ദൈവത്തിന്റെ സ്വന്തം നാടിപ്പോള്‍ നരകത്തിന്റെ വറചട്ടിയിലാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഇടറിവീഴുന്നത് മേടവെയിലല്ല. പകരം കട്ട വിണ്ട പാടങ്ങളില്‍ ഉരുകിവീഴുന്നത് നരകത്തീജ്ജ്വാലകളാണ്. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബെംഗളൂരുവില്‍ കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്ത അവസ്ഥയാണ്. ഒരു കോടിയില്‍ പരം ആളുകള്‍ അവിടെ കുടിവെള്ളക്ഷാമത്തിന്റെ ഭീകരത അനുഭവിച്ചറിയുന്നു. വെള്ളമില്ലാത്തതിനാല്‍ ഹോട്ടലുകളും മറ്റും അടച്ചുപൂട്ടി. വെള്ളം ദുരുപയോഗം ചെയ്താല്‍ കനത്ത പിഴയീടാക്കുകയാണ് അവിടങ്ങളില്‍. കേരളവും അതേ വഴിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളെക്കുറിച്ചു വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കാലാവസ്ഥ വകുപ്പ് സ്ഥാപിച്ച കാലാവസ്ഥാ മാപിനികള്‍ നല്കുന്ന വിവരങ്ങള്‍ പ്രകാരം 40 ഡിഗ്രിക്ക് മുകളിലാണ് കേരളത്തിലെ മിക്കയിടത്തും താപനില. ഫെബ്രുവരി പകുതിയോടെ ഉയര്‍ന്ന ഈ കൊടുംചൂട് ഇനിയും രണ്ടുമാസം തുടരുമെന്ന് വിദഗ്ദര്‍ പറയുന്നു. പല മാധ്യമങ്ങളും പുറത്തുവിടുന്ന കുടിവെള്ള ക്ഷാമത്തിന്റെ ഭീകരതയെകുറിച്ചുള്ള ലേഖനങ്ങള്‍ ഇതിനു കാരണമായി പറയുന്നത് മാറുന്ന കാലാവസ്ഥയും ആഗോള താപനവുമാണ്. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും മുഖ്യഹേതു എന്നൊഴുക്കന്‍ മട്ടില്‍ മാധ്യമങ്ങള്‍ പറഞ്ഞു പോകുന്നുണ്ടെങ്കിലും അതിലെ നിര്‍ണായകമായ ഒരു ഘടകത്തെ കുറിച്ച് അവരും മൗനം പാലിക്കുന്നു. വര്‍ധിച്ചുവരുന്ന മാംസാഹാരശീലം ആഗോളതാപനത്തിന്റെ മുഖ്യഘടകങ്ങളില്‍ ഒന്നാണ്. പക്ഷേ കച്ചവട താല്‍പ്പര്യത്തെ ബാധിക്കും എന്നതിനാലാവണം ഈ കാരണത്തിന് മുന്നില്‍ മാധ്യമങ്ങള്‍ പലതും തലപൂഴ്ത്തി നില്‍ക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, 1960-കളുടെ തുടക്കം മുതലാണ് മാംസത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം ഏതാണ്ട് ഇരട്ടിയായത്. പിന്നീടുള്ള ദശകങ്ങളില്‍ ആഗോള മാംസ ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചു. 60-കളില്‍ ഒരാള്‍ പ്രതിവര്‍ഷം ശരാശരി 23.1 കിലോഗ്രാം മാംസം കഴിച്ചിരുന്നെങ്കില്‍, 2019-ല്‍ ഇത് 43.2 കിലോഗ്രാമായി ഉയര്‍ന്നു.
ആഗോള മാംസ ഉപഭോഗം വര്‍ധിക്കുന്നതിനനുസരിച്ചു വളരുന്ന കന്നുകാലി വ്യവസായം ആഗോളതാപനത്തിന്റെ പ്രഭവകേന്ദ്രങ്ങളില്‍ ഒന്നാണ്. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ഡാറ്റ അനുസരിച്ച്, മനുഷ്യനുണ്ടാക്കുന്ന ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 14.5% കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ടതാണ്. മീഥേന്‍, നൈട്രസ് ഓക്സൈഡ് എന്നിവയും വന്‍തോതില്‍ പുറന്തള്ളുന്ന ഒരു വ്യവസായമാണ് മാംസത്തിനായി വളര്‍ത്തപ്പെടുന്ന കന്നുകാലി വ്യവസായം. ഈ രണ്ട് വാതകങ്ങളും. ആഗോളതാപനം വര്‍ദ്ധിപ്പിക്കുന്നതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന് സമാനമായ പങ്ക് വഹിക്കുന്നു. മീഥെയ്നും നൈട്രസ് ഓക്സൈഡും, കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെ കൂടുതല്‍ കാലം അന്തരീക്ഷത്തില്‍ നിലനില്‍ക്കില്ലെങ്കിലും അവയുടെ കാലാവസ്ഥാ താപന സാധ്യത കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 25 ഇരട്ടിയും 300 ഇരട്ടിയും കൂടുതലാണ്. കന്നുകാലി, ചെമ്മരിയാട്, ആട് തുടങ്ങിയവയാണ് വലിയ അളവില്‍ മീഥേന്‍ ഉത്പാദിപ്പിക്കുന്നത്.
മാംസം ഒഴിവാക്കലും ആഗോളതാപനവും
ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ചു ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഭാരതത്തിന്റെ സ്ഥാനം മൂന്നാമതാണ്. ഓരോ വര്‍ഷവും നാം പുറന്തള്ളുന്ന 2000 ദശലക്ഷം മെട്രിക് ടണ്ണിലധികം ഹരിതഗൃഹ വാതകങ്ങളില്‍ ഒന്‍പത് ശതമാനവും കൃഷി, ഭക്ഷണം, ഭൂവിനിയോഗം എന്നിവയില്‍ ഉള്‍പ്പെടുത്താം. മാംസത്തിനായി വളര്‍ത്തപ്പെടുന്ന കന്നുകാലികളുടെ 20 ശതമാനവും ചെമ്മരിയാട് പോലുള്ളവയുടെ 11 ശതമാനവും ഭാരതത്തിലാണ്. ഭാരതത്തിലെ വിളകളുടെ മൂന്നിലൊന്ന് ഈ മൃഗങ്ങളെ പോറ്റാന്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ തന്നെ രൂക്ഷമായ കാലാവസ്ഥാ പ്രതിസന്ധിയുടെ വിനാശകരമായ ഫലങ്ങള്‍ വരുന്ന 30 വര്‍ഷത്തിനുള്ളില്‍ നമുക്ക് അനുഭവിക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട ഹരിതഗൃഹ വാതക ഉദ്വമനം പരിശോധിച്ചാല്‍, കാലാവസ്ഥയില്‍ മാംസ ഉപഭോഗം സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് മനസിലാകും. അതുപോലെ സസ്യാധിഷ്ഠിതവും മൃഗാധിഷ്ഠിതവുമായ ഭക്ഷണങ്ങളില്‍ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്വമനങ്ങളുടെ തോത് താരതമ്യം ചെയ്യുന്നത് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കും. 2021-ല്‍ നേച്ചര്‍ മാസികയില്‍ ഇത് സംബന്ധിച്ചു പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഈ താരതമ്യം വിശകലനം ചെയ്യുന്നുണ്ട്.
ഓരോ ഭക്ഷ്യ ഉല്‍പ്പന്നത്തിന്റെയും മൊത്തം ആഗോള ഹരിതഗൃഹ വാതക ഉദ്വമനം വിശകലനം ചെയ്യുന്നു. കേവലം ഒരു കിലോഗ്രാം വ്യത്യസ്ത ഭക്ഷണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലെ പാരിസ്ഥിതിക ആഘാതം പഠിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മമായ ചിത്രങ്ങള്‍ ഉയര്‍ന്നുവരുന്നു. ഒരു കിലോഗ്രാമിന് 99.48 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് തുല്യമായതിനാല്‍, ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ ഉറവിടമായി ബീഫ് ഉത്പാദനം തുടരുന്നു. ആഗോള ഭക്ഷ്യ വ്യവസായം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ 29% മാത്രമേ സസ്യാധിഷ്ഠിത ഭക്ഷണത്തിന്റേതായുള്ളൂ. അതേസമയം, വ്യവസായത്തിലെ ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 57% മാംസത്തിനായി വളര്‍ത്തപ്പെടുന്ന പശുക്കള്‍, പന്നികള്‍, മറ്റ് കന്നുകാലികള്‍ എന്നിവയുടെ പ്രജനനവും വളര്‍ത്തലും, തീറ്റ ഉല്‍പ്പാദിപ്പിക്കലും എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യ വ്യവസായത്തിലെ ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ നാലിലൊന്ന് ബീഫ് ഉല്പാദനത്തില് നിന്ന് മാത്രമാണ്.
പന്നി, കോഴി എന്നിവയുടെ ഉല്‍പ്പാദനം ബീഫിന്റേതിനേക്കാള് കുറഞ്ഞ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം കാണിക്കുന്നു. ഇതിനര്‍ത്ഥം ബീഫ് കഴിക്കുന്നതില്‍ നിന്ന് കോഴിയിറച്ചി കഴിക്കുന്നതിലേക്ക് മാറുന്നതുതന്നെ ഹരിതഗൃഹ വാതക ഉദ്വമനം കുറയുന്നതിന് കാരണമാകുന്നു. ശരാശരി 9 കിലോഗ്രാം ബീഫ് കഴിക്കുന്നത് 0.8 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനത്തിനു കാരണമാകുന്നു.
ബീഫ്, ആട്ടിറച്ചി എന്നിവ കഴിക്കില്ലെന്ന് തീരുമാനിച്ചാല്‍ തന്നെ അത് പ്രകൃതിക്ക് ആശ്വാസമാകും. ഇവയുടെ മാംസത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക്, നെല്‍കൃഷി ചെയ്യാന്‍ ആവശ്യമായ ഭൂമിയുടെ 116 മടങ്ങ് ആവശ്യമാണ്. ഐക്യരാഷ്ട്രസഭയുടെ എന്വയണ്മെന്റല് പ്രോഗ്രാം അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള കാര്‍ഷിക ഭൂമിയുടെ 78% മൃഗകൃഷിയാണ്. മൃഗകൃഷിയും മേച്ചില്‍പ്പുറവും വ്യാപിക്കുന്നത് ആവാസവ്യവസ്ഥയുടെ തകിടം മറിച്ചിലിനു കാരണമാകുന്നു.
ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ വലിയൊരു പങ്കിനും മാംസ വ്യവസായമാണ് സംഭാവന ഇടയാക്കുന്നത്. ഇത് ആഗോളതാപനത്തിന് മാത്രമല്ല പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. മാംസം കഴിക്കുന്ന ആളുകള്‍ മാംസ ഉപഭോഗം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കാന്‍ സഹായിക്കും. ബീഫിന് പകരം മറ്റ് മാംസം ഉപയോഗിക്കുന്നതുപോലും ഹരിതഗൃഹ വാതക ഉദ്വമനം ഗണ്യമായി കുറയ്ക്കും.
കേരളം നേരിട്ട ഏറ്റവും വലിയ വരള്‍ച്ചയും ഉഷ്ണതരംഗങ്ങളും ഉണ്ടായത് 2016ല്‍ ആണ്. ഈ വര്‍ഷം കേരളത്തിലെ വേനല്‍ ചുട്ടുപൊള്ളുമെന്നു പല ശാസ്ത്രജ്ഞരും പ്രവചിച്ചിട്ടുണ്ട്. കേരളത്തില്‍ ജൂണ്‍ മാസം വരെ കടുത്ത വേനല്‍ ഉണ്ടാകുമെന്നാണ് പ്രവചനം. പ്രകൃതിയുടെ മേലുള്ള കൈയേറ്റങ്ങളുടെ പാര്‍ശ്വഫലം കൂടിയാണ് ഈ വിപര്യയം. മുന്‍പെല്ലാം ഇത്തരം ആസുരികതകള്ക്കെതിരെ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്കാന് കവികളുടെയും കലാകാരന്മാരുടെയും കൈകള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ ഇത്തരം ആസുരികതകളുടെ ഭാഗമായി നിന്നുകൊണ്ടു തന്നെ പ്രശസ്തരാവുക എന്നതാണ് ചിലരുടെയെങ്കിലും ലക്ഷ്യം. ജീവിതത്തിലിന്നോളം ഒരു കവിത പോലും എഴുതിയിട്ടില്ലാത്ത കേരളത്തിലെ ഒരു കോളജ് അദ്ധ്യാപിക പോപ്പുലാരിറ്റി ഉണ്ടാക്കിയത് കോളജിലെ ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചാണല്ലോ.
പശുവിന്റെ പാല് കുടിക്കാമെങ്കില്‍ പശുവിന്റെ മാംസം തിന്നാലെന്താ എന്നും ഓണത്തിന് കാളന് വിളമ്പാമെങ്കില്‍ കാളയും വിളമ്പാം എന്നും പറഞ്ഞ് പോപ്പുലാരിറ്റിയുണ്ടാക്കാന് മുന്നിട്ടിറങ്ങിയവര്ക്കുള്ള മറുപടി കൂടിയാണ് താളം തെറ്റിയ കാലാവസ്ഥയും അതിന്റെ പരിണത ഫലമായ ഉഷ്ണതരംഗങ്ങളും. സര്‍ഗാത്മകതയോ ധാര്‍മികബോധമോ ഇല്ലാത്ത സാംസ്കാരിക നായകര്‍ ഒരു ബാധ്യത കൂടിയാണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: