സെവിയ്യ: 40 വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം സ്പാനിഷ് കോപ്പ ഡെല്‍ റേ കിരീടത്തില്‍ മുത്തമിട്ട് അത്ലറ്റിക്ക് ബില്‍ബാവോ. ഇന്നലെ സെവിയ്യയില്‍ നടന്ന ഫൈനലില്‍ മയോര്‍ക്കയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ടീം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയ മത്സരം 1-1 സമനിലയില്‍ കലാശിച്ചു. അധികസമയത്ത് സ്കോര്‍ നിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് ഷൂട്ടൗട്ട് കിരീടാവകാശിയെ നിര്‍ണയിച്ചു.
അത്ലറ്റിക് ബില്‍ബാവോയുടെ ചരിത്രത്തിലെ 24-ാമത്തെ കോപ്പ ഡെല്‍ റേ നേട്ടമാണിത്. ഇതിന് മുമ്പ് ടീം ജേതാക്കളായത്. 1984ലാണ്.
കളിയില്‍ മൊത്തത്തില്‍ മികച്ച നീക്കങ്ങളും മുന്നേറ്റങ്ങളുമായി കാണികളുടെ മനം കവര്‍ന്നത് അത്ലറ്റിക്കോ ആണ്. പക്ഷെ കളിയിലെ ആദ്യ ഗോള്‍ നേടിയത് മയോര്കയും. കോര്‍ണര്‍ കിക്കില്‍ നിന്ന് തുടങ്ങിയ നീക്കത്തില്‍ മയോര്കയുടെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ തട്ടിയകന്നു. രണ്ട് വട്ടവും മയോര്‍ക താരങ്ങളുടെ കാല്ക്കല് തന്നെ പന്തെത്തി. ഗോള്‍ പോസ്റ്റിന് കൃത്യം നേരേ ബോക്സ് ലൈനില്‍ പന്ത് കിട്ടിയ ഡാനി റോഡ്രിഗസിന്റെ അത്യുഗ്രന്‍ ലോങ് റേഞ്ചറില്‍ പന്ത് ബില്‍ബാവോ ഗോളിയെ മറികടന്ന് വലയില്‍ കയറി. കളിക്ക് 21 മിനിറ്റെത്തിയപ്പോഴായിരുന്നു മയോര്കയുടെ ഈ മുന്നേറ്റം. ആദ്യപകുതിയില്‍ 1-0ന് മയോര്‍ക മുന്നിട്ടു നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബില്‍ബാവോ സമനില ഗോള്‍ കണ്ടെത്തി. കളിക്ക് 50 മിനിറ്റായപ്പോള്‍ ഓയിഹാന്‍ സാന്‍സെറ്റ് ആണ് ബില്‍ബാവോയ്ക്കായി ഗോള്‍ നേടിയത്.
പിന്നീട് നിരവധി മുന്നേറ്റങ്ങളാണ് ബില്‍ബാവോ നടത്തിയത്. കളിയിലാകെ 30 മുന്നേറ്റങ്ങള്‍ നടത്തി ഏഴ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളും ബില്‍ബാവോ ഉതിര്‍ത്തു. പക്ഷെ വിജയഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. സമനില ഭേദിക്കാന്‍ മയോര്കയ്ക്കുമായില്ല. അധിസയമയത്തും ഒന്നും നടക്കാതെ വന്നതോടെ അന്തിമവിധി ഷൂട്ടൗട്ടിന് വിട്ടു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബില്‍ബാവോ തൊടുത്ത ഷോട്ടുകളെല്ലാം വലയില്‍ കയറിയപ്പോള്‍ മയോര്‍ക തൊടുത്ത രണ്ടാമത്തെയും മൂന്നാമത്തെയും ഷോട്ടുകള്‍ പാഴാക്കി.
ഇതിന് മുമ്പ് 1984ല്‍ എഫ്സി ബാഴ്സിലോണയെ തോല്‍പ്പിച്ചാണ് ബില്‍ബാവോ കോപ്പ ഡെല്‍ റേ കിരീടം നേടിയത്. അതിന് ശേഷം ആറ് തവണ ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. കോപ്പ ഡെല്‍ റേയുടെ ചരത്രത്തിലെ പ്രഥമ കിരീട ജേതാക്കളാണ് ബില്‍ബാവോ. 1903ലെ ആദ്യപതിപ്പില്‍ മാഡ്രിഡ് എഫ്സിയെ തോല്‍പ്പിച്ചാണ് ബില്‍ബാവോ കിരീടം ഉയര്‍ത്തിയത്. ഏറ്റവും കൂടുതല്‍ തവണ കോപ്പ ഡെല്‍ റേ നേടിയതില്‍ ബാഴ്സയ്ക്ക്(31 തവണ) പിന്നില്‍ രണ്ടാമതാണ് ബില്‍ബാവോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: