ലഖ്നൗ: ഉത്തർപ്രദേശിൽ ഉയർന്ന താപനിലയിൽ നിന്നും രക്ഷനേടുന്നതിനായി ലഖ്നൗ പൊലീസ് ഉദ്യോഗസ്ഥർക്ക് എസി ഹെൽമറ്റ്. ഉഷ്ണ തരംഗങ്ങളിൽ നിന്നും രക്ഷനേടുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ലഖ്നൗ ട്രാഫിക് പൊലീസാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ എസി ഹെൽമറ്റ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ നാല് ഹെൽമറ്റുകളാണ് വിതരണം ചെയ്തത്. ഹസ്രത്ഗഞ്ചിലെ അടൽ ചൗക്കിലെ ഡ്യൂട്ടി ട്രാഫിക് ഉദ്യോഗസ്ഥർക്കാണ് ഹെൽമറ്റ് നൽകിയത്.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഹെൽമറ്റ് ധരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആവശ്യാനുസരണം കൂടുതൽ ഹെൽമറ്റുകൾ നൽകാനാണ് വകുപ്പിന്റെ നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ കാൺപൂർ ട്രാഫിക് പൊലീസിനും എസി ഹെൽമറ്റ് നൽകിയെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ അജയ് കുമാർ പറഞ്ഞു. പരീക്ഷണം വിജയകരമായാൽ സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥർക്ക് ഇവ എത്തിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
ഐഐഎം വഡോദരയിലെ വിദ്യാർത്ഥികളാണ് ഹെൽമറ്റ് രൂപകൽപ്പന ചെയ്തത്. എട്ട് മണിക്കൂർ വരെ ഒറ്റ ചാർജിംഗിലൂടെ ഉപയോഗിക്കാനാകും. തലയിലേക്ക് തണുപ്പ് ലഭിക്കുന്നതിനായി ഹെൽമറ്റിൽ എസി വെന്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ സൂര്യരശ്മികളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്നതിനായി തൊപ്പിയും ഇതിനൊപ്പമുണ്ട്. അരയിൽ വയ്ക്കുന്ന ബാറ്ററിയാണ് ഹെൽമറ്റിന്റെ പ്രവർത്തനത്തിന് പിന്നിൽ. എട്ട് മണിക്കൂർ കൂടുമ്പോൾ ഹെൽമറ്റ് റീചാർജ് ചെയ്യേണ്ടതായി വരും.
ഹെൽമറ്റിൽ സ്ഥാപിച്ചിട്ടുള്ള എസി 10 മുതൽ 15 ഡിഗ്രി വരെ താപനില കുറയ്ക്കാൻ സഹായിക്കും. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും 500-ഓളം ഹെൽമറ്റുകൾ വാങ്ങാനാണ് നീക്കം. സാധാരണ ഹെൽമറ്റുകളെ അപേക്ഷിച്ച് പകുതി മാത്രമാണ് ഇതിന്റെ ഭാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: