– തീരദേശ മേഖലയുടെ ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം
– തൊഴിലവസരങ്ങൾക്കും നൈപുണ്യ വികസനത്തിനും ഊന്നൽ
– തിരുവനന്തപുരത്ത് കപ്പൽശാലയും ക്രൂസ് ടെർമിനലും
– പാർപ്പിടം, ആരോഗ്യം, ടൂറിസം മേഖലകൾക്ക് വൈവിധ്യമാർന്ന പദ്ധതികൾ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി അടുത്ത വർഷത്തേക്ക് നടപ്പാക്കുമെന്നുറപ്പുള്ള വികസര രേഖയുമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വലിയതുറയിൽ നടന്ന പൊതുസമ്മേളനത്തിൽ വികസന രേഖ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവൽ പ്രകാശനം ചെയ്തു. പൊതുജനങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാണ് തിരുവനന്തപുരത്ത ഏഴ് നിയമസഭാ മണ്ഡലങ്ങളുടേയും ഹ്രസ്വ, ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ഉൾപ്പെടുത്തി വികസന രേഖയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
പ്രത്യേകം സജ്ജീകരിച്ച ബോട്ടിൽ ഫ്രാൻസിസ്, യോഹന്നാൻ, സ്റ്റീഫൻ എന്നീ മൂന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് വികസന രേഖ വലിയതുറയിൽ എത്തിച്ചത് വേറിട്ട അനുഭവമായി. തിരുവനന്തപുരം മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളേയും ഉൾപ്പെടുത്തി, ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവും കലാപരവുമായ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വികസനരേഖയാണ് രാജീവ് ചന്ദ്രേശഖർ അവതരിപ്പിച്ചത്. സമുദ്രമേഖല, സെമികണ്ടക്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഐ.ടി രംഗം, അത്യാധുനിക ടെക്നോളജിക്കൽ ഇന്നോവേഷൻ കേന്ദ്രം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ടെക്സ്റ്റൈൽ, വ്യോമയാന മേഖല, റോഡ്, മെട്രോ, മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ തുടങ്ങി സർവതല സ്പർശിയായ വികസന രേഖയാണിത്.
ഇത് വെറും വാഗ്ദാനങ്ങളല്ല, അടുത്ത അഞ്ച് വർഷം ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങളാണിത്. ജൂൺ അഞ്ചിന് റിസൾട്ട് വന്ന് പുതിയ മോദി സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിയാകുന്ന ഞാൻ ഇതുവച്ചായിരിക്കും ജോലി ആരംഭിക്കുക, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യമേഖല, എൻജിഒകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് ഈ സമഗ്ര വികസന രേഖ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി അടുത്ത അഞ്ചു വർഷത്തേക്ക് വോട്ടർമാർ എനിക്ക് അവസരം നൽകുമെന്നാണ് പ്രതീക്ഷ, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരമാർഗങ്ങളാണ് വേണ്ടത്. കുടിവെള്ളം, പാർപ്പിടം, ആരോഗ്യം എന്നീ ആവശ്യങ്ങൾ നിറവേറ്റി സാധാരണക്കാരുടെ ജീവിതത്തിലും പുരോഗതി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗരേഖയാണീ വികസന രേഖ, രാജീവ് പറഞ്ഞു.
പ്രധാന പദ്ധതികൾ
. മറൈൻ സെസ്
. വിഎസ്എസ് സിയിൽ ന്യൂ ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്റർ
. ആക്കുളം സി-ഡാക്കിൽ ഫ്യൂച്ചർ ലാബുകൾ
. വലിയതുറ ഹാർബർ
. പൂവാർ കപ്പൽ ശാല
. വിഴിഞ്ഞം ക്രൂസ് ടെർമിനൽ
. മാരിടൈം ആന്റ് ഫിഷറീസ് സ്കില്ലിങ് സെന്റർ
. ബാലരാമപുരം കൈത്തറി വ്യവസായ കേന്ദ്രത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് ആന്റ് ഡിസൈനിങ് കേന്ദ്രം
. നെയ്യാറ്റിൻകരയിൽ എയിംസ്
. കാരോട് ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ യൂനിറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: