കൊടും ചൂടാണ് പാലക്കാട്ട്… എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ ചെര്‍പ്പുളശ്ശേരി മണ്ഡലത്തിലെ പ്രചരണത്തിനു തുടക്കം കുറിക്കുമ്പോള്‍ ആ ചൂടൊന്നും പ്രവര്‍ത്തകരെ ബാധിച്ചില്ല. കരുമാനാംകുറുശ്ശി സ്കൂള്‍പ്പടിയിലായിരുന്നു ഉദ്ഘാടനം. തെളിമയുള്ള ചിരിയുമായി പാലക്കാടിന്റെ വികസന നായകന് എത്തുന്നതും കാത്ത് സ്വീകരണകേന്ദ്രങ്ങളില്‍ വലിയ തിരക്ക്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം.
കൃഷ്ണകുമാര്‍ എത്തുന്നതിന് മുമ്പുതന്നെ മധ്യമേഖല സെക്രട്ടറി ടി. ശങ്കരന്‍കുട്ടിയുടെ വാചാലമായ പ്രസംഗം. കൃഷ്ണകുമാര്‍ എത്തിയപ്പോഴേക്ക് ആവേശത്തിന്റെ ഊഷ്മാവ് ഉയര്‍ന്നു. ‘ഭാരത്മാതാ കീ ജയ്…’, ‘വന്ദേമാതരം… വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. വാക്കുകളില്‍ പിശുക്കാണ് സികെയ്ക്ക്. പ്രവര്‍ത്തിച്ച് നടപ്പാക്കുക അതാണ് ശീലം. സ്വീകരണകേന്ദ്രങ്ങളില്‍ ചെറിയ വാക്കുകളില്‍ പറയാനുള്ളത് പറയും. ബാക്കിയെല്ലാം കൂടെയുള്ള പ്രസംഗകര്‍ക്ക് വിട്ടു നല്‍കും. സങ്കടം പറയാന്‍ വരുന്നവരോടും പരാതിക്കാരോടും മറുപടി ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കും. ‘നോക്കാം…’ എന്നോ മറ്റോ. പക്ഷേ ആ വാക്ക് കൃഷ്ണകുമാര്‍ നല്കുന്ന പരിപൂര്‍ണ ഉറപ്പാണ്. അതാണ് കൃഷ്ണകുമാറിന്റെ വിജയം.
കുടിവെള്ളമാണ് പ്രശ്നം
കൃഷ്ണകുമാര്‍ പങ്കുവെച്ചത് പാലക്കാട് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഡാമുകളുള്ള പാലക്കാട് ജില്ലയില്‍ കുടിവെള്ളത്തിനായി പതിനായിരക്കണക്കിന് വീട്ടുകാര്‍ അനുഭവിക്കുന്ന ദുര്യോഗം കൃഷ്ണകുമാര്‍ വിശദീകരിച്ചു. ചെല്ലുന്നിടത്തെല്ലാം കേള്‍ക്കുന്ന പരാതി വെള്ളത്തെക്കുറിച്ചാണ്. ഈയൊരുവസ്ഥ ഉണ്ടാകരുതെന്നാണ് മോദിയുടെ കാഴ്ചപ്പാട്. അതിനായാണ് ജല്‍ജീവന്‍ മിഷന് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായി ചെര്‍പ്പുളശ്ശേരിയില്‍ നടപ്പാക്കുന്ന 132 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും അവതരിപ്പിച്ചു.
കരുമാനാംകുറുശ്ശി തെരുവിലെത്തിയപ്പോഴേക്കും ചൂട് കനത്തുതുടങ്ങി. പക്ഷെ, അതിനെ വെല്ലുവിളിച്ചാണ് ജനപങ്കാളിത്തം. മോദിയുടെ വികസനം പാലക്കാടും എത്തണം. അതിനായി നിങ്ങളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വോട്ട് ഉറപ്പാക്കണം. കൈയടിച്ച് ജനക്കൂട്ടം. വെള്ളിനേഴിയിലെ സ്വീകരണം റോഡരികിലെ മരച്ചുവടത്തില്‍. പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന മരങ്ങളുടെ തണലില്‍ നിരനിരയായി നാട്ടുകാര്‍. ഏറെ നേരമായി കാത്തുനില്ക്കുന്നവര്. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുവാന്‍ വലിയ തിരക്ക്. ചാമക്കുന്നില്ലെത്തിയപ്പോള്‍ സ്ത്രീകളുടെ വലിയ തിരക്ക്. കുഞ്ഞുകുട്ടികളുമായി എത്തിയ അമ്മമാരും ധാരാളം. എല്ലാവര്ക്കും കൃഷ്ണകുമാറിനെ കാണണം, കേള്‍ക്കണം. നിഷ്കളങ്ക ചിരിയുമായി കൃഷ്ണകുമാര്‍ നിന്നു. അമ്മമാര്‍ക്ക് സന്തോഷമായി. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ കൃഷ്ണകുമാര്‍ വിശദീകരിച്ചു.
ജനങ്ങള്‍ക്കറിയാം സികെയെ
മുറിയങ്കണ്ണിയില്‍ നല്ല വെയിലില്‍ നിന്നുകൊണ്ടുതന്നെ കൃഷ്ണകുമാര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ചൂടില്ലെന്ന മട്ടില്‍. വേനലല്ലേ… വെള്ളം കുടിക്കണമെന്ന് സര്‍ക്കാര്‍ പറയും. എന്നാല്‍ എവിടെയാണ് കുടിവെള്ളം? കുടിവെള്ളമെത്തിക്കാന്‍ എന്താണ് പദ്ധതി? ഇതൊന്നും അവരുടെ കൈവശമില്ല. ജനങ്ങള്‍ എവിടെനിന്നെങ്കിലും സംഘടിപ്പിക്കണമെന്ന മട്ടാണ്. ഇതിനൊരു പരിഹാരം ഉണ്ടാകണ്ടെ? അതിന് നിങ്ങള്‍ വിചാരിച്ചാലെ കഴിയൂ. രണ്ട് മുന്നണികളെയും മാറിമാറി ജയിപ്പിച്ചിട്ടും എന്താണ് നേട്ടമുണ്ടായത്? നിങ്ങള്‍ ആലോചിക്കണം. അതിനനുസരിച്ച് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം, കൃഷ്ണകുമാര്‍ ഓര്‍മിപ്പിച്ചു.
ആശാന്‍പടി പോലുള്ള പ്രദേശങ്ങളില്‍ മരങ്ങളുടെ തണലിലായിരുന്നു സ്വീകരണമെങ്കില്‍ പുത്തന്‍കുളം പോലുള്ളിടത്ത് പന്തല്‍ ഒരുക്കിയിരുന്നു.
ചെര്‍പ്പുളശ്ശേരി മണ്ഡലത്തിലെ പര്യടനം
കാറല്‍മണ്ണ സെന്ററിലും വടക്കുമുറിയിലുമാണ് സമാപിച്ചത്. ഇതിനിടയില്‍ പ്രമുഖ വ്യക്തികളെ ആദരിക്കാനും സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തി. സര്‍പ്പംപാട്ട് കലാകാരന്മാരായ രാവുണ്ണി, വിശാലാക്ഷി, കര്‍ഷകശ്രീ ശ്രീകുമാര്‍ ചുണ്ടയില്‍, റോഷന്, കഥകളി കലാകാരന് സദനം ഭാസി എന്നിവരെയാണ് ആദരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പുതന്നെ മണ്ഡലത്തില്‍ ഒരുവട്ട പര്യടനം നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിച്ച കേരളയാത്രക്ക് സമാപനമായി ഉപയാത്ര പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ചതിനാല്‍ ഓരോ പ്രദേശത്തെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും അവധാനതയോടെ പഠിച്ച് അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. കുടിവെള്ളമാകട്ടെ, വ്യവസായമാകട്ടെ, റോഡ്, വന്യമൃഗശല്യം… തുടങ്ങി നാട്ടുകാര്‍ നേരിടുന്ന പ്രശ്നങ്ങളറിയാം. നാലുതവണയായി 20 വര്‍ഷം നഗരസഭാ കൗണ്‍സിലറും അഞ്ചുവര്‍ഷം വൈസ് ചെയര്‍മാനും ആയിരുന്നതിനാല്‍ കൃഷ്ണകുമാറിനെ ജനങ്ങള്‍ക്കുമറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: