ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഖജുരാഹോയില്‍ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. നേരത്തെ സമാജ്വാദി പാര്‍ട്ടിക്കുവേണ്ടി മാറ്റിവെച്ച സീറ്റില്‍ ഇന്ത്യ സഖ്യസ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ ആര്.ബി. പ്രജാപതിയെ പിന്തുണയ്ക്കാന്‍ തീരുമാനമായത്.
മീര യാദവിനെയായിരുന്നു മണ്ഡലത്തില്‍ എസ്പി. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നാമനിര്ദേശപത്രികയിലെ ഒരു പേജില്‍ ഒപ്പില്ലെന്നും പഴയ വോട്ടര്‍പട്ടിക സമര്‍പ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി മീര യാദവിന്റെ പത്രിക തള്ളി.
യാദവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണ് ഖജുരാഹോ. ഉത്തര്‍പ്രദേശിനോട് ചേര്‍ന്നു നില്ക്കുന്ന മണ്ഡലമെന്ന നിലയില്‍ കൂടിയാണ് സീറ്റ് എസ്പിക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: