അന്ധം തമഃ പ്രവിശന്തി
യേ വിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ
യ ഉ വിദ്യായാം രതാഃ
(ശ്ലോകം 9)
(ഏവര് അവിദ്യയെ ഉപാസിക്കുന്നുവോ അവര്‍ അന്ധമായ തമസ്സിനെ പ്രാപിക്കുന്നു. യാവചിലരാകട്ടെ വിദ്യയില്‍ തല്‍പരരായിരിക്കുന്നുവോ അവര്‍ അതിനേക്കാളും കൂടുതലായിത്തന്നെയുള്ള ഇരുട്ടിനെ പ്രാപിക്കുന്നു.)
ഇവിടെ അവിദ്യയെ ഉപാസിക്കുന്നവര്‍ അതായത് ദ്രവ്യഗുണത്തോടുകൂടിയ ബാഹ്യപ്രകൃതിയുടെ ജ്ഞാനത്താല്‍ നയിക്കപ്പെടുന്നവരുടെ സ്ഥാനം ഇരുണ്ട ദ്രവ്യമയമായ തമോഗര്‍ത്തങ്ങള്‍ തന്നെയാണ്. അതായത് ആത്മതത്ത്വം അറിയാതെ മടങ്ങുന്ന ജീവന്മാര് സ്വാഭാവികമായും വെളിച്ചമില്ലാത്ത ലോകങ്ങളെ തന്നെ പ്രാപിക്കുന്നു. അതേസമയം നാശരഹിതമായ ജ്ഞാനത്തിന്റെ വഴിയേ ജീവിച്ചവര്‍ പ്രാപിക്കുന്നത് അതിനേക്കാളും വലിയ ഇരുട്ടിനെയാണ്.
നമ്മളിലുള്ള ദിവ്യതയിലേക്ക് എത്തിച്ചേരുവാന്‍ ചില തിരിച്ചറിയലുകളാണ് മുഖ്യമായും വേണ്ടത്. എന്താണ് ലോകജീവിതം? അത് ജഡവും ചൈതന്യവും ചേര്‍ന്ന് ഉണ്ടാക്കിയെടുക്കുന്ന ഒരു പ്രതിഭാസമാണ്. അതായത് ശൂന്യമായ ആകാശത്തില്‍ ചന്ദ്രനും സൂര്യനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഒരു വിശേഷമാണ് ഇവിടെ നടക്കുന്നത്. ജഡമായ ചന്ദ്രന് കണ്ണുകളായി രൂപപ്പെടുമ്പോള്‍ അതില്‍ ചൈതന്യമായ സൂര്യന് പ്രകാശിച്ച് ഈ ലോകമായി തെളിയുന്നു. ഇങ്ങനെ കണ്ണുകളായും കാഴ്ചകളായും മാറുകയും, അതോടൊപ്പം കാണുന്ന കാഴ്ചകളില്‍ നിന്നും ആശയങ്ങളായി ചിലതിനെ ‘തന്റേത്’ എന്ന് ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്ന ഭാവത്തില്‍ ഏകനായ ബോധം, മൂന്ന് വഴികളില്‍ കൂടി, ജീവന് അറിയാതെ നടത്തുന്ന വ്യവഹാരങ്ങളാണ് ലോകജീവിതങ്ങള്‍. ഇതില്‍ നിന്നുകൊണ്ട്, സ്വന്തം ചൈതന്യത്തെ വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമല്ല. അല്ല ഭൂരിപക്ഷം പേര്‍ക്കും സാധിക്കില്ല. അതിനാല്‍ രണ്ടിനേയും ഒന്നിച്ച് അനുഭവിച്ചുകൊണ്ട് ആ ലക്ഷ്യത്തെ നേടുവാനുള്ള ഒരു ഉപായത്തെ നല്കുവാനാണ് ഉപനിഷത്ത് ഉദ്ദേശിക്കുന്നത്. അതിലേക്ക് നാം വയ്ക്കേണ്ട ആദ്യത്തെ ചുവടാണ് ഈ ശ്ലോകം.
വിദ്യയെന്നും അവിദ്യയെന്നും പറയുന്നത് രണ്ട് ജ്ഞാനശാഖകളാണല്ലോ. അനശ്വരമായ നിങ്ങളിലെ പാരമാര്‍ത്ഥികസത്തയെ, കേന്ദ്രീകരിക്കുന്ന ജ്ഞാനത്തെയാണ് നമ്മള് വിദ്യയെന്ന് വിളിക്കുന്നത്. ആ വഴിയെ, ആദ്ധ്യാത്മിക മാര്‍ഗ്ഗമെന്നാണ് നമ്മള് വിശേഷിപ്പിക്കുന്നത്. എന്നാല്‍ നിങ്ങളിലെ ക്ഷണികമായ വ്യാവഹാരികസത്തയുടെ വഴിയാണ് രണ്ടാമത്തേത്. അത് ബാഹ്യപ്രകൃതിയില്‍ നിന്ന് നേടുന്ന ഭൗതികജ്ഞാനത്തിന്റെ മാര്‍ഗ്ഗമാണ്. ഇതിനെയാണ് അവിദ്യയെന്നും ലൗകികജ്ഞാനമെന്നും പൂര്‍വികര്‍ വിളിച്ചിരുന്നത്. (ഇന്ന്, ഇതിനെ മാത്രമാണ് ലോകം വിദ്യയായി കാണുന്നത്). നമ്മള് ഇത് രണ്ടിനേയും ഒന്നിച്ച് കാണുവാന്‍ വേണ്ടിയാണ് വിദ്യയ്ക്കും അവിദ്യയ്ക്കും ഇടയിലുള്ള വേര്‍തിരിവിനെ ബോധപൂര്‍വം ഇവിടെ മാറ്റിയിരിക്കുന്നത്. രണ്ടിനും പ്രത്യേകിച്ച് ഒരുമേന്മയുമില്ല. രണ്ടിന്റേയും അന്ത്യഫലം ഇരുട്ട് തന്നെയാണ്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ നാം ഞെട്ടിപ്പോകും. വിദ്യയ്ക്കും അവിദ്യയ്ക്കും ഒരേ സ്ഥാനമോ? കാരണം ഇതുവരെ പഠിച്ചിരുന്നത് പ്രകാരം, ഒരിക്കലും കൂട്ടിമുട്ടില്ലായെന്ന് ധരിച്ചിരുന്നതിനെയാണ്, ഇവിടെ ഒന്നിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. ഉപനിഷത്തിന്റെ ഈ ശ്രമത്തിന് പിന്നില്‍, വ്യാവഹാരികമായ ഇരുട്ടിനെ ശരിയായി അറിഞ്ഞാലേ നീയെന്ന പാരമാര്‍ത്ഥികമായ വെളിച്ചത്തില്‍ നിങ്ങള്‍ക്ക് എത്തുവാന്‍ കഴിയൂയെന്ന ദര്‍ശനമാണ്.
എന്താണ് ഇരുട്ട്?
ആദ്ധ്യാത്മിക ചിന്തകളില്‍ ‘ഇരുട്ട്’എന്നാല്‍ ജ്ഞാനമില്ലാത്ത, വെളിച്ചമില്ലാത്ത ഒരു അവസ്ഥയാണ്. ഭാരതീയരെ സംബന്ധിച്ച് ആ അവസ്ഥ മരണമാണ്, അമംഗളമാണ്. ആയതിനാല്‍ ആ പദവുമായി മനസ്സില്‍, ഒരകലം സൂക്ഷിക്കുന്നവരാണ് നമ്മളെല്ലാം. എന്നാല്‍ അതിനെ സ്വീകരിക്കേണ്ട അര്‍ത്ഥത്തില്‍ ഇവിടെ രണ്ടുതവണ ഉപയോഗിച്ചിരിക്കുന്നു. ഇനി വേര്‍തിരിച്ചറിയണമെങ്കില്‍ നമ്മിലെ ഉള്‍ക്കാഴ്ചയെ ഉപയോഗിച്ചാലേ സാധ്യമാകൂ. ഉപനിഷത്തിന് വേണ്ടതും അത് തന്നെയാണ്. ഉള്ക്കണ്ണ് കൊണ്ട്, നിന്നെ ചൂഴ്ന്ന് നില്ക്കുന്ന ഈ ഇരുളിനെ മാറ്റി, അതിനപ്പുറത്തേക്ക് നോക്കുവാന്‍ ശീലിക്കുക.
എങ്ങനെയെന്നാല്‍, ഈ ലോകജീവിതത്തിന്റെ വഴിയേയുള്ള നിന്റെ ഓട്ടം നീ തുടരുക. ക്ഷണികവും അനിവാര്യവുമായ ഭൗതികജ്ഞാനത്തിന്റെ പരിമിതികള്‍ അറിഞ്ഞുകൊണ്ട് തന്നെ നേടുകയും, ഒപ്പം നിന്നി ലെ അനശ്വരസത്തയിലേക്കുള്ള ജ്ഞാനത്താല്‍ സ്വഹൃദയത്തെ കൂടുതല്‍ കൂടുതല്‍ പ്രകാ ശിപ്പിച്ചുകൊണ്ടുമാകണം നീ ഓടേണ്ടത്. എന്നാല്‍ അറിയുക, എല്ലാ ഓട്ടങ്ങളും അവസാനം ഇരുള്‍മൂടിയ രാത്രികളില്‍ എത്തിച്ചേരും. പക്ഷേ, നിങ്ങള്‍ എത്തുന്നത് പ്രേതങ്ങളുടെ ഇരുണ്ട ലോകത്തായിരിക്കില്ല. അതിനേക്കാളും കൂടുതലായി ഇരുട്ട് ബാധിച്ച മറ്റോരിടത്തായിരിക്കും. അര്‍ത്ഥമാക്കുന്നത്.
മനുഷ്യന്റെ കാഴ്ചയില്‍ എത്തുന്നത് വെളിച്ചത്തില്‍ വരുന്നത് മാത്രമാണ്. അതായത് പ്രകാശത്തിന് അപ്പുറമുള്ളതൊന്നും നമ്മുടെ കാഴ്ചയ്ക്ക് വിഷയമാകാറില്ല. പ്രകാശംതന്നെ യഥാര്‍ഥത്തില്‍ സ്ഥലമാണ്. അത് സൂക്ഷ്മരൂപം ആര്‍ജിക്കുമ്പോള്‍ നമ്മുടെ കാഴ്ചയില്‍ നിന്ന് മറയും. അതുകൊണ്ടാണ് എക്സ്റേയും മറ്റും നമുക്ക് കാണുവാന്‍ കഴിയാത്തത്. അതുതന്നെയാണ് ഈ ലോക ത്തെ ചുറ്റി നില്ക്കുന്ന സത്യത്തിന്റെയും നില. ജ്യോതിസ്വരൂപമായ ബോധത്താല്‍ ഈ ലോകമെല്ലാം ആവൃതമാണെങ്കിലും അതിന്റെ അതിസൂക്ഷമ സ്വഭാവം കൊണ്ട്, ആ പരമ വെളിച്ചത്തെ ഇവിടെയുള്ള കണ്ണുകള്‍ക്ക് കാണുവാന്‍ കഴിയില്ല.
ബോധമെന്ന ജ്യോതിസ്സ്, പല ഘട്ടങ്ങളും താണ്ടിയാണ് പ്രകാശമെന്ന് നാം പറയുന്ന അവസ്ഥയില്‍ എത്തിയതും, പിന്നെ കാണുവാന്‍ കഴിയുന്ന രീതിയില്‍ ഈ ലോകത്തെ ചമയ്ക്കുകയും ചെയ്തത്. അതുകൊണ്ട് ഈ പ്രകാശത്തിന് മുമ്പുള്ള ഘട്ടങ്ങളൊന്നും നമ്മുടെ കാഴ്ചയില്‍ എത്തില്ല. അതിനാലാണ് അപാരമായ ഒരു ഇരുണ്ട ശൂന്യതയാല്‍ ഈ ലോകമെല്ലാം മൂടപ്പെട്ടതായി കാണുന്നത്. അന്തമില്ലാതെ വ്യാപിച്ച് കിടക്കുന്ന ശൂന്യമായ ഈ ആകാശം, സര്‍വവ്യാപിയായ ആ ചൈതന്യ ബോധസ്വരൂപം തന്നെയാണ്.
ഈ ജ്യോതിസ്സിനെ അറിയുവാനും ഉള്‍ക്കൊള്ളുവാനും സൂക്ഷ്മതലത്തിലുള്ളതിന് മാത്രമേ കഴിയൂ. അങ്ങനെയാണ് സൂക്ഷ്മനായ പ്രാണന് ആത്മചൈതന്യത്തെ നമ്മളില്‍ പ്രകാശിപ്പിക്കുവാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ, എപ്പോഴാണോ ഒരുവനിലെ ബോധം അതിന്റെ സൂക്ഷ്മമായ തലത്തെ ആര്‍ജിക്കുന്നത് (തപസ്സിലൂടെ നേടുന്നത് അതാണ്) അപ്പോള്‍ സര്‍വതും ആഴ്ന്ന് നില്ക്കുന്ന സ്വന്തം ചൈതന്യഭാവം ജീവന് വെളിവാകും. ചുരുക്കത്തില്‍ അനന്തമായ, അഗോചരമായ, അവധിയില്ലാതെ എങ്ങും നിറഞ്ഞു നില്ക്കുന്ന ആ ഈശ്വരചൈതന്യത്തെയാണ് വലിയ ഇരുട്ടായി നമ്മള് കാണുന്നതും, ഇവിടെ പറയുന്നതും. കാരണം ഒരു സൂര്യനല്ല കോടാനുകോടി സൂര്യന്മാര് ഒന്നിച്ച് നിന്ന് പ്രകാശിച്ചിട്ടും മാറാത്തതാണ് ഈ പ്രപഞ്ചത്തിലെ ഇരുട്ട്. വിദ്യയുടെ വഴിയേ സഞ്ചരിക്കുന്നവരെ കാത്തിരിക്കുന്നത് ആ വലിയ ഇരുട്ടാണ്. അവര്‍ കഥയുടെ അവസാനം തങ്ങളുടെ സൃഷ്ടിപരമായ പരിമിതിയേയും കടന്ന്, അജ്ഞാനത്തിന്റെ അന്ധകാരം മൂടിയ ഈ ആകാശത്തിനും അപ്പുറത്തുള്ള ലോകത്തിലേക്ക് ഉയരുമെന്നാണ് സൂചിപ്പിക്കുന്നത്.
സൂര്യരശ്മികള്‍ക്ക് എത്താന്‍ കഴിയാത്ത ആ മണ്ഡലമാണ് ‘ഈശാവാസ്യമിദം സര്‍വ്വം’ എന്ന ചിന്തയിലൂടെ സ്വന്തം ജീവിതം കൊണ്ട് മനുഷ്യന് നേടേണ്ടത്. അതുകൊണ്ട് നിന്നെ ചുറ്റിനില്ക്കുന്ന, ഈ ഇരുള്‍മൂടിയ ആകാശത്തെ പുണര്‍ന്നുകൊണ്ട് തന്നെ, അപ്പുറത്തേക്ക് നോക്കി നടക്കൂ. എന്തെന്നാല്‍ കാലത്തിന്റെ ഈ ബിന്ദുവില്‍ നില്ക്കുന്ന നിങ്ങള്‍ക്ക്, ഇരുട്ടാകുന്ന ഈ അവിദ്യയിലൂടെയേ വിദ്യയുടെ ആ ലോകത്തെത്തുവാന്‍ കഴിയൂ. അതാണ് ഉപനിഷത്ത് ഇരുട്ടിലൂടെ നമുക്ക് വേണ്ടതിനെ പറയുവാനുള്ള മുഖ്യകാരണം.
ആയതിനാല്‍ ജീവിത പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായമായി ഹൃദയത്തില്‍ കുറിക്കുക….. ‘ഈശാവാസ്യമിദം സര്‍വ്വം’. ഇനി ജീവിതമെന്ന ഓട്ടം തുടരാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: