വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ല, ലംഘിക്കാനുള്ളതാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുന്നതായിരുന്നു വിവിധ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇതായിരുന്നു അവസ്ഥ. ഗരീബി ഹഠാവോ പോലുള്ള കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ ജനവഞ്ചനയുടെ നിത്യസ്മാരകങ്ങളാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അതിനു മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിസ്മരിക്കും. പുതിയ വാഗ്ദാനങ്ങള്‍ നല്‍കും. ഇത് പലപ്പോഴും പുതിയ കുപ്പിയിലെ പഴയ വീഞ്ഞായിരിക്കും. പൊതുജനങ്ങളുടെ ഓര്‍മശക്തി കമ്മിയാണെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പഴയതൊന്നും നടപ്പാക്കാതെ പുതിയ വാഗ്ദാനങ്ങളുമായി അവരെ സമീപിക്കാന്‍ യാതൊരു മടിയും മനഃസാക്ഷിക്കുത്തും ഉണ്ടാവാറില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ ഓരോ തെരഞ്ഞെടുപ്പു പ്രകടന പത്രികയും വാഗ്ദാനങ്ങളുടെ ശവപ്പറമ്പുകളായിരിക്കും. ഇതിനൊരു മാറ്റം കൊണ്ടുവന്നത് ബിജെപിയും നരേന്ദ്ര മോദിയുമാണ്. വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി അഴിമതിയില്‍ മുങ്ങിക്കിടന്ന പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനുശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അതിവേഗം ബഹുദൂരം മുന്നോട്ടുപോവുകയുണ്ടായി. അഴിമതി ഭരണത്തിന് അന്ത്യംകുറിക്കുമെന്നതായിരുന്നു 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജനങ്ങള്‍ക്കു നല്കിയ വലിയ വാഗ്ദാനങ്ങളിലൊന്ന്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന മോദി സര്‍ക്കാരിന് ഭരണരംഗം അഴിമതിമുക്തമാക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അധികാരത്തുടര്‍ച്ച ലഭിച്ച മോദി സര്‍ക്കാര്‍ ഈ ദൗത്യം തുടരുകയുമാണ്.
കശ്മീരിനു മാത്രം ബാധകമായ വിവേചനപരമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കല്‍, എല്ലാ പൗരന്മാര്ക്കും ബാധകമാകുന്ന ഏകീകൃത സിവില്‍ നിയമം കൊണ്ടുവരല്‍ എന്നിവ പ്രകടനപത്രികയില്‍ ബിജെപി ആവര്‍ത്തിച്ചു നല്കിയ വാഗ്ദാനങ്ങളായിരുന്നു. നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങളാണ് ഇവയെന്നു പറഞ്ഞ് എതിരാളികള്‍ ബിജെപിയെ പരിഹസിക്കുകയും ചെയ്തുപോന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി തന്റെ ഭരണകാലത്തുതന്നെ അയോദ്ധ്യയില്‍ രാമക്ഷേത്രവും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. മുസ്ലിം വനിതകളെ നിത്യനരകത്തില്‍ തള്ളിയിടുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം പോലുള്ള നടപടികളിലൂടെ ഏകീകൃത സിവില്‍ നിയമത്തിലേക്ക് രാജ്യം മുന്നേറുകയുമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കുന്നതിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ്. വാഗ്ദാനങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ മൂന്നാംമൂഴത്തിനുള്ള ജനവിധി തേടുന്ന പ്രകടനപത്രിക ബിജെപി പുറത്തിറക്കിയിട്ടുള്ളത്. ‘മോദിയുടെ ഗ്യാരന്റി’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ പ്രകടനപത്രികയില്‍ വനിതകള്‍, യുവാക്കള്‍, അവഗണിക്കപ്പെടുന്നവര്‍, കര്‍ഷകര്‍ എന്നിവരുടെ ക്ഷേമം മുന്‍നിര്‍ത്തി മുഖ്യമായും പതിനാല് വാഗ്ദാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മുദ്ര വായ്പയുടെ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തുമെന്നതും, 70 വയസ്സു കഴിഞ്ഞവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നതും പ്രധാന വാഗ്ദാനങ്ങളാണ്. കര്‍ഷകക്ഷേമം മുന്‍നിര്‍ത്തിയുള്ള പിഎം ഫസല്‍ ബീമയോജന ശക്തിപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നു. ഇന്ധന വില കുറയ്ക്കുമെന്നത് മറ്റൊരു സുപ്രധാന വാഗ്ദാനമാണ്.
‘സങ്കല്‍പ്പപത്ര’ എന്നു പേരിട്ടിരിക്കുന്ന ബിജെപിയുടെ പ്രകടനപത്രികയുടെ മുഖമുദ്ര വിശ്വാസ്യതയാണ്. അടുത്തിടെ വലിയ ചര്‍ച്ചാ വിഷയമായ ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന വ്യവസ്ഥ കൊണ്ടുവരുമെന്നതാണ് മറ്റൊരു പ്രമുഖ വാഗ്ദാനം. പരീക്ഷാ പേപ്പര്‍ ചോരുന്നത് തടയാന്‍ നിയമംകൊണ്ടുവരുമെന്നതാണ് മറ്റൊരു വാഗ്ദാനം. മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തെ അടിസ്ഥാനമാക്കി 25 വര്‍ഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളാണ് പ്രകടനപത്രിക വിഭാവനം ചെയ്യുന്നത്. 2047 ല്‍ ഭാരതത്തെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ച്ചപ്പാടാണ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നത്. ഓരോ ഭാരതീയന്റെയും അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള മോദിയുടെ ഉറപ്പുകളാണ് പ്രകടനപത്രികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ജനക്ഷേമത്തിന്റെ കാര്യത്തില്‍ ഐതിഹാസിക നേട്ടങ്ങളാണ് മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം നീട്ടുമെന്ന പ്രഖ്യാപനം ഇതിലൊന്നാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നാലുലക്ഷം വീടുകളാണ് ഇതുവരെ നിര്‍മിച്ചത്. മൂന്നുലക്ഷം വീടുകള്‍കൂടി നിര്‍മിക്കുമെന്ന് പ്രകടനപത്രിക ഉറപ്പുനല്‍കുന്നു. വിശ്വാസ്യതയില്ലാതെയും വിനാശകരവുമായ വാഗ്ദാനങ്ങള്‍ കുത്തിനിറച്ച കോണ്‍ഗ്രസ് പ്രകടന പത്രികയില്‍നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ബിജെപി പ്രകടനപത്രിക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മാത്രമായി 370 സീറ്റും എന്‍ഡിഎ സഖ്യത്തിന് 400 സീറ്റും നേടാനുള്ള ആത്മവിശ്വാസം ഇതില്‍ പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: