ന്യൂദല്‍ഹി: ബലൂചിസ്ഥാന്‍ ഭാരതത്തിന് നഷ്ടപ്പെടാന്‍ ഇടയാക്കിയ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മറ്റൊരു ചരിത്രപരമായ മണ്ടത്തരവും ചര്‍ച്ചയാകുന്നു. ഭാരതത്തോട് ചേരാന്‍ ആഗ്രഹിച്ചിരുന്ന ബലൂചിസ്ഥാനെ പത്രസമ്മേളനത്തിലൂടെ വഞ്ചിക്കുകയും പാകിസ്ഥാന് പിടിച്ചെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ഞെട്ടിക്കുന്ന ചരിത്രരേഖകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
ഭാരതത്തിന് പാകിസ്ഥാന് മേല്‍ നിര്‍ണായക ഭൂമിശാസ്ത്രപരമായി തന്നെ മുന്‍കൈ ലഭിക്കുന്ന സുവര്‍ണാവസരമാണ് നെഹ്റു വിട്ടുകളഞ്ഞത്. ബലൂചിസ്ഥാനിലെ ഖാന് ഓഫ് കലാട്ട് അഥവാ രാജാവായിരുന്നു മിര്‍ അഹമ്മദിയാര്‍ ഖാന്. കലാട്ട് ഒരു ബലൂചിസ്ഥാന്‍ പ്രവിശ്യയായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്തും അവര്‍ക്ക് കാലാട്ടില്‍ അധികാരമില്ലായിരുന്നു. 1876ല്‍ ബ്രിട്ടീഷുകാര്‍ ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഉടമ്പടിയില്‍ ഒപ്പുവച്ചു.
1946ല്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വവുമായി കലാട്ട് ഖാന് ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ പ്രതിനിധികളിലൊരാള്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അബ്ദുള്‍ കലാം ആസാദിനെയും കണ്ടിരുന്നു. എന്നാല്‍ ബലൂചിസ്ഥാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ തന്നെ മൗലാന ചോദ്യം ചെയ്തു. ബ്രിട്ടന് ആസ്ഥാനമായുള്ള ഫോറിന് പോളിസി സെന്റര്‍ എന്ന തിങ്ക് ടാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 1947ല്‍ കലാട്ട് ഖാന് ഒപ്പിട്ട പ്രവേശന പേപ്പറുകള്‍ നെഹ്റു തിരികെ നല്‍കുകയായിരുന്നു.
ഭാരത വിഭജനകാലത്ത് നിര്‍ണായക പങ്ക് വഹിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വി.പി. മേനോന് നടത്തിയ വാര്‍ത്താസമ്മേളനം 1948 മാര്‍ച്ച് 27ന് ഓള് ഇന്ത്യ റേഡിയോ (എഐആര്‍) പ്രക്ഷേപണം ചെയ്തതോടെയാണ് ബലൂചിസ്ഥാന്‍ പ്രതിസന്ധിയിലായത്. കാലാട്ടിനെ അംഗീകരിക്കാന്‍ ഖാന് ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. എന്നാല്‍ ഭാരതത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വി.പി. മേനോന് പറഞ്ഞത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. അത്തരമൊരു അഭ്യര്‍ത്ഥന വന്നിട്ടില്ലെന്നും പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ വി.പി. മേനോന്റെ പ്രസ്താവനയുടെ ആഘാതം ഇല്ലാതാക്കാന്‍ പട്ടേലിന്റെ വിശദീകരണത്തിനുമായില്ല. അപ്പോഴേയ്ക്കും കാര്യങ്ങള്‍ കലങ്ങി മറിയുകയും ഭാരതനേതൃത്വത്തില്‍ നിന്നും സംഭവം കൈവിട്ട് പോവുകയും ചെയ്തിരുന്നു.
ബലൂചിസ്ഥാന്‍ ഭാരതത്തോട് ചേരുമെന്ന് ഭയന്ന പാകിസ്ഥാന് സൈന്യം മുഹമ്മദലി ജിന്നയുടെ നിര്‍ദേശപ്രകാരം 1948 മാര്‍ച്ച് 28ന് കാലാട്ടിലേക്ക് ഇരച്ചുകയറുകയും ബലൂചിസ്ഥാന്‍ പിടിച്ചെടുക്കുകയും ചെയ്തു. മേജര്‍ ജനറല്‍ മുഹമ്മദ് അക്ബര്‍ ഖാന്റെ നേതൃത്വത്തിലായിരുന്നു ബലൂചിസ്ഥാന്‍ പാകിസ്ഥാന് പിടിച്ചെടുത്തത്.
സ്വതന്ത്ര ബലൂചിസ്ഥാന്റെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ നെഹ്റു പരാജയപ്പെടുകയായിരുന്നു. ശക്തമായ പാകിസ്ഥാനാണ് ഭാരതത്തിന് ഗുണകരമെന്ന തെറ്റായ ചിന്താഗതിയായിരുന്നു നെഹ്റുവിനെ നയിച്ചിരുന്നത്. ഈ അവസരം പാകിസ്ഥാന് ഉപയോഗിക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ നേതൃത്വത്തിന് പാകിസ്ഥാനോട് കീഴടങ്ങേണ്ടി വരികയും കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പാകിസ്ഥാന്റെ ചതിയും നിയമവിരുദ്ധമായ പ്രവേശനമാണെന്നാണ് ബലൂചിസ്ഥാന്‍ ജനത വിശ്വസിക്കുന്നത്.
നെഹ്റുവിന് ഈ മൂഢത്വം കൃത്യമായി മനസ്സിലാക്കിയാണ് ചൈന 1962ല്‍ ഭാരതത്തെ ആക്രമിക്കുകയും ആക്ചായി ചിന് മേഖല പിടിച്ചെടുക്കകയും ചെയ്തത്. പുല്ല് പോലും മുളയ്ക്കാത്ത ഭൂമി നമുക്കെന്തിനെന്ന് നെഹുറുവിന്റെ കുപ്രസിദ്ധമായ പ്രതികരണം ഇന്നും ഭാരതത്തെ വേട്ടയാടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: