അലഹബാദ്: സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ച ഒവൈസ് ഖാന് എതിരായ കേസ് പിന്‍വലിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഒവൈസ് ഖാന്റെ ആവശ്യം തള്ളിയ ഹൈക്കോടതി യുവാവ് മനഃപൂര്‍വ്വം മതപരമായ അവഹേളനം ഉണ്ടാക്കി എന്ന് വ്യക്തമാക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെ വിശ്വാസങ്ങളെ അധിക്ഷേപിച്ചതിന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഒവൈസ് ഖാന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പ്രശാന്ത് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. വിവിധ സമുദായങ്ങളുടെ മതവിശ്വാസങ്ങളുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോടതി ഊന്നിപ്പറഞ്ഞു. ഇത്തരം പെരുമാറ്റം വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കേണ്ടത് ജുഡീഷ്യറിക്ക് അനിവാര്യമാണ്. അങ്ങനെ ചെയ്യുന്നവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
മതവിശ്വാസം എല്ലാ പൗരന്മാര്ക്കും പ്രധാനമാണ്. എന്നാല്‍ ഒരു വ്യക്തി മറ്റൊരു മതത്തെ അവഹേളിച്ചാല്‍ അത് മതേതരത്വത്തിനും സഹിഷ്ണുതക്കും ഗുരുതരമായ അപമാനമാണ്. കുറ്റാരോപിതനായ ഒവൈസ് ഖാന് മതവിശ്വാസങ്ങള്‍ അവഗണിച്ചു. ഇത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അപകീര്‍ത്തികരമായ പ്രസ്താവന പോസ്റ്റ് ചെയ്യുന്നതിലൂടെ അപേക്ഷകന്റെ പെരുമാറ്റം ബാധിച്ച സമുദായത്തിന്റെ മതവികാരത്തെ അവഹേളിക്കുക മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തുരങ്കംവയ്ക്കുകയും ചെയ്യുന്നതാണ്, കോടതി ചൂണ്ടിക്കാട്ടി.
ഒവൈസ് ഖാന് കാശി വിശ്വനാഥനെയും, ഹിന്ദു സമൂഹത്തെയുമാണ് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചത്. റോഡിലെ ഡിവൈഡറിനെ ശിവലിംഗത്തോട് ഉപമിക്കുകയും ഹിന്ദുക്കളെ കളിയാക്കുകയുമായിരുന്നു. കേസില്‍ 2022 സപ്തം. രണ്ടിന് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2023 ജനുവരി 13ന്, വിചാരണ കോടതി സമന്‍സ് അയച്ചു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒവൈസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: