മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ സ്ഥാപിച്ച ഫലസ്തീന് ഐക്യദാര്‍ഢ്യ ബോര്‍ഡുകള്‍ ജൂത വിദേശ വനിത നശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഒരു വിഭാഗം നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തത്. ഐ.പി.സി.153 വകുപ്പ് പ്രകാരമാണ് കേസ്.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ കലഹമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുകയെന്നതാണ് നിര്‍വചനം. തിങ്കളാഴ്ച രാത്രിയാണ് ഫോര്‍ട്ട്കൊച്ചി കടപുറത്തും കമാലക്കടവിലും സ്ഥാപിച്ച മൂന്ന് ബോര്‍ഡുകള്‍ വിദേശ വനിത നശിപ്പിച്ചത്. ഓസ്ട്രിയന്‍ സ്വദേശിനിയും ജൂത വംശജയുമായ ഷിലാന്സിയാണ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. ബോര്‍ഡു
കള്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്തെങ്കിലും ഇവര്‍ നടപടി തുടരുകയായിരുന്നുവെന്നാണ് പറയുന്നത്.
ബോര്‍ഡുകള്‍ സ്ഥാപിച്ച സംഘടന ഇത് സംബന്ധിച്ച് ഫോര്‍ട്ട് കൊച്ചി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കുവാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷനു മുന്നില്‍ ഒരുകൂട്ടം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും കേസെടുക്കാതെ പിരിഞ്ഞ് പോകില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
എഫ്.ഐ.ആറില്‍ പ്രതിയെ സംബന്ധിച്ച കോളത്തില്‍ അജ്ഞാത എന്ന് രേഖപ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കി. പോലീസ് കസ്റ്റഡിയില്‍ ഉള്ള വിദേശ വനിതയെ പിന്നീട് ഹോംസ്റ്റേയിലേക്ക് മാറ്റി. ഇവര്‍ ഇപ്പോഴും പൊലിസ് നിരീക്ഷണത്തിലാണ്. വിദേശ പൗരയായതിനാല്‍ അവരുടെ രാജ്യത്തെ എംബസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഉന്നത തല ചര്‍ച്ചകള്‍ നടക്കുകയാണ്.
നിലവിലെ വകുപ്പ് പ്രകാരം സ്റ്റേഷന് ജാമ്യം നല്‍കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാം. കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനമെങ്കില്‍ ഉടന്‍ ഹാജരാക്കുമെന്ന് മട്ടാഞ്ചേരി അസി.കമ്മിഷ്ണര്‍ കെ.ആര് മനോജ് പറഞ്ഞു. ജൂത വിദേശ വനിത ഫലസ്തീന് ഐക്യദാര്‍ഢ്യ ബോര്‍ഡ് നശിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: