തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖറിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച ശശിതരൂരിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കി ബിജെപി. സമുദായ സംഘടനകളെ പണം നല്കി സ്വാധീനിക്കുന്നു എന്ന ആരോപണം തെളിയിക്കാന്‍ തരൂരിനെ ബിജെപി വെല്ലുവിളിച്ചു. ആരോപണം തെളിയിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകും. സമുദായ സംഘടനകളെ കൂടി അധിക്ഷേപിക്കുന്ന നിലപാടാണ് ശശിതരൂരിന്റെതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ് പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന പിന്തുണയിലും മുന്നേറ്റത്തിലും ആശങ്കാകുലരായ യുഡിഎഫും ശശിതരൂരും സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് കുറ്റപ്പെടുത്തി. തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ആരോപണമുന്നയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി അത് തെളിയിക്കാന്‍ ബാധ്യസ്ഥനാണ്. അതിന്റെ തെളിവുകള്‍ അദ്ദേഹം സമൂഹത്തിന് കാട്ടണം. അല്ലെങ്കില്‍ ശക്തമായ നിയമ നടപടി നേരിടേണ്ടിവരുമെന്നും വി.വി.രാജേഷ് മുന്നറിയിപ്പ് നല്കി.
പരാജയ ഭീതിയിലാണ് തരൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറായ സബ് കളക്ടര്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ പരാതി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ വി.വി.രാജേഷ്, ചീഫ് ഇലക്ഷന് ഏജന്റ് ജെ.ആര് പദ്മകുമാര്‍ എന്നിവര്‍ ഇലക്ഷന് കമ്മീഷനും പരാതി നല്കി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഓരോദിവസം പിന്നിടുമ്പോഴും വളരെ നല്ല പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് നടന്നുകൊണ്ടിരുന്ന നരേന്ദ്രമോദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ തന്നെ തിരുവനന്തപുരത്തെ ഒരുകൂട്ടം ഫുട്ബോള്‍ പ്രേമികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് കായിക മേഖലയിലെ അനന്തമായ സാധ്യതകളെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തുകയും ഫുട്ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നത്. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥി പര്യടനം കടന്നുപോകുമ്പോള്‍ സ്വീകരണം നല്കാന് അറുപതോളം ഫുട്ബോള്‍ ക്ളബ്ബുകള്‍ തീരുമാനിച്ചിട്ടുണ്ടെന്നും വി.വി.രാജേഷ് പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ കായിക മേഖലയ്ക്ക് ഏറ്റവും മുന്തിയ പ്രാധാന്യം നല്കുമെന്നുള്ള അവരുടെ വിശ്വാസമാണ് ഇതിനുപിന്നില്‍. കായിക മേഖലയില്‍നിന്ന് മാത്രമല്ല ടൂറിസം മേഖലയില്‍നിന്നും ഐടി മേഖലയില്‍നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് നാളിതുവരെ കിട്ടിയിട്ടുള്ളതിനെക്കാള്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വി.വി രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: