കാസര്‍കോട്: ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഭയാര്‍ത്ഥികളുടെ അവസ്ഥയിലേക്ക് മാറുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. താളിപ്പടുപ്പ് മൈതാനത്ത് എന്‍ഡിഎ കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷംകൊണ്ട് ഭാരതത്തെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനും 2047ല്‍ വികസിത രാഷ്ട്രമാക്കാനും ലക്ഷ്യമിട്ടുള്ള പ്രകടനപത്രികയാണ് ബിജെപിയുടേത്. കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വോട്ടര്‍മാര്‍ക്ക് കഴിയണം, അദ്ദേഹം പറഞ്ഞു.
കേരളം മുതല്‍ കശ്മീര്‍വരെ രാമനവമി ആഘോഷം നടക്കുകയാണ്. രാമന് നമ്മുടെ സാംസ്കാരിക നായകന് കൂടിയാണ്. എന്നാല്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇത് മനസിലാകുന്നില്ല. രാമക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തവരൊക്കെയും നിഷ്കാസനം ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല, അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ നാലുകോടി വീടുകള്‍ നിര്‍മിച്ചു, മൂന്നുകോടി കൂടി നിര്‍മിക്കും. കോടിക്കണക്കിന് കര്‍ഷകര്‍ കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായി. ഇത് തുടരും. 70 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ചികിത്സാ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും, അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അന്തസായ ജീവിതം നയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റി. രണ്ടക്ക വോട്ടിങ് ശതമാനത്തില്‍നിന്ന് രണ്ടക്ക സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയായി കേരളത്തിലെ ബിജെപി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് രവീശ് തന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി, ബിജെപി സഹപ്രഭാരി നളീന്‍ കുമാര്‍ കട്ടീല്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: