തൃശൂര്‍: തേക്കിന്‍കാട് മൈതാനം പൂരപ്രേമികളെ കൊണ്ടു നിറഞ്ഞു. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയന് മാരാരും സംഘവും തീര്‍ത്ത താളമേള വിസ്മയം വൈകിട്ട് 4.3ഓടെ പൂര്‍ത്തിയായി. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം നീണ്ടുനിന്നത്.
വന്‍ ജനക്കൂട്ടമാണ് താളമേളം ആസ്വദിക്കാനെത്തിയത്.
തൃശൂര്‍ പൂരത്തിന്റെ ആകര്‍ഷണമായ കുടമാറ്റമാണ് ഇനി. വൈകിട്ട് 5.30ഓടെയാണ് ഏവരും കാത്തിരിക്കുന്ന കുടമാറ്റം നടക്കുക.കുടമാറ്റം കാണുന്നതിനായി ഇതിനോടകം തന്നെ വടക്കുനാഥ ക്ഷേത്ര ഗോപുര നടയക്ക് മുമ്പിലായും തൃശൂര്‍ റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തുമായി ആളുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ധാരാളം വിദേശികളാണ് പൂരം കാണാന്‍ തൃശൂരിലെത്തിയിട്ടുളളത്. ഇവര്‍ക്കായി പ്രത്യേക പവലിയനും ജില്ലാ ഭരണകൂടം ഒരുക്കി.
രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമായത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയില്‍ സംഗമിച്ചു. തുടര്‍ന്ന് ആഘോഷമായി മഠത്തില്‍വരവും നടന്നു. ഇതിനുശേഷമാണ് ഇലഞ്ഞിത്തറമേളം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: