കാസര്‍കോട്: കേരളത്തില്‍ അഹമ്മദിയ്യ വിഭാഗത്തെ പീഡിപ്പിക്കുന്ന മുസ്ലീംലീഗ് മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് അയക്കുന്നുവെന്ന പച്ചക്കള്ളം പടച്ചുവിടുകയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സിഎഎയെക്കുറിച്ച് ഒരക്ഷരമില്ല. കേരളത്തില്‍ അഹമ്മദിയ്യകളോട് സലാം ചൊല്ലാന്‍ തയാറാകാത്ത മുസ്ലിം ലീഗ് അവരുമായുള്ള വിവാഹബന്ധത്തെയും എതിര്‍ക്കുന്നു. നരേന്ദ്ര മോദി പൗരത്വത്തില്‍ മതം ഒരു ഘടകമാക്കിയില്ല. പൗരത്വ നിയമം അനുസരിച്ച് ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയും സംസ്കാരവും അംഗീകരിക്കുന്ന വിദേശികള്‍ക്കടക്കം ഏതൊരാള്‍ക്കും പൗരത്വം ലഭിക്കുന്നതിന് തടസ്സമില്ല.
പാകിസ്ഥാനില്‍ നിന്ന് തുരത്തിയോടിക്കപ്പെട്ട ഹിന്ദുക്കള്‍ക്കാണ് സിഎഎ വഴി പൗരത്വം നല്‍കുന്നത്. ഈയാവശ്യം ആദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത് മന്മോഹന് സിങ്ങാണ്. ഏറ്റവുമധികം ന്യൂനപക്ഷ പീഡനമനുഭവിച്ചത് ഹിന്ദുക്കളും പാഴ്സികളും സിഖുകാരും ജൈനരുമാണ്.
മോദി അധികാരത്തില്‍ വന്നശേഷമാണ് അഴിമതിയില്ലാതായത്. മദ്യ അഴിമതികേസില്‍ അറസ്റ്റിലായ അരവിന്ദ് കേജ്രിവാള് ഖലിസ്ഥാന്‍ തീവ്രവാദികളുമായി ബന്ധമുള്ളയാളാണെന്ന് പരസ്യമായി ആരോപിച്ച കോണ്‍ഗ്രസ്സിന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് മടിയില്ല അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ഉത്തരമേഖല ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി വിജയ്കുമാര്‍റൈ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: