പയ്യന്നൂര്‍ : മലബാറിലെ പ്രബല സമുദായമായ തിയ്യ സമുദായത്തിന്റെ ക്ഷേത്രങ്ങള്‍, കാവുകള്‍, മുത്തപ്പന് മടപ്പുരകള്‍ എന്നിവിടങ്ങളിലെ ആചാരാനുഷ്ഠാനാങ്ങള്‍ തകര്‍ക്കാനും രാഷ്ട്രീയവല്കരിക്കുവാനുമുള്ള നീക്കം അവസാനിപ്പിക്കണമെന്ന് തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ തിയ്യ സമുദായത്തിന്റെ ഏറ്റവും പ്രബല ക്ഷേത്രങ്ങളില്‍ ഒന്നായ കുഞ്ഞിമംഗലം മല്ലിയോട്ട്, പാലോട്ട് കാവില്‍ കുറെ നാളുകളായി ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിച്ചു കൊണ്ട് രാഷ്ട്രീയ അജണ്ടകള്‍ നടപ്പില്‍ വരുത്തുവാനുള്ള ശക്തമായ നീക്കം നിരന്തരം നടക്കുന്നത് ഏറെ ആശങ്കയോടെ ആണ് വിശ്വാസികള്‍ കാണുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ഗൂഢനീക്കങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിന്മാറണമെന്നും തിയ്യ സമുദായത്തിനും ഇതര സമുദായ ക്ഷേത്രങ്ങളെ പോലെ സ്വതന്ത്രമായി ആചാരങ്ങള്‍ നടത്തുവാന്‍ കഴിയണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് തിയ്യ മഹാസഭ നേതൃത്വം നല്‍കുമെന്നും ഗണേഷ് അരമങ്ങാനം മുന്നറിയിപ്പ് നല്കി. പടന്ന തെക്കേക്കാട് മുത്തപ്പന് മടപ്പുരയില്‍ സമാനമായ രാഷ്ട്രീയ കടന്നുകയറ്റത്തിലൂടെ സംഘര്‍ഷാന്തരീക്ഷം ഉണ്ടാക്കിയതിനെ തുടര്‍ന്ന് മടപ്പുര മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അത് പോലെ തിയ്യ സമുദായ ശ്മശാനങ്ങളെ പൊതു ശ്മശാനങ്ങള്‍ ആക്കുവാനുള്ള അട്ടിമറി നീക്കവും പല സ്ഥലത്തും പുരോഗമിക്കുന്നു. ഇതൊക്കെ ഉടന്‍ അവസാനിപ്പിക്കണമെന്നും ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: