അഞ്ചു വര്‍ഷം പഴക്കമുള്ള വീടിന്റെ സ്റ്റെയര്‍കെയ്സ് പൂമുഖ വാതിലിനു നേരെയാണ് ഇരിക്കുന്നത്. കൂടാതെ ഇത് വീടിന്റെ മധ്യഭാഗത്താണ് ഉള്ളത്. അതിന്റെ അടിഭാഗത്താണ് പൂജാമുറി കൊടുത്തിട്ടുള്ളത്. പൂമുഖ വാതിലിനു നേരെ തന്നെയാണ് ഗേറ്റും കൊടുത്തിട്ടുള്ളത്. ഇപ്പോള്‍ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്. വീടിനു വാസ്തുദോഷം ഉണ്ടെന്നു പറയുന്നു. എന്താണ് പരിഹാരം?
ഒരിക്കലും മുന്‍വശത്തെ വാതിലിനു നേരേ സ്റ്റെയര്‍ കെയ്സ് കൊടുക്കരുത്. അങ്ങനെയുള്ള വീടുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരിക്കും. കൂടാതെ സ്റ്റെയര്‍കെയ്സ് വീടിന്റെ മധ്യഭാഗത്താണ് ഇരിക്കുന്നതെന്നു പറയുന്നു. അതും തെറ്റാണ്. ഒരു വീടിനെ സംബന്ധിച്ചു ഭൗമോര്‍ജം വമിക്കുന്ന ഭാഗമാണ് വീടിന്റെ മധ്യഭാഗം (ബ്രഹ്മസ്ഥാനം). അത് അടച്ചുവച്ചിരുന്നാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടതായി വരും. ഒരു വീടിന്റെ ഗേറ്റ് സ്ഥാപിക്കുമ്പോള്‍ അതിനു പ്രത്യേക രീതിയിലുള്ള കണക്ക് എടുത്ത് വേണം ചെയ്യുവാന്‍. വീട് ഈ പറഞ്ഞ കാര്യങ്ങളാല്‍ വാസ്തുദോഷം നിറഞ്ഞതാണ്. ഒരു വാസ്തുപണ്ഡിതനെ കാണിച്ചു മാറ്റം വരുത്തേണ്ടതാണ്.
എട്ടു സെന്റ് ഭൂമിയുടെ നടുക്കാണ് വീട് ഇരിക്കുന്നത്. വസ്തുവിന്റെ വടക്കുകിഴക്ക് ഭാഗത്തു മതിലിനോടു ചേര്‍ന്നാണ് ശുചിമുറികള്‍ ഇരിക്കുന്നത്. ഇതിന് ദോഷം ഉണ്ടോ? വീടിന്റെ പ്രധാന കിടപ്പുമുറി വടക്കു കിഴക്ക് ഭാഗത്താണ് ഉള്ളത്. വേറേ ഒന്ന് തെക്കുകിഴക്ക് ഭാഗത്താണ്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വാസ്തു ദോഷം ഉണ്ടെന്നു പറയുന്നു. പരിഹാരം നിര്‍ദേശിക്കാമോ?
പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം തന്നെ വാസ്തു ദോഷം ഉള്ളതാണ്. ഒരിക്കലും വടക്കുകിഴക്ക് മൂല ഭാഗ ത്തോടു ചേര്‍ത്തു ശുചിമുറികള്‍ പണിയാന്‍ പാടില്ല. അത് ആ ഭാഗത്തുനിന്നും മാറ്റണം. കൂടാതെ ഇപ്പോള്‍ പ്രധാന ബെഡ്റൂമായി ഉപയോഗിക്കുന്ന വടക്കുകിഴക്ക് ഭാഗത്തുള്ള മുറിയില്‍നിന്നും കിടപ്പുമുറി മാറ്റേണ്ടതാണ്. തെക്കുകിഴക്ക് ഭാഗത്തുള്ള മുറി അടുക്കളയായോ പഠനമുറിയായോ ഗസ്റ്റ് റൂമായോ ഉപയോഗിക്കുന്നതാണ് നല്ലത്. പ്രധാനബെഡ്റൂം തെക്കുപടിഞ്ഞാറ് ഭാഗത്തോ വടക്കുപടിഞ്ഞാറ് ഭാഗത്തോ ആക്കുന്നതാണ് ഉത്തമം.
വാസ്തുനിയമപ്രകാരം ഒരു വീടു പണി കഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചില സംശയങ്ങള്‍ ഉണ്ട്. ബെഡ്റൂമില്‍ കണ്ണാടി വയ്ക്കാമോ? ശുചിമുറിയില്‍ ക്ലോസറ്റ് വയ്ക്കുന്നത് ഏതു ദിക്കിലേക്ക് ആയിരിക്കണം? അലമാരകള്‍ ഏതു ദിക്കിലേക്ക് നോക്കിയിരിക്കണം? പൂജാമുറി ഇല്ലാത്തതിനാല്‍ വിളക്കു കത്തിക്കേണ്ട ഭാഗം ഏതാണ്?
പ്രധാന ബെഡ്റൂമില്‍ കണ്ണാടി വയ്ക്കുവാന്‍ പാടില്ല. ബാത്ത്റൂമില്‍ ക്ലോസറ്റ് ഫിറ്റ് ചെയ്യുന്നത് ഒന്നുകില്‍ തെക്കോട്ടു നോക്കിയിരിക്കത്തക്ക രീതിയിലായിരിക്കണം. അല്ലെങ്കില്‍ വടക്കോട്ടു നോക്കിയിരിക്കത്തക്കവിധം ആയിരിക്കണം. അലമാരകള്‍ പണിയുമ്പോള്‍ ഒന്നാംസ്ഥാനം വടക്കോട്ടു നോക്കിയിരിക്കത്തക്ക രീതിയില്‍ വേണം. രണ്ടാംസ്ഥാനം കിഴക്കോട്ടു നോക്കിയിരിക്കത്തക്ക രീതിയിലാവണം. പ്രസ്തുത വീടിന്റെ വടക്കുകിഴക്കേ മൂല ഭാഗത്തോ കിഴക്കു ഭാഗങ്ങളിലോ ഗൃഹത്തിന് അനുയോജ്യമായ സ്ഥലത്തു കുടുംബിനിയുടെ കണ്ഠത്തിന് താഴോട്ടു വരത്തക്കവിധത്തില്‍ ചെറിയ സ്റ്റാന്‍ഡ് സ്ഥാപിച്ചു പടം വച്ച് വിളക്കു കൊളുത്താവുന്നതാണ്.
ക്ഷേത്ര ജീവനക്കാര്‍ ക്ഷേത്രപരിസരത്ത് താമസിക്കുന്നതില്‍ അപാകതയുണ്ടോ?
ക്ഷേത്രത്തിലെ ജീവനക്കാരായിരുന്നാലും അവര്‍ക്കും ക്ഷേത്ര നിയമങ്ങള്‍ ബാധകമാണ്. ഇവരെ ക്ഷേത്രത്തോട് ബന്ധ പ്പെട്ടു താമസിക്കുവാന്‍ അനുവദിക്കുന്നത് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ക്ക് തടസം വരാതിരിക്കാനാണ്. ഇങ്ങനെ ക്ഷേത്രത്തോടു ചേര്‍ന്നു താമസിക്കുന്ന ഇവര്‍ക്കു പലതരത്തിലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. ഒരു ദേവനോ ദേവിയോ ക്ഷേത്ര പരിസരത്തു താമസിക്കുന്ന ആരേയും തന്നെ ഉപദ്രവിക്കാറില്ല. എന്നാല്‍ ഒരു പ്രതിഷ്ഠ നടത്തി ദേവനു ചൈതന്യം കൊടുക്കുന്നതിനോടൊപ്പം ആ ചൈതന്യത്തെ എന്നും നിലനിര്‍ത്തുന്നതിനും വേണ്ടി പ്രകൃതിയിലെ ചില അദൃശ്യശക്തികളെ ആവാഹനം നടത്തി ക്ഷേത്ര കോമ്പൗണ്ടിനകത്തു സ്ഥാപിച്ചിരിക്കും. ഈ ശക്തികളാണ് ക്ഷേത്രവുമായി അടുത്ത് ഇരിക്കുന്ന വീടുകള്‍ക്കു ദോഷം ഉണ്ടാക്കുന്നത്. ആയതിനാല്‍ അമ്പലവാസികളായിരുന്നാലും ക്ഷേത്രപരിസരവാസികളായിരുന്നാലും ക്ഷേത്രത്തിന്റെ നിശ്ചിത അകലത്തില്‍ താമസിക്കുന്നത് അവര്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും സമ്പദ്സമൃദ്ധിയും ഉണ്ടാക്കും.
കഴിഞ്ഞ നാലുവര്‍ഷമായി വളരെ ബുദ്ധിമുട്ടി വീടുപണി പൂര്‍ത്തിയാക്കി വരികയാണ്. വീട് പാലുകാച്ചുന്ന കര്‍മം നടത്തണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇല്ലെങ്കില്‍ കുഴപ്പം വല്ലതുമുണ്ടോ?
ഗൃഹപ്രവേശത്തിനു മുമ്പായി അഗ്നിദേവനെ പ്രീതിപ്പെടുത്തണം. അതിനുവേണ്ടിയാണ് രാവിലെ ഗണപതി ഹോമം നടത്തുന്നത്. പണ്ട് കാലത്ത് കെട്ടിടനിര്മാണതൊഴിലാളികള് വളരെയധികം ത്യാഗങ്ങള്‍ സഹിച്ചാണ് ഒരു വീട് പണി പൂര്‍ത്തിയാക്കുന്നത്. ഇക്കാരണത്താല്‍ ഒരു വീട് ഓപ്പണ്‍ ചെയ്യുമ്പോള്‍ അവരെ സന്തോഷപ്പെടുത്തുന്നതിനുവേണ്ടി ആഹാരവും സാമ്പത്തികസഹായവും ചെയ്തുവന്നിരുന്നു. ഇന്ന് അതിന് മാറ്റം വന്നിരിക്കുകയാണ്. കരാര്‍ ഏല്‍പ്പിച്ച് വീട് പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടമസ്ഥന്റെ സൗകര്യാര്ഥംവേണ്ടപ്പെട്ട ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് നല്ലൊരുദിവസം ഒരു വിളക്ക് കൊളുത്തി താമസിക്കുന്ന പ്രവണത ഇന്ന് തുടരുന്നു. ആയതിനാല്‍ വിപുലമായ രീതിയിലുള്ള ഓപ്പണിംഗ് ചടങ്ങുകള്‍ വേണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: