ബര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായ ബുന്ദസ് ലിഗയില്‍ ചരിത്രം കുറിച്ച് ബെയര്‍ ലെവര്‍കുസന്റെ കിരീടധാരണം. ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ലെവര്‍കുസന്‍ ലീഗ് ചാമ്പ്യന്മാരാകുന്നത്. അഞ്ച് കളികള്‍ ബാക്കിനില്‍ക്കേയാണ് അവര്‍ ചരിത്ര കിരീടം സ്വന്തമാക്കിയത്. ലീഗിലെ 29-ാം പോരാട്ടത്തില്‍ വെര്‍ഡര്‍ ബ്രമനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ലെവര്‍കുസന്റെ കിരീടധാരണം.
ബുന്ദസ്‌ലിഗയില്‍ 11 വര്‍ഷമായി തുടരുന്ന ബയണ്‍ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ലെവര്‍കുസന്റെ മുന്നേറ്റം. സീസണില്‍ ഒരു കളി പോലും തോറ്റിട്ടില്ലാത്ത ടീമിന് ഇനിയും അഞ്ചു കളികള്‍ ബാക്കിയുണ്ട്. ഇതുവരെ കളിച്ച 29 കളികളില്‍ 25 എണ്ണവും ജയിച്ച അവര്‍ നാല് കളികളില്‍ സമനിലയും സ്വന്തമാക്കി. കളിച്ച മത്സരങ്ങളില്‍ നിന്ന് 79 പോയിന്റ് സ്വന്തമാക്കിയാണ് അവരുടെ കുതിപ്പ്. രണ്ടാമതുള്ള ബയണ്‍ മ്യൂണിക്കിന് 63 പോയിന്റാണുള്ളത്. ബാക്കിയുള്ള അഞ്ച് കളികളും ജയിച്ചാലും അവര്‍ക്ക് 78 പോയിന്റ് നേടാനേ കഴിയുള്ളൂ. മുന്‍പ് അഞ്ച് തവണ ബുന്ദസ് ലിഗയില്‍ രണ്ടാം സ്ഥാനത്തെത്തിയതായിരുന്നു ലെവര്‍കുസന്റെ മികച്ച പ്രകടനം. 2011ലാണ് അവര്‍ അവസാനമായി രണ്ടാം സ്ഥാനത്തെത്തിയത്.
വെര്‍ഡര്‍ ബ്രെമനെതിരായ മത്സരത്തില്‍ ഫ്‌ലോറിയന്‍ വിസ് നേടിയ ഹാട്രിക്കാണ് ലെവര്‍കുസനെ കിരീടത്തിലേക്ക് നയിച്ചത്.68, 83, 90 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് ഗോളുകള്‍. 25-ാം മിനിറ്റില്‍ വിക്ടര്‍ ബൊനിഫെയ്‌സിന്റെ പെനാല്‍റ്റി ഗോളിലൂടെയാണ് ലെവര്‍കുസന്‍ ആദ്യം മുന്നിലെത്തിയത്. 60-ാം മിനിറ്റില്‍ ഗ്രാനിറ്റ് സാക ലക്ഷ്യം കണ്ടു.
ബുന്ദസ്‌ലിഗയില്‍ മുന്‍പ് അഞ്ചു വട്ടം രണ്ടാം സ്ഥാനത്ത് എത്തിയ ടീമാണ് ലെവര്‍കുസന്‍. 2010-11 സീസണിലാണ് അവര്‍ അവസാനമായി രണ്ടാം സ്ഥാനത്തെത്തിയത്. 1904-ല്‍ ആരംഭിച്ച ലെവര്‍കുസന് ഇതിന് മുന്‍പ് ആകെ രണ്ട് കിരീട നേട്ടം മാത്രമാണുണ്ടായിരുന്നത്. 1988ലെ യുവേഫ കപ്പും 1993ലെ ജര്‍മന്‍ കപ്പുമാണ് അവര്‍ നേടിയിരുന്നത്. ജര്‍മന്‍ കപ്പില്‍ മൂന്ന് തവണ റണ്ണറപ്പായി. ജര്‍മന്‍ സൂപ്പര്‍ കപ്പിലും യുവേ- ചാമ്പ്യന്‍സ് ലീഗിലും ഓരോ തവണയും ര്ണ്ടാമതെത്തി. 1993ലെ ജര്‍മന്‍ കപ്പിനുശേഷം അവരുടെ ആദ്യ കിരീടമാണ് ബുന്ദസ് ലിഗ കിരീടമെന്ന പ്രത്യേകതയും ഉണ്ട്.
2022 ഒക്ടോബറില്‍ സാബി അലന്‍സോ എന്ന് വിഖ്യാത സ്പാനിഷ് താരം പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോള്‍ തരംതാഴ്‌ത്തല്‍ ഭീഷണിയിലായിരുന്നു ടീം. എന്നാല്‍ ഒന്നരവര്‍ഷത്തിനിപ്പുറം ടീമിനെ കിരീടത്തിലേക്ക് നയിച്ച് അത്ഭുതം കാണിച്ചു അലന്‍സോ.
ലിവര്‍പൂളിനും റയല്‍ മാഡ്രിഡിനും ബയേണ്‍ മ്യൂണിക്കും വേണ്ടി മധ്യനിരയില്‍ കളിമെനഞ്ഞ അനുഭവസസമ്പത്തുമായി എത്തിയ അലന്‍സോയുടെ തന്ത്രങ്ങളാണ് ഇത്തവണ ബയര്‍ ലെവര്‍കുസന്റെ കിരീടത്തിലേക്കുള്ള കുതിപ്പില്‍ നിര്‍ണായകമായത്. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെന്ന് അറിയപ്പെടുന്നവരൊന്നും ടീമിലില്ലെങ്കിലും ഉള്ളവരെ മികവും കുറവും തിരിച്ചറിഞ്ഞ് ആവശ്യമായ രീതിയില്‍ അവരെ മാറ്റിയെടുത്ത് കളിക്കളത്തില്‍ അലന്‍സോ വിന്യസിച്ചതോടെയാണ് ടീമിന്റെ തലവരമാറിയത്. സീസണില്‍ ആകെ കളിച്ച 43 മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍ക്കാതെയാണ് ലെവര്‍കുസന്‍ കുതിക്കുന്നത്.
ഇനി രണ്ട് പ്രധാന ടൂര്‍ണമെന്റുകളില്‍ കൂടി കിരീടം നേടാനുള്ള അവസരം ബെയര്‍ ലെവര്‍കുസനെ കാത്തിരിക്കുന്നുണ്ട്. ജര്‍മന്‍ കപ്പും യൂറോപ്പ ലീഗുമാണവ. ഈ സീസണില്‍ ജര്‍മന്‍ കപ്പിന്റെ ഫൈനലിലേക്കും ലെവര്‍കുസന്‍ യോഗ്യത നേടിയിട്ടുണ്ട്. മെയ് 25നാണ് ഫൈനല്‍. ഇതിലും വിജയിച്ച് സീസണില്‍ ഇരട്ട കിരീടമാണ് അലന്‍സോയും സംഘവും ലക്ഷ്യമിടുന്നത്. കൂടാതെ യൂറോപ്പ ലീഗിലും ബെയര്‍ ലെവര്‍കുസന്‍ കുതിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ 2-0ന്റെ ലീഡ് നേടിയ അവര്‍ 18ന് രണ്ടാം പാദത്തില്‍ കളിക്കാനിറങ്ങും. ഇതില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയില്ലെങ്കില്‍ അവര്‍ സെമിയിലേക്ക് മുന്നേറും. തുടര്‍ന്ന് സെമിയും ഫൈനലും ജയിച്ചാല്‍ സീസണിലെ മൂന്നാം കിരീടം സ്വന്തമാക്കുക എന്ന അസുലഭ നേട്ടമാണ് അവരെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: