കോഴിക്കോട് : പ്രസവവേദനയുമായി എത്തിയ യുവതിയെ ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടി പുറത്ത് വരാതിരിക്കാന്‍ അടിസ്ത്രം ഉപയോഗിച്ച് കെട്ടി മെഡിക്കല്‍ കോളേജിലേക്കയച്ച സംഭവത്തില്‍ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ചു. കഴിഞ്ഞ നാല് മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് വെന്റിലേറ്ററിലായിരുന്ന നവജാത ശിശു ഇന്നലെ പുലര്‍ച്ചയാണ് മരിച്ചത്.
കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ് -ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദനയുമായി എത്തിയ യുവതിയുടെ വയര്‍ അടിവസ്ത്രം ഉപയോഗിച്ച് ഇറുക്കി കെട്ടിയതാണ് കുഞ്ഞിനെ ബാധിച്ചതെന്ന പരാതി നിലനില്‍ക്കെയാണ് മരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 13 ന് രാത്രിയാണ് പുതുപ്പാടി സ്വദേശിനി ബിന്ദുവിനെ പ്രസവ വേദനയെ തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഗൈനക്കോളജി ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ വേണ്ട ചികിത്സ നല്‍കാതെ അടിവസ്ത്രം ഉപയോഗിച്ച് കുഞ്ഞു പുറത്തേക്ക് വരാതെ കെട്ടി എന്നാണ് ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച യുവതി പ്രസവിച്ചപ്പോള്‍ തലയ്ക്ക് ക്ഷതം ഏറ്റ നിലയിലായിരുന്നു. തുടര്‍ന്നാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
താമരശേരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു. മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: