കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ ഒരു വോട്ട് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തി ചെയ്തെന്ന പരാതിയില്‍ പോളിങ് ഓഫീസറെയും ബിഎല്‍ഒയെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് സസ്പെന്‍ഡ് ചെയ്തു. പോളിങ് ഓഫീസര്‍ ജോസ്ന ജോസഫ്, ബിഎല്‍ഒ കെ. ഗീത എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫീസര്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തു. കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ക്രമക്കേടിന് കൂട്ടുനിന്നുവെന്നാണ് പരാതി.
70 ാം നമ്പര്‍ ബൂത്തില്‍ 1420 നമ്പര്‍ വോട്ടറായ 86 വയസുള്ള വി.കെ. കൃഷ്ണന്റെ ഭാര്യ കെ. കമലാക്ഷിയുടെ വോട്ട് മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ ബോധപൂര്‍വ്വം ബിഎല്‍ഒ നേതൃത്വം കൊടുത്തുവെന്നാണ് പരാതി. ഈ മാസം 15 ന് കെ. കമലാക്ഷിയുടെ വോട്ട് ചെയ്യിക്കാനെന്ന വ്യാജേന ഇതേ ബൂത്തിലെ 1148 നമ്പര്‍ വോട്ടറായ കൃഷ്ണകൃപയിലെ ഗോവിന്ദന് നായരുടെ ഭാര്യ വി. കമലാക്ഷിയുടെ വീട്ടിലേക്കാണ് ബിഎല്‍ഒ ഗീത തെര. ഉദ്യോഗസ്ഥരെ കൂട്ടികൊണ്ടുപോയത്. യഥാര്‍ത്ഥ വോട്ടറായ കെ. കമലക്ഷിയുടെ വോട്ട് വി. കമലാക്ഷിയെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് അസി. കളക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ. രാജ്, അസി. റിട്ടേണിങ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ആര്. ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951 ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി.
കഴിഞ്ഞ ദിവസം കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ വരുന്ന കല്യാശ്ശേരി പഞ്ചായത്തിലെ 164 ാം ബൂത്തായ പാറക്കടവിലെ എടക്കാടന്‍ ഹൗസില്‍ ദേവി (92) യുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഗണേശന് രേഖപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്‍ഡിഎ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ ഏജന്റായ അഡ്വ. എം. മനോജ്കുമാര്‍ വരാണാധികാരിയായ കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോളിങ് ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് പുതിയ ക്രമക്കേട് പുറത്തുവന്നത്. ഇടത് വലത് മുന്നണികള്‍ തങ്ങളുടെ അനുകൂല സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: