ന്യൂദല്‍ഹി: ഭാരതത്തിന്റെ വനിതാ ഹര്‍ഡില്‍സ് താരം ജ്യോതി യരാജി പാരിസ് ഒളിംപിക്സിന് മുന്നോടിയായി വിദേശ പരിശീലനത്തിന് പുറപ്പെടും.
സ്പെയിനിലെ ടെനെരിഫെ ദ്വീപില്‍ 45 ദിവസത്തെ പരിശീലനമാണ് താരം നടത്തുക. ഈ ആവശ്യം കാണിച്ചുകൊണ്ടുള്ള യരാജിയുടെ നിര്‍ദേശം കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലുള്ള മിഷന് ഒളിംപിക് സെല്‍(എംഒസി) ഇന്നലെ അംഗീകരിച്ച് അനുമതി നല്കി.
സ്പെയിനില്‍ പരിശീലനം നടത്താനുള്ള താരത്തിന്റെ മുഴുവന്‍ ചെലവും ടാര്‍ജറ്റ് ഒളിംപിക് പോഡിയം സ്കീമില്‍(ടോപ്സ്)ഉള്‍പ്പെടുത്തി എംഒസി വഹിക്കും. നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ദേശീയ റിക്കാര്‍ഡ് താരമാണ് യരാജി. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരം ഹാങ്ചൊ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.
ഇക്കൊല്ലം യരാജി ഗംഭീരമായാണ് തുടങ്ങിയത്. ടെഹ്റാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍നിരയിലാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ റോഡ് ടു പാരിസ് 100 മീറ്റര്‍ ഹര്‍ഡില്‍സ് റാങ്ക് പട്ടികയില്‍ ലോക താരങ്ങളില്‍ 23-ാം സ്ഥാനത്താണ് ജ്യോതി യരാജി.
ഇറ്റലിയില്‍ പോയി പരിശീലനം നടത്തണമെന്ന വനിതാ ഷൂട്ടിങ് താരങ്ങളായ റെയ്സാ ധില്ലന്, രാജേശ്വരി കുമാരി എന്നിവരുടെ ആവശ്യങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. ഇരുവര്‍ക്കും സ്വന്തം പരിശീലകരുമായി പോയി വരാം. രാജേശ്വരിക്ക് ഉപകരണങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ തോക്കുകളുടെ ശേഖരത്തിനും തുക അനുവദിച്ചു.
ഇതുകൂടാതെ പാരാഷൂട്ടിങ് താരങ്ങളായ രാഹുല്‍ ജഖാര്‍, റുബിന ഫ്രാന്‍സിസ് എന്നിവര്‍ക്ക് കൊറിയയിലെ ചാങ്വോണില്‍ ഡബ്ല്യുഎസ്പിഎസ് ലോകകപ്പില്‍ പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം നല്‍കാനും കായിക മന്ത്രാലയം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: