ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ പുതി പരീക്ഷണത്തിന് തുടക്കം കുറിച്ച് നാവികസേന. പുതിയ പരീക്ഷണ കപ്പലിന്റെ പ്രവർത്തനമാണ് നാവികസേനയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ഇത്തരത്തിലൊരു സംവിധാനം ആദ്യമായാണ് പ്രാബല്യത്തിൽ വരുന്നത്. നാവികസേന വികസിപ്പിച്ചെടുത്ത സോണാർ സംവിധാനമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്.
കുളമാവിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയിലാണ് സബ്മേഴ്സിബിൾ പ്ലാറ്റ്ഫോം ഫോർ അക്വസിറ്റിക് ക്യാരക്ടറൈസേഷൻ ആൻഡ് ഇവാല്യുവേഷൻ സജ്ജമാക്കിയിരിക്കുന്നത്. വെള്ളത്തിനടിയിലെ വസ്തുക്കളുടെ ശബ്ദതരംഗങ്ങൾ വിശകലനം ചെയ്യുന്നതിനാണ് പ്രധാനമായും സോണാർ സംവിധാനം ഉപയോഗിക്കുന്നത്. അണക്കെട്ടുകളിൽ ഇറക്കി ഗവേഷണം നടത്താനാകുന്ന കപ്പലിന്റെ ചെറിയ പതിപ്പാണ് കുളമാവിൽ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ,ഹെലികോപ്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരീക്ഷണ കപ്പലിന് ആവശ്യമായ ഘടകങ്ങൾ നിർമ്മിച്ചത്. തുടർന്ന് ഇവ കുളമാവിൽ എത്തിച്ച് സംയോജിപ്പിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ സോണാർ സംവിധാനത്തിലെ സെൻസറുകളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനായാണ് ഇവ ഉപയോഗിക്കുകയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
60 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് പരീക്ഷണ കപ്പൽ സജ്ജമാക്കിയിരിക്കുന്നത്. നൂറ് മീറ്റർ വരെ ആഴത്തിൽ താഴ്ന്ന് കിടക്കാൻ ഇതിനാകുമെന്നതും മറ്റൊരു സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: