ഏകമായ ഈശ്വരസത്തയ്‌ക്ക് രണ്ട് ഉണ്മകളുണ്ട്. കാലാതീതമായി നില്‍ക്കുന്നതും, കാലത്തില്‍ ഒതുങ്ങിനില്‍ക്കുന്നതുമായ രണ്ട് സത്തകള്‍. കാലാതീതമായി നില്‍ക്കുന്നതാണ് എല്ലാത്തിനെയും പ്രകാശിപ്പിച്ചുകൊണ്ട്, അന്തരാത്മാവായി സര്‍വതിലും വിളങ്ങുന്നത്. മറ്റേത് പ്രകൃതിയായി രൂപംപ്രാപിച്ച കാലമാ കുന്ന സത്തയാണ്. അതായത് ഒന്നിന് രൂപങ്ങളുണ്ട്, മറ്റേതിന് അതൊന്നുമില്ല. പാരമാര്‍ത്ഥികമായി ഇവ രണ്ടും ഒന്നാണ്. എന്നാല്‍ വ്യവഹാരികമായി രണ്ടും രണ്ടാണ്. അതുകൊണ്ട് രണ്ടിന്റെയും ഉണ്മ അംഗീകരിച്ചാലെ പരമമായ സത്യത്തെ നമുക്ക് ശരിക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. ഈശ്വരസത്തയിലെ ഈ രഹസ്യം അറിയാതെയാണ് മതങ്ങളുടെ പേരില്‍ നാം അടിവയ്‌ക്കുന്നത്. രൂപമില്ലാതെ വര്‍ത്തിക്കുന്ന ആള്‍ തന്നെയാണ് രൂപങ്ങളായും വര്‍ത്തിക്കുന്നത്. ഏത് രൂപവും സ്വീകരിക്കുവാന്‍ കഴിയുന്ന അവനെ പൂര്‍ണമായുംഉള്‍ക്കൊള്ളുവാന്‍ കഴിയാത്തതാണ് വൈദിക ദര്‍ശനത്തിന് വെളിയിലായി ജന്മമെടുത്ത മിക്കവാറും എല്ലാ ഈശ്വരദര്‍ശനങ്ങളിലേയും പോരായ്മ.
ഇവിടെ ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറഞ്ഞ ഒരുകാര്യം കൂടി സ്മരിച്ചിട്ട് അടുത്ത ഭാഗത്തിലേക്ക് കടക്കാം. ‘എന്നെ ഒരാള്‍ ഏത് വിധം ഭജിക്കുന്നുവോ ആ രീതിയില്‍ തന്നെ ഞാന്‍ അയാളെ ഭജിക്കുന്നു’ ഒരുപാട് അര്‍ ത്ഥതലങ്ങളുള്ള വാക്കുകളാണെങ്കിലും പ്രത്യേകിച്ച് രൂപങ്ങളൊന്നും ഇല്ലാത്ത ഭഗവാന്റെ നിലപാട് പ്രത്യക്ഷത്തില്‍ തന്നെ ഈ വചനം വ്യക്തമാക്കുന്നുണ്ട്.
ഇവിടത്തെ ശ്ലോകത്തെ അല്പം വിശാലമായി പ്രതിപാദിക്കാനുള്ള പ്രധാന കാരണം, ഈ ശ്ലോകത്തിലാണ് ഇതുവരെ പറഞ്ഞതിനെയും ഇനി പറയുവാന്‍ പോകുന്നതിനെയും കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച്, ഇതിന്റെ അര്‍ത്ഥം ശരിക്കറിഞ്ഞാലേ, ഉപനിഷത്ത് പറയുവാന്‍ ഉദ്ദേശിക്കുന്നത് നമ്മളിലെത്തൂ. അതുകൊണ്ട് പൂര്‍ണമായ ശ്രദ്ധയോടെ ഈ ശ്ലോകത്തിന്റെ അന്തരാര്‍ത്ഥം ഉള്‍കൊണ്ടതിന് ശേഷം മുന്നോട്ട് പോകുക.
ഇനിയുള്ള ശ്ലോകങ്ങളെല്ലാം കുറച്ച് സൂചനകളാണെന്ന് പറയാം. ഇതുവരെയുള്ളവയിലും അതാണ് ഉണ്ടായിരുന്നതെങ്കിലും, അതെല്ലാം നമ്മെ വ്യക്തമായ ഉത്തരങ്ങളില്‍ എത്തിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളവയായിരുന്നു. എന്നാല്‍ ഇനി പറയുന്നവയുടെ ഉത്തരങ്ങള്‍, നമ്മള്‍ ഇതുവരെ പഠിച്ചതില്‍ നിന്ന് എന്ത് നേടിയോ, ആ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ നമ്മള്‍ തന്നെ കണ്ടത്തേണ്ടവയാണ്. ഈ വേദശാഖയുടെ ജനനസമയത്തെ ദുരൂഹതകള്‍ ഇവിടെ പാകിയിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ആശയങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ, നമ്മള്‍ പഠിച്ചതെല്ലാം ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ വെറും വാക്കര്‍ത്ഥങ്ങളില്‍ ഒതുങ്ങുന്നത്, അറിയുന്ന ഗുരു, ദഹിച്ച് സ്വായത്തമാകാതെ പോകുന്ന പാഠങ്ങളെ നമ്മെകൊണ്ട് ഛര്‍ദ്ദിപ്പിക്കുകയാണ് ചെയ്യുന്നത്. സത്യമെന്ന ആ സൂര്യനെ മുറുകെപ്പിടിച്ചുകൊണ്ടേ… (തപസ്സ് ചെയ്തുകൊണ്ടേ) ഇനിയുള്ള ശ്ലോകങ്ങളുടെ ലക്ഷ്യാര്‍ത്ഥത്തില്‍ എത്തുവാന്‍ കഴിയൂ. അതുകൊണ്ട് തന്നെ നമുക്ക് ഓരോരുത്തര്‍ക്കും കിട്ടുന്ന ഉത്തരങ്ങളും വ്യത്യസ്തങ്ങളായിരിക്കും. എങ്കിലും ഒരു പൊതു സ്വഭാവത്തെ മാനദണ്ഡമാക്കി ചില ഉത്തരങ്ങള്‍ കണ്ടെത്തുവാന്‍ നമുക്ക് ശ്രമിക്കാം.
എട്ടാമത്തെ ശ്ലോകത്തോടെ നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആദ്ധ്യാത്മിക ലോകത്തെ സത്യങ്ങളെല്ലാം, നമ്മുടെ ബുദ്ധിക്ക് സമ്മതമാവുന്ന രീതിയില്‍ പറഞ്ഞു കഴിഞ്ഞു. ഇനി ഉപനിഷത്ത് 9 മുതല്‍ 14 വരെയുള്ള ശ്ലോകങ്ങളില്‍ കൂടി, ഈശ്വരനാല്‍ ഇതെല്ലാം മൂടപ്പെട്ടിരിക്കുന്നു, എന്ന ജീവിതദര്‍ശനത്തെ നാം എങ്ങനെ ഉള്‍ക്കൊള്ളണമെന്നും, അതെങ്ങനെ പ്രയോഗത്തില്‍ വരുത്തണമെന്നുമാണ് പ്രധാനമായും പറയുന്നത്.
ഭൂമുഖത്തെ ജീവനുള്ളതും അല്ലാത്തതുമായ എല്ലാ വസ്തുക്കളും, ഈശ്വരന്റെ രണ്ട് സത്തകളുടെ കലര്‍പ്പാണല്ലോ. ഇത് അറിഞ്ഞാലേ പല ഹൈന്ദവ ആഘോഷങ്ങള്‍ക്കും പിന്നിലുള്ള ഈശ്വരസങ്കല്പത്തെ അല്പമെങ്കിലും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയൂ. എങ്ങും നിറഞ്ഞു നില്‍ക്കുന്ന തങ്ങളുടെ ഈശ്വരനെ അവര്‍ തെരുവോരങ്ങളില്‍ വിഗ്രഹങ്ങളായി ഒരുക്കി വലിയ ആഘോഷത്തോടെ ആരാധിക്കും, അവസാനം ആര്‍പ്പുവിളികളോടെ അതിനെ ആനയിച്ച് വെള്ളത്തില്‍ കൊണ്ടിടും. ഒട്ടും മനസ്താപമില്ലാതെ അവര്‍ക്ക് അങ്ങനെ ചെയ്യുവാന്‍ കഴിയുന്നത് ഈശ്വരന്റെ വ്യാവഹാരികവും പാരമാര്‍ത്ഥികവുമായ സത്തകളെ ഒന്നുപോലെ അറിയുന്നത് കൊണ്ടാണ്. അതുപോലെ ഒഴുകുന്ന നദിയുടെ കരയില്‍ ഒത്തുകൂടി അവര്‍ ആരതികള്‍ നടത്തുന്നതിനും കാരണം, പാരമാര്‍ത്ഥികനായ അവരുടെ ഈശ്വരനെ വ്യാവഹാരികമായ ജലത്തിലും കാണുവാന്‍ കഴിയുന്നത് കൊണ്ടാണ്. അതായത് എങ്ങും സത്യത്തെ ദര്‍ശിക്കുവാനുള്ള ഒരു മനോനില ഉണ്ടെങ്കിലെ പരമമായ സത്യത്തെ നിങ്ങള്‍ക്ക് പ്രാപിക്കുവാന്‍ കഴിയൂ.
9ാമത്തെ ശ്ലോകം ആ മനോനിലയെയാണ് ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ പ്രത്യക്ഷത്തിലല്ല അത് അവതരിപ്പിക്കുന്നത്. ഇനിയുള്ള ശ്ലോകങ്ങളിലെ ആശയത്തെ വ്യാവഹാരികവും പാരമാര്‍ത്ഥികവുമായ തലങ്ങളിലാണ്, ഉപനിഷത്ത് ഘടിപ്പിച്ചിരിക്കുന്നത്. ഇവിടെ വരികളിലുള്ള പ്രത്യക്ഷ മായ അര്‍ത്ഥം വ്യാവഹാരികം മാത്രമാണ്, അവയിലുള്ള പാരമാര്‍ത്ഥികമായ ആശയത്തേയും സങ്കല്‍പ്പത്തേയും നമ്മള്‍ പ്രത്യേകമായി വായിച്ചെടുക്കുവാനായി വിട്ടിരിക്കുകയാണ്.
ഈശ്വരന്റെ സങ്കല്‍പ്പങ്ങളാണ്… ആശയങ്ങളായി, വാക്കുകളായി, രൂപങ്ങളായി നില്‍ക്കുന്നത്. ഇവിടെനിന്നും വാക്കുകളിലൂടെ ആശയത്തിലേക്കും അതില്‍ നിന്ന് സങ്കല്‍പ്പത്തിലേക്കുമാണ് നമുക്ക് ചെല്ലേണ്ടത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: