ന്യൂദല്‍ഹി: ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന് ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ളവ നീക്കാന്‍ ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്രത്തിന്റെ നിര്‍ദേശം. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും മറ്റു പ്ലാറ്റ്ഫോമുകളിലും ആരോഗ്യകരമായ പാനീയങ്ങള്‍ എന്ന വിഭാഗത്തില്‍ നിന്ന് ബോണ്‍വിറ്റ പോലെയുള്ളവ നീക്കണമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചത്.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ അന്വേഷണത്തിനൊടുവിലാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന ആരോഗ്യകരമായ പാനീയങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്. ബോണ്‍വിറ്റയില്‍ അനുവദനീയമായതിലും അമിതമായ അളവില്‍ പഞ്ചസാരയുടെ സാന്നിധ്യം കണ്ടെത്തിയെന്നും കമ്മിഷന് വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുകയും ആരോഗ്യകരമായ പാനീയങ്ങള്‍ എന്ന പേരില്‍ നല്‍കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) നേരത്തേ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ഭക്ഷ്യനിയമത്തിനു കീഴില്‍ ആരോഗ്യകരമായ പാനീയങ്ങളെ നിര്‍വചിച്ചിട്ടില്ല. ആരോഗ്യ പാനീയങ്ങളെന്ന പേരില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാണ്, കമ്മിഷന് വ്യക്തമാക്കി. പാല്, മാള്‍ട്ട്, സെറീല്‍സ് എന്നിവ ഉപയോഗിച്ചുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്ന പേരില്‍ ലേബല്‍ ചെയ്യുന്നതിനെതിരേ ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ക്ക് എഫ്എസ്എസ്എഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വെബ്സൈറ്റുകളിലൂടെ വില്‍ക്കുന്ന ഭക്ഷ്യഉത്പന്നങ്ങള്‍ കൃത്യമായി വര്‍ഗീകരിച്ച് നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
അതിനാല്‍ തന്നെ ഹെല്‍ത്ത് ഡ്രിങ്ക് അഥവാ എനര്‍ജി ഡ്രിങ്ക് എന്ന വിഭാഗത്തില്‍ നിന്ന് ഇത്തരം പാനീയങ്ങള്‍ നീക്കം ചെയ്ത് നിയമം അനുശാസിക്കുന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വില്‍ക്കണമെന്നുമാണ് കമ്മിഷന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: