കൊല്ലം: ശക്തമായ ത്രികോണമത്സരം നടക്കുന്ന കൊല്ലം ലോക്സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിന് പിന്തുണയുമായി കുടുംബം.
ഭാര്യ സിന്ധു, മക്കള്‍ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, അഹാന കൃഷ്ണ, അന്‍സിക കൃഷ്ണ എന്നിവരാണ് കൊല്ലത്ത് എത്തിയത്. സിന്ധു സംരംഭകയും അഹാനയും ഇഷാനിയും സിനിമാതാരങ്ങളും ദിയയയ്ക്കും അന്‍സികയ്ക്കും സാമൂഹ്യമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്സാണുള്ളത്.
ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട കുടുംബം വൈകിട്ട് കുണ്ടറ കേരളപുരത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ റാലിയില്‍ പങ്കെടുത്തു. ഇന്നുമുതല്‍ കശുവണ്ടി ഫാക്ടറികളില്‍ എത്തിയും കുടുംബയോഗങ്ങളില്‍ പങ്കെടുത്തും പരസ്യ പ്രചാരണത്തില്‍ സജീവമാകും. കൊല്ലത്തെ അനാഥാലയങ്ങളും സന്ദര്‍ശിക്കും.
ഭാര്യയും മക്കളും എത്തിയതില്‍ വളരെ സന്തോഷവാനാണെന്ന് ജി. കൃഷ്ണകുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അവസാന പത്തുദിവസം എല്ലാ തിരക്കുകളും മാറ്റിവച്ച് പ്രചാരണത്തിന് എത്താമെന്ന് മക്കള്‍ പറഞ്ഞിരുന്നു.
മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളേക്കാള്‍ വൈകിയാണ് പ്രചരണ രംഗത്ത് എത്തിയത്. അതിനാല്‍ പരമാവധി പേരിലേക്ക് എത്താനായിരുന്നു ശ്രമം. ഡിജിറ്റല്‍ മീഡിയയിലൂടെ അതിന് സാധിച്ചിട്ടുണ്ട്. ഞാന്‍ ആരാണെന്നും സമൂഹത്തിനായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നുമെല്ലാം ഇതിനകം ജനം മനസിലാക്കിയിരിക്കുന്നു.
വളരെ ഉത്സാഹത്തോടെ, ബൂത്തുതലത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിലും വലിയ പിന്തുണ ലഭിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ അടിയൊഴുക്ക് നടക്കുന്ന ഒരു മണ്ഡലമായിരിക്കും കൊല്ലമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് വളരെ സാധ്യതയുള്ള മണ്ഡലമാണിത്. എന്നാല്‍, ഇതുവരെ വിജയിച്ചവര്‍ ഇതിനായി ഒന്നും ചെയ്തിട്ടില്ല. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് റെയില്‍, ദേശീയപാത വികസനങ്ങള്‍ നടന്നത്. ഈ വികസന പ്രവര്‍ത്തനങ്ങളുടെ അവകാശം ഏറ്റെടുത്ത് ഫഌക്സ് വയ്ക്കുക മാത്രമാണ് എംപി എന്‍.കെ. പ്രേമചന്ദ്രന് ചെയ്യുന്നത്.
കശുവണ്ടി മേഖലയില്‍ തൊഴിലാളികളുടെയും മുതലാളിമാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കേന്ദ്രത്തില്‍ ശക്തമായ ഇടപെടല്‍ നടത്തും. കേന്ദ്ര കശുവണ്ടി വികസന കോര്പ്പറേഷന് രൂപീകരണം ഉള്‍പ്പെടെയുള്ള ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. കടലോര മേഖലയിലെ പ്രശ്നങ്ങള്‍ ശാശ്വതമായും സുസ്ഥിരമായും പരിഹരിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. തെരഞ്ഞെടുപ്പിനുശേഷം ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ വലിയ അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥിത്വം ഒരാള്‍ കുത്തകയാക്കിയിരിക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. അതിനാല്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് എന്‍ഡിഎയ്ക്ക് അനുകൂലമായി വലിയ അടിയൊഴുക്ക് ഉണ്ടാകും. എല്‍ഡിഎഫിലെ അതൃപ്തരും എന്‍ഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു.
നല്ല പ്രതീക്ഷയുണ്ട്: സിന്ധു
കൃഷ്ണകുമാര്‍ കൊല്ലത്ത് ജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്ന് ഭാര്യ സിന്ധു പറഞ്ഞു. കൊല്ലം ജനതയില്‍ നിന്ന് വലിയ സ്നേഹമാണ് ലഭിക്കുന്നത്. സ്ത്രീകളുടെ പിന്തുണ എടുത്തുപറയേണ്ടതാണ്. പുതുമുഖമായിട്ടും കൃഷ്ണകുമാറിനെ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. എവിടെ ചെന്നാലും വലിയ ജനക്കൂട്ടം എത്തുന്നത് പോസിറ്റീവ് ആണ്.
അടിസ്ഥാന സൗകര്യവികസനത്തില്‍ കേരളം വളരെ പിന്നിലാണ്. കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. റോഡ് വികസനം ഉള്‍പ്പെടെ ഇപ്പോഴാണ് നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വികസനവുമായി താരതമ്യം ചെയ്താല്‍ നാം എത്ര പിന്നിലാണെന്ന് മനസ്സിലാകും.
വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഉള്‍പ്പെടെ കേരളം വളരെ പിന്നിലാണ്. ഇതിനാലാണ് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നമ്മുടെ കുട്ടികള്‍ അന്യദേശങ്ങളില്‍ പോയി കഷ്ടപ്പെടുന്നത്. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ വലിയ മാറ്റമാണ് കൊണ്ടുവരുന്നതെന്നും അവര്‍ പറഞ്ഞു.
അച്ഛന് നല്ല പിന്തുണ ലഭിക്കുന്നു: ദിയ
പ്രചാരണം വളരെ പോസിറ്റീവ് ആണെന്നും അച്ഛനു നല്ല പിന്തുണ ലഭിക്കുന്നതായും മകള്‍ ദിയകൃഷ്ണ പറഞ്ഞു. വിജയസാധ്യതയുണ്ടെന്ന് ബിജെപി അനുഭാവികളല്ലാത്ത സുഹൃത്തുക്കള്‍ പോലും പറയുന്നു. അച്ഛന്റെ പ്രസംഗങ്ങളും പെരുമാറ്റവുമെല്ലാം ജനങ്ങളില്‍ മതിപ്പ് വര്‍ധിപ്പിച്ചിരിക്കുന്നു.
സേവനം പ്രവര്‍ത്തനം ചെയ്യാന്‍ ചെറുപ്പം മുതലെ അച്ഛന് പഠിപ്പിച്ചിരുന്നു. അത് ജീവിതത്തില്‍ പാലിച്ചുവരുന്നു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ നടനായ അച്ഛനെയാണ് കണ്ടുവന്നിരുന്നത്. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. അതിനാല്‍ നടനായ അച്ഛനെയാണ് കൂടുതലിഷ്ടമെന്നും ദിയ പറഞ്ഞു.
സാമുഹ്യമാധ്യമ ഉപയോഗം സൂക്ഷിക്കണം: അഹാന
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കണമെന്ന് മകള്‍ അഹാനകൃഷ്ണ പറഞ്ഞു. സാമൂഹ്യ മാധ്യമത്തെ നല്ല രീതിയില്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, മുഖമില്ലാത്തവരായെത്തി ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഇവരെ സൂക്ഷിക്കണം. തെറ്റാണെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇവരുടെ പ്രചാരണം. ഇരകളാക്കപ്പെടുന്നവരുടെ സ്ഥാനത്ത് സ്വന്തം കുടുംബത്തെ കണ്ടാല്‍ പ്രശ്നം തീരും. ദുരുപയോഗം ഒഴിവാക്കാന്‍ ഓരോരുത്തരും ചിന്തിക്കണമെന്നും അഹാന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: