ഊതിക്കുമെന്നറിഞ്ഞിട്ടും മദ്യപിച്ചെത്തിയ 137 കെഎസ്ആര്‍ടിസി ജീവനക്കാരുടെ ധിക്കാരത്തിനു കൊടുക്കണം ഒരു പുരസ്കാരം. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തരുതെന്നും മറിച്ചായാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും കെഎസ്ആര്‍ടിസി മുന്നറിയിപ്പു നല്‍കിയിട്ടും മദ്യപിച്ചെത്തുന്നവരുടെ എണ്ണം കൂടുകയാണ് ചെയ്തത്. ബസ് ഡ്രൈവര്മാരടക്കമാണ് പിടിയിലായതെന്നത് ജനങ്ങളുടെ ജീവന് വച്ച് കളിക്കാന്‍ തങ്ങള്‍ക്കൊരു മടിയുമില്ലെന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണ്.
രാവിലെ ഡ്യൂട്ടിക്ക് എത്തുന്നവരെ ബ്രീത്തലൈസര്‍ ഉപയോഗിച്ച് മദ്യപരിശോധന നടത്താന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി 20 സ്ക്വാഡുകളെയാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്. ആദ്യ മൂന്നു ദിവസത്തിനിടെ പിടിയിലായത് 42 ജീവനക്കാരാണ്. ഇത്രയും പേര് പിടിയിലായ സ്ഥിതിക്ക് ഇനിയാരും മദ്യപിച്ചെത്തില്ലെന്നാണ് എല്ലാവരും ധരിച്ചത്. എന്നാല്‍ ഇതൊക്കെ എന്ത് എന്ന മട്ടില്‍ നിയമലംഘനം നടത്താന്‍ ഇപ്പൊഴും ജീവനക്കാര്‍ ധൈര്യം കാണിക്കുന്നുവെന്നത് അതിശയിപ്പിക്കുന്നതാണ്.
ആരോ പിന്നില്‍ നിന്ന് ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന സംശയം ജനിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത. ഇന്നലെ നടന്ന പരിശോധനയില്‍ 137 ജീവനക്കാരെയാണ് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്. മദ്യപിച്ച് എത്തുക മാത്രമല്ല മദ്യം ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്തുവെന്നും കണ്ടെത്തി.
ഒരു ഇന്‍സ്പെക്ടര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാര്‍ ഒരു സ്റ്റേഷന് മാസ്റ്റര്‍, ഒരു സാര്‍ജന്റ്, 9 മെക്കാനിക്കുകള്‍, 32 സ്ഥിരം കണ്ടക്ടര്‍മാര്‍, 13 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍, ഒരു സിഫ്റ്റ് കണ്ടക്ടര്‍, 41 സ്ഥിരം ഡ്രൈവര്‍മാര്‍, 14 താല്‍ക്കാലിക ഡ്രൈവര്‍മാര്‍, 8 സിഫ്റ്റ് ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് ഇന്നലെ പിടിയിലായത്. ഇതില്‍ സ്ഥിരം ജവനക്കാരായ 97 പേരെ സസ്പെന്‍ഡ് ചെയ്യുകയും താല്‍ക്കാലികരായ 40 പേരെ പിരിച്ചുവിടുകയും ചെയ്തു. നിലവില്‍ ജോലിക്ക് എത്തുന്ന സ്ത്രീകള്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരെയും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: