തൃശൂര്‍: പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നപ്പോള്‍ കുടമാറ്റത്തില്‍ ദൃശ്യമായത് മാസ്മരികമായ സൗന്ദര്യം. അയോധ്യയിലെ രാമക്ഷേത്രം മുതല്‍ ഭാരതത്തിന്റെ അഭിമാനമായ ചാന്ദ്രയാന്‍ വരെ കുടമാറ്റത്തില്‍ സ്ഥാനം പിടിച്ചപ്പോള്‍ തെക്കെ ഗോപുരനടയില്‍ എത്തിയ ജനലക്ഷങ്ങള്‍ക്ക് സമ്മാനിച്ചത് ആനന്ദത്തിന്റെയും ആത്മനിര്‍വൃതിയുടെയും നിമിഷങ്ങള്‍.
വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ തെക്കേഗോപുര നടയിലേക്ക് ജനസാഗരം ഒഴുകുകയായിരുന്നു. പൂരനഗരിയിലെ മാരിവില്ലിന് ഏഴല്ല, എഴുന്നൂറ് വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വര്‍ണക്കുടകളുടെ മാറ്റത്തിന് സാക്ഷികളാകാനുള്ള പ്രയാണം.
പോലീസ് ഒരുക്കിയ കനത്ത സുരക്ഷക്കിടയില്‍ അക്ഷമരായി ജനസാഗരം ചുട്ടുപൊള്ളുന്ന വെയിലിലും കാത്തുനിന്നു. ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ പൂരത്തിലെ സമ്മോഹന വിരുന്നിനായി. ചൂടിന്റെ പെരുക്കത്തില്‍ ആവേശം പകര്‍ന്ന് 4.40 ഓടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലൂടെ പാറമേക്കാവ് ഭഗവതി 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്കത്തെിയതോടെ ആവേശം അണപൊട്ടി.
അതിന് അകമ്പടിയായി പാണ്ടിമേളവും അരങ്ങേറി. അല്പനേരത്തിന് ശേഷം ആനകള്‍ ഗോപുരനടയില്‍ നിരന്നു. തുടര്‍ന്ന് സാമ്പിള്‍ പോലെ കുറച്ച് കുടകള്‍ മാറി.അല്പസമയത്തിന് ശേഷം തെക്കോട്ടിറക്കം. അതിനിടയില്‍ നിയന്ത്രിക്കാനായി പോലീസ് കെട്ടിയ കയര്‍ അഴിച്ചതോടെ പൂരപ്രേമികള്‍ ഒന്നടങ്കം മൈതാനത്തിലേക്കിറങ്ങി നിയന്ത്രണങ്ങളുടെ സീമ അലിഞ്ഞില്ലാതായതിന്റെ ആഹഌദത്തില്‍ നൃത്തം ചവിട്ടി. ആനകളും ഒപ്പം മേളവും താഴേക്കിറങ്ങി മഹാരാജാവിന്റെ പ്രതിമയെ വലംവെച്ച് റോഡില്‍ നിരന്നു. 5.30 ഓടെ തിരുവമ്പാടി ചന്ദ്രശേഖരനും മറ്റ് 14 കരിവീരന്മാരും വടക്കുന്നാഥന്റെ തെക്കേഗോപുരനട കടന്ന് പുറത്തിറങ്ങി അതിന് മുന്നില്‍ നിരന്നു.
കാത്തിരിപ്പിന് വിരാമമിട്ട് ആറുമണിയോടെ കുടകള്‍ ഉയര്‍ന്നു. ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന കുടമാറ്റം വര്‍ണ്ണ വിസ്മയങ്ങളുടെ മേള കാഴ്ചയായി. ആദ്യം പാറമേക്കാവ് വിഭാഗം കുട ഉയര്‍ത്തിയപ്പോള്‍ തിരുവമ്പാടി പ്രതികരിച്ചില്ല. പാറമേക്കാവിന്റ രണ്ടും മൂന്നും കുട ഉയര്‍ന്നപ്പോള്‍ തിരുവമ്പാടി വര്‍ണ വൈവിധ്യമുള്ള മറുപടി നല്കി. പിന്നെ വര്‍ണങ്ങളുടെ മത്സരമായിരുന്നു.
ഉണ്ണിക്കണ്ണനും അനന്തശയനവും അയോധ്യയിലെ ബാലകരാമനും എല്ലാമായി വൈവിധ്യത്തിന്റെ പുതിയതലം തീര്‍ത്ത് തിരുവമ്പാടി ആവേശം കൂട്ടിയപ്പോള്‍ നിലക്കുടകളുമായി പാറമേക്കാവും കാഴ്ചക്കാരെ കൈയിലെടുത്തു. അയോധ്യയിലെ ബാലകരാമന്റെ മാതൃകയിലുളള കുടകള്‍ ഇരു വിഭാഗങ്ങളും ഉയര്‍ത്തി. തിരുവമ്പാടി രാമക്ഷേത്രത്തിന്റെ മാതൃക ഉയര്‍ത്തിയത് കാഴ്ചക്കാരില്‍ ആവേശം സൃഷ്ടിച്ചു. അവസാനമായി തിരുവമ്പാടി ഉയര്‍ത്തിയ ചാന്ദ്രയാന്റെ മാതൃക കാഴ്ച്ചക്കാരില്‍ ദേശീയതയും ശാസ്ത്രാവബോധവും ഉയര്‍ത്തുന്നതായിരുന്നു. ഭാരതത്തിന്റെ ചന്ദ്രയാന്‍ പൂരാശംസകള്‍ എന്ന് എഴുതിയാണ് ചാന്ദ്രയാന്റെ മാതൃകയിലുളള കുട ഉയര്‍ത്തിയത്.
ചുവപ്പും വെള്ളയും മഞ്ഞയും നീലയും പച്ചയും പിന്നെ അതിന്റെ അനുബന്ധ വര്‍ണങ്ങളിലുമുള്ള കുടകളും ദൈവങ്ങളുടെ ചിത്രം തുന്നിയ കുടകളും മാറിയും മറിഞ്ഞും ആലവട്ടത്തിനും വെഞ്ചാമരത്തിനുമൊപ്പം ഉയര്‍ന്ന് ആകാശത്ത് വിസ്മയം തീര്‍ത്തപ്പോള്‍ പൂരപ്രേമികളുടെ മനസ്സ് നിറഞ്ഞു.
15 സ്പെഷല്‍ കുടകള്‍ ഉള്‍പ്പെടെ 60 സെറ്റ് കുടകളാണ് മാറ്റിയത്. ലൈക്ര, സിയോണ്‍, ബനാറസ്, പടയണി, ഫെര് തുടങ്ങിയ വിദേശ തുണികള്‍ കൊണ്ട് നിര്‍മിച്ച കുടകളും വര്‍ണം വിതറി. ഒന്നര മണിക്കൂറോളം പൂരപ്രേമികള്‍ക്ക് നയനവിരുന്ന് ഒരുക്കിയാണ് കുടമാറ്റം അവസാനിച്ചത്. കുടമാറ്റം കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. ഓരോ കുടകള്‍ മാറി മാറി അവതരിപ്പിച്ചപ്പോള്‍ കാണാനെത്തിയവര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയും കൈയിലുളള വിശറികള്‍ വാനിലേക്ക് വലിച്ചെറിഞ്ഞും ആവേശം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: