കൊല്ലം: പ്രകൃതിയും വ്യക്തിയും ഈശ്വരനുമായി പരസ്പരം ബന്ധപ്പെട്ടതാണ് നമ്മുടെ ആഘോഷങ്ങളെന്നും ഈ മൂന്ന് ഘടകങ്ങളെയും ഐക്യത്തോടെ കൊണ്ടു പോകാനായാല്‍ സമൂഹത്തില്‍ ശാന്തിയും സന്തോഷവും സമൃദ്ധിയും നിറയുമെന്നും മാതാ അമൃതാനന്ദമയി ദേവി.
വേള്‍ഡ് മലയാളി കൗണ്‍സിലുമായി സഹകരിച്ച് മാതാ അമൃതാനന്ദമയി മഠം ലോകമെമ്പാടുമായി നടത്തുന്ന വിഷുത്തൈനീട്ടം പദ്ധതിയുടെ ഭാഗമായി വിഷുദിനത്തില്‍ അമൃതപുരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി ദേവി.
ആത്മാവിനെപ്പറ്റി ബോധമുണ്ടാക്കുമ്പോള് പ്രകൃതിയോടുള്ള കടമ നിര്‍വഹിക്കാന്‍ നമ്മള്‍ക്ക് സാധിക്കും. മനുഷ്യനെ ഉണര്‍ത്താന്‍ ബോധവത്കരണം ആവശ്യമാണെന്നും ഇതിനായി പ്രകൃതി സംരക്ഷണത്തിനുള്ള സന്ദേശങ്ങള്‍ ലോകമെമ്പാടും എത്തുകയാണെന്നും അമ്മ പറഞ്ഞു. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ക്കും അയുദ്ധ് അംഗങ്ങള്‍ക്കും മാതാ അമൃതാനന്ദമയി ദേവി വൃക്ഷത്തൈകള്‍ സമ്മാനിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. നടയ്ക്കല്‍ ശശി, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ടി.പി. വിജയന്, ഇന്ത്യ റീജിയണ്‍ അധ്യക്ഷന്‍ ഡോ. ഡൊമിനിക് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
‘അടുക്കളയ്ക്കൊരു ചെറുതോട്ടം, അരികിലൊരു മഴക്കുഴി’ എന്ന സന്ദേശവുമായാണ് ഈ വര്‍ഷത്തെ വിഷുത്തൈനീട്ടം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ വിഷുത്തൈനീട്ടം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നുണ്ട്.
മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പച്ചക്കറി തൈകളും വൃക്ഷത്തൈകളും ലഭ്യമാക്കുന്നത്. പ്രകൃതിയോട് ആദരവും സ്നേഹവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാതാ അമൃതാനന്ദമയി മഠം 2015 ല്‍ വിഷുത്തൈനീട്ടം പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: