മഹാവിഷ്ണുവിന്റെ ശക്തിചൈതന്യം ഭക്തജനരക്ഷ ചെയ്യുന്ന സന്നിധിയാണ് തൃശൂരിലെ എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രം. ഇവിടെ എല്ലാവര്‍ഷവും നടക്കുന്ന ദശാവതാരം ചന്ദനച്ചാര്‍ത്ത് തൊഴുത് മോക്ഷപ്രാപ്തിയും ജീവിത ഉന്നതിയും നേടാന്‍ നിരവധി ഭക്തജനങ്ങളാണെത്തുന്നത്. കുടുംബസമേതം ഭഗവാന്റെ എല്ലാ അവതാരങ്ങളും ചന്ദനച്ചാര്‍ത്തും ദര്‍ശിക്കുന്നത് ശാന്തിക്കും സൗഖ്യത്തിനും കുടുംബഭദ്രതക്കും സകല ഐശ്വര്യങ്ങള്‍ക്കും ഉത്തമമത്രെ.
500 വര്‍ഷത്തിലധികം പഴമക്കമുണ്ട് എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന്. നരസിംഹാവതാരമെടുത്ത് ഹിരണ്യനിധനത്തിനു ശേഷം, ബാലനായ പ്രഹഌദന്റെ നിഷ്കളങ്കവും സുദൃഢവുമായ ഭക്തി കണ്ട് രൗദ്രസംഹാര ഭാവങ്ങളെ പ്രതിസംഹരിച്ച് പ്രസന്നനായി വാത്സല്യപൂര്‍വ്വം വരം നല്കി അനുഗ്രഹിക്കുന്ന മഹാപ്രഭുവിന്റെ ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ഉപദേവനായി ശ്രീമഹാഗണപതി കന്നിരാശിയില്‍ ക്ഷേത്രത്തിനകത്തു തന്നെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പുറത്ത് മതില്‍ക്കെട്ടിനകത്ത് കലിയുഗ വരദനായ ശ്രീധര്‍മശാസ്താവിന് മിഥുനം രാശിയിലും, ധനുരാശിയില്‍ ത്രിഗുണ സമന്വിതയായ ശ്രീദുര്‍ഗാ ഭഗവതിക്കും പ്രത്യേകം ശ്രീകോവിലുകളില്‍ പ്രതിഷ്ഠയുണ്ട്. അതുപോലെ, രക്ഷസിനും നാഗദേവതകള്ക്കുമുണ്ട് പ്രത്യേകം പ്രതിഷ്ഠകള്‍. അല്പം മാറി ക്ഷേത്രത്തിന്റെ കീഴേടമായി പരദേവതാ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ദശാവതാരം ചന്ദനച്ചാര്‍ത്ത് ദര്‍ശിച്ച് ഭഗവാന്റെ അനുഗ്രഹം നേടാനായി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. ചന്ദന ചാര്‍ത്തുകള്‍ ക്ഷേത്രങ്ങളില്‍ ഉണ്ടാകാറുണ്ടെങ്കിലും ദശാവതാരം ചന്ദനച്ചാര്‍ത്ത് ചെയ്യുന്ന ക്ഷേത്രങ്ങള്‍ മധ്യകേരളത്തില്‍ അപൂര്‍വമാണ്. 10 അവതാരങ്ങളും ഓരോ ദിവസവും കണ്‍കുളിര്‍ക്കെ കണ്ട് ഭഗവാനിലേക്ക് സ്വയം സമര്‍പ്പിക്കാനാണ് വിശ്വാസികള്‍ എത്തുന്നത്. കഴിഞ്ഞ 6 വര്‍ഷമായി ഇവിടെ നടക്കുന്ന ദശാവതാരം ചന്ദനച്ചാര്‍ത്തില്‍ മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്, പരശുരാമന്, ശ്രീരാമന്, ബലരാമന്, ശ്രീകൃഷ്ണന്, കല്‍ക്കി എന്നീ അവതാര രൂപങ്ങള്‍ ഭഗവത് പ്രതിഷ്ഠയില്‍ ചന്ദനം ചാര്‍ത്തി ദര്‍ശിക്കാനാകും. എല്ലാ അവതാരങ്ങളും എല്ലാ നിവേദ്യങ്ങളും ദര്ശിച്ചാലുള്ള ഫലം തരുന്ന വിശ്വരൂപദര്‍ശനവും അവസാന ദിവസം ഉണ്ടാകും. എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ദശാവതാരം ചന്ദനച്ചാര്‍ത്ത് ഈമാസം 29 മുതല്‍ മെയ് 10 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: