ആചാര്യപാദരുടെ (ശ്രീശങ്കരാചാര്യര്‍) ആവിര്‍ഭാവകാലത്ത് ഭാരതമെന്ന നമ്മുടെ നാടിന്റെ സ്ഥിതി എന്തായിരുന്നു എന്ന് മനസ്സിരുത്തി ചിന്തിച്ചതിനുശേഷം വേണം ആ മഹാപുരുഷന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെയും പ്രസക്തിയെയും നോക്കിക്കാണുന്നതും വിലയിരുത്തുന്നതും. പൊതുവേ ആ മഹാത്മാവിന്റെ ജീവിതത്തിലെ അദ്ഭുതാവഹവും അലോകസാമാന്യവുമായ സംഭവങ്ങള്‍ വിവരിച്ചു തുടങ്ങുകയാണ് പതിവ്. അതിന് കാരണം വിദ്യാരണ്യസ്വാമികളുടെ (വിജയനഗര സാമ്രാജ്യത്തിലെ അഖില ശാസ്ത്ര പാരംഗതനായിരുന്ന മന്ത്രിയും വേദവ്യാഖ്യാതാവായ സായണാചാര്യരുടെ ജ്യേഷ്ഠഭ്രാതാവുമായിരുന്ന മാധവാചാര്യരുടെ) ശങ്കരദിഗ്വിജയം, ചിദ്വിലാസയതിയുടെ ശങ്കരവിജയവിലാസം, ആനന്ദഗിരിയുടെ ഗുരുദിഗ് വിജയം, ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതം, രാജചൂഡാമണി ദീക്ഷിതരുടെ ശങ്കരാഭ്യുദയം തുടങ്ങിയ കൃതികള്‍ മാത്രമേ ഭഗവത്പാദരുടെ ജീവിതത്തെക്കുറിച്ച് അടിസ്ഥാന സ്രോതസ്സുകളായി നമുക്ക് ലഭിച്ചിട്ടുള്ളൂ എന്നുള്ളതും അവയില്‍ ഏറിയ കൂറും അമാനുഷ സംഭവങ്ങളുടെ വര്‍ണനകളും മറ്റുമാണ് അടങ്ങിയിട്ടുള്ളത് എന്നുള്ളതുമാണ്.
ചരിത്രപരമായ ഹൈന്ദവ സംസ്കൃതിയുടെയും ധര്‍മ്മത്തിന്റെയും പരമായ പശ്ചാത്തലത്തിലാണ് ഭഗവത്പാദരുടെ പ്രവൃത്തികളെ നോക്കിക്കാണുന്നതിന് ഇവിടെ ശ്രമിക്കുന്നത്.
അന്നത്തെ ഭാരതം
അദ്ദേഹത്തിന്റെ ആവിര്‍ഭാവകാലത്ത് അതായത് 8ാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെയും ഭാരതീയ ജനതയുടെയും സ്ഥിതി എന്തായിരുന്നു എന്ന് പരിശോധിക്കാം. ലോകത്തിലെ ആദ്യതീര്ത്ഥനഗരമായ കാശിയിലേക്കും മറ്റും സാഹസികമായി തീര്ത്ഥയാത്രനടത്തുന്ന ജനങ്ങളില്‍ ഭാരതഭൂമിയെപ്പറ്റി ഒരു സങ്കല്പം നിലനിന്നിരുന്നു എന്ന് ഒരുപക്ഷേ പറയാമെങ്കിലും ഭാരതത്തെപ്പറ്റിഭൂമിശാസ്ത്രിപരമായ ഒരവബോധമോ അതിന്റെ അതിരുകളെക്കുറിച്ച് ഒരു ധാരണയോ ജനങ്ങള്‍ തമ്മിലുള്ള ഒരു ഐക്യബോധമോ ഉണ്ടായിരുന്നില്ല. (കാളിദാസമഹാകവി ‘രഘുവംശം’ നാലാം സര്‍ഗത്തില്‍ രഘുചക്രവര്ത്തിയുടെ ദിഗ്വിജയം വര്ണിക്കുമ്പോള് അദ്ദേഹം വടക്ക് സിന്ധുതീരത്ത് നിന്ന് ഹിമാലയം വരെയും കിഴക്ക് സുഹ്മ (ബര്‍മ്മാ) ദേശവും കലിംഗവും ജയിച്ച് തെക്ക് പാണ്ഡ്യദേശത്തിലുംകേരളത്തിലും തന്റെ ആധിപത്യം അംഗീകരിപ്പിച്ചതിനുശേഷം പടിഞ്ഞാറ് ഹൂണന്മാരെയും പാരസികന്മാരെയും (പേര്‍ഷ്യക്കാരെയും) ജയിച്ച് കപ്പം വാങ്ങിയിരുന്നതായി വര്ണിച്ചിട്ടുള്ളതില് നിന്നും അവിടംവരെ ഒരുകാലത്ത് ഭാരതം വ്യാപിച്ചിരുന്നു എന്നും മനസ്സിലാക്കാം. തന്നെയല്ല ഗാന്ധാര ദേശവും (ഖണ്ഡഹാര്‍) പാണിനി മഹര്‍ഷി ജനിച്ച ശാലാതുരീയമെന്ന സ്ഥലമുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളും ഭാരതത്തിന്റെ ഭാഗമായിരുന്നതെന്നായി ചില ലക്ഷ്യങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു എന്ന് വാദിക്കാമെങ്കിലും ഒരു പൊതുധാരണയൊന്നും നിലനിന്നിരുന്നില്ല. ഭാരതത്തിനുള്ളില്‍ തന്നെ ചില സാമ്രാജ്യങ്ങള്‍ സ്ഥാപിതമായപ്പോള്‍ കുറച്ചുകാലത്തേയ്ക്ക് അവിടം ഏകോപിതമായിരുന്നു എന്നും പറയാമെന്നല്ലാതെ ഭാരതം എന്ന സങ്കല്പം അപ്പോഴൊന്നും ചരിതാര്ത്ഥമായിരുന്നില്ല.) ചുരുക്കത്തില്‍ ഒരേ സങ്കല്പത്തില് ഈ നാട് ഒന്നായിത്തീരുകയോ ഭാരതീയമായ വിവിധ ചിന്താധാരകളുടെ സമന്വയമോ ഐകരൂപ്യമോ ജനങ്ങളില്‍ ഏകത്വബോധമോ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ ശബ്ദാവലിയില്‍ പറഞ്ഞാല്‍ ഒരു ദേശീയതയോ അഥവാ ഒരു രാഷ്ട്രീയബോധമോ നിലനിന്നിരുന്നില്ല. അപ്പോള്‍ പിന്നെ ജനങ്ങളെ ആവേശിച്ചിരുന്ന ഒരു വികാരം ധര്മ്മത്തെപ്പറ്റിയായിരുന്നു. അതാകട്ടെ പലതരത്തിലും സംഘര്‍ഷഭരിതവുമായിരുന്നു.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘ഹൈന്ദവ സംസ്കൃതിയുടെയും ധര്‍മ്മത്തിന്റെയും സ്ഥാപകരും പോഷകരുമായ മൂന്നു മഹാമനീഷികള്‍ ‘എന്ന അധ്യായത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: