ന്യൂദൽഹി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ യൂട്യൂബർ എ. ദുരൈമുരുഗൻ സട്ടായിയുടെ ജാമ്യം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ്, യുട്യൂബിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാൻ തുടങ്ങിയാൽ എത്രപേരെ ജയിലിലടയ്ക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു.
ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. “പ്രതിഷേധിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ അദ്ദേഹം തന്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്ന് പറയാമെന്ന് ഞങ്ങൾ കരുതുന്നില്ല”- സുപ്രീംകോടതി വ്യക്തമാക്കി. സട്ടായിയുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, അദ്ദേഹത്തിന് അനുവദിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്ന് പറയാനാവില്ലെന്ന് അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ജാമ്യം ലഭിച്ചതിന് ശേഷം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് തൊട്ടുപിന്നാലെ ദുരൈമുരുഗൻ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ വീണ്ടും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു മദ്രാസ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.
ജാമ്യത്തിലിരിക്കെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്ന് സട്ടായിയോട് നിബന്ധന വെക്കണമെന്ന അപേക്ഷയും സുപ്രീംകോടതി പരിഗണിച്ചില്ല. ഒരു പ്രസ്താവന അപകീർത്തികരമാണോ അല്ലയോ എന്ന് ആരാണ് നിർണയിക്കുകയെന്ന് ജസ്റ്റിസ് ഓക തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: