രാജ്യത്തിന്റ സ്വപ്നദൗത്യമായ ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ ആദ്യ ഇന്റഗ്രേറ്റഡ് ഡ്രോപ്പ് ടെസ്റ്റ് പരീക്ഷണത്തിന് സജ്ജമായി ഇസ്രോ. ഒരാഴ്ചക്കുള്ളിൽ പരീക്ഷണം നടത്താനാണ് ഐഎസ്ആർഒയുടെ നീക്കം. ബഹിരാകാശത്തെത്തുന്ന യാത്രികരെ തിരികെ സുരക്ഷിതമായി എത്തിക്കുന്നതിന് വേണ്ട സംവിധാനങ്ങളുടെ പരീക്ഷണമാണ് ഈ വേളയിൽ നടക്കുന്നത്. പാരച്യൂട്ട്-കാപ്സ്യൂൾ സംവിധാനങ്ങളാണ് ഈ ഘട്ടത്തിൽ പരിശോധിക്കുക.
ഇന്ത്യൻ എയർഫോഴ്സ് ഹെലികോപ്റ്റർ മുഖേനയാകും പരീക്ഷണം നടക്കുക. ഏകദേശം 3.5 മുതൽ 4 കിലോമീറ്റർ ഉയരത്തിലാകും ക്രൂ ക്യാപ്സൂളിനെ ഇറക്കുക. ഇതിനെയാണ് എയർ ഡ്രോപ്പ് ടെസ്റ്റ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബംഗാൾ ഉൾക്കടലിലേക്കാകും ക്രൂ മൊഡ്യൂൾ സുരക്ഷിതമായി ഇറങ്ങുക. പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത, സ്ഥിരത, വിന്യാസം എന്നിവയുൾപ്പെടെ പരീക്ഷണത്തിന്റെ ഭാഗമാണ്.
ദൗത്യത്തിന്റെ ബഹിരാകാശ യാത്രികരില്ലാത്ത ആദ്യ ഓർബിറ്റൽ ഫ്ളൈറ്റിന് മുമ്പുള്ള അവസാന ഘട്ട തയാറെടുപ്പാണിത്. എമർജൻസി അബോർട്ട് മെക്കാനിസങ്ങളുൾപ്പെടെയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അലുമിനിയം, സ്റ്റീൽ എന്നീ വസ്തുക്കളുപയോഗിച്ചാണ് ക്രൂ ക്യാപ്സൂളിന്റെ നിർമ്മാണം. നിശ്ചിത ഉയരത്തിലെത്തുമ്പോൾ കടലിന് മുകളിലേക്ക് ഇവയെ വിന്യസിക്കും. ഇതിന് ശേഷമാകും പാരച്യൂട്ടിന്റെ പ്രവർത്തനം നടക്കുക.
പരീക്ഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ഇസ്രോ നോട്ടീസ് നൽകി. കാലാവസ്ഥയും സാങ്കേതിക തയാറെടുപ്പുകളും അനുകൂലമായാൽ ഒരാഴ്ചക്കുള്ളിൽ പരീക്ഷണം നടത്താനാകുമെന്ന് ഇസ്രോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: