി കൂടുതല്‍ ആധുനികമായ പുതിയ തീവണ്ടികള്‍ നിര്‍മ്മിക്കും. ഇതോടെ ബുക്ക് ചെയ്യുന്ന എല്ലാവര്ക്കും ടിക്കറ്റ് ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
കൂടുതല്‍ ട്രാക്കുകള്‍, വൈദ്യുതിവല്‍ക്കരണം, ആധുനികവേഗ യാത്രകള്‍ ഉറപ്പാക്കുന്ന വന്ദേ ഭാരത് തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങള്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയിരുന്നു. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ 25,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 2047ഓടെ വികസിത ഭാരതത്തില്‍ 4,500 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൊണ്ടുവരും. വന്ദേഭാരതിനേക്കാള്‍ ചെലവ് കുറഞ്ഞ, അതേ സമയം ആധുനിക സൗകര്യങ്ങളുള്ള 50 അമൃതഭാരത് ട്രെയിനുകള്‍ 2024-25ല്‍ പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: