കമ്യൂണിസ്റ്റ് പാര്‍ട്ടി 1948 ല്‍ നടത്തിയ മുറിവിപ്ലവത്തിന്റെ അടിസ്ഥാനം 1948 ഫെബ്രുവരിയിലെ പൊളിറ്റിക്കല്‍ തീസിസ് എന്ന രേഖയാണ്. ഈ രേഖയുടെ അടിസ്ഥാന ചിന്ത ഇതാണ്:
”(ഇന്ത്യന്‍ ഭരണകൂടം) സാമ്രാജ്യത്വത്തില്‍ ആശ്രയിക്കുന്ന ഒന്നാണ്. ഇതൊരു പാവഭരണകൂടമാണ്.” (M.B.Rao, Documents of the communist Party of India, Val. 8 page 49)
ഞങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പലപ്പോഴും അവകാശപ്പെടുന്നത് വായിക്കാത്തവരുണ്ടാകില്ല. 1946 ല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ഗവണ്‍മെന്റ് രൂപീകരിക്കുകയും 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്‌ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തിട്ടും ആ വസ്തുത അംഗീകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായില്ല. ഇന്ത്യ സ്വതന്ത്രമല്ലെന്നും ഇപ്പോഴും ബ്രിട്ടന്റെ കീഴിലുള്ള പാവ ഗവണ്‍മെന്റാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതി. ഈ വിശ്വാസത്തിന്റെ രേഖാമൂലമുള്ള പ്രഖ്യാപനമാണ് 1948ലെ ‘രാഷ്‌ട്രീയ ബന്ധം.’ ഇതിന്റെ കര്‍ത്താവ് ബി.ടി. രണദിവെ എന്ന നേതാവാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും ദേശീയ സ്വാതന്ത്ര്യം ഒരു ലക്ഷ്യമായി സ്വീകരിച്ചിട്ടേയില്ല. പാര്‍ട്ടി രേഖകള്‍ നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ടാണ് 1947 ലെ സ്വാതന്ത്ര്യം അംഗീകരിക്കാതെ പാര്‍ട്ടി വിപ്ലവത്തിന് പോയത്. വിപ്ലവ ഉദ്ദേശ്യമാകട്ടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് സ്റ്റേറ്റ് സ്ഥാപിക്കലായിരുന്നു. എന്താണ് ഈ ജനകീയ ജനാധിപത്യ റിപ്പബ്ലിക്? അര്‍ത്ഥശങ്കയ്‌ക്ക് ഇടയില്ലാത്തവണ്ണം പാര്‍ട്ടി രേഖ അത് വ്യക്തമാക്കിയിട്ടുണ്ട്:
”കേന്ദ്രക്കമ്മിറ്റിക്ക് വേണ്ടി ജനകീയ ജനാധിപത്യഭരണം എന്നുവെച്ചാല്‍ തൊഴിലാളി വര്‍ഗ്ഗസര്‍വാധിപത്യമാണെന്ന് വളരെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്” (1948 മാര്‍ച്ചിലെ Review of the Second Congress of the CPI. M.B. RAO, നേരത്തെ ഉദ്ധരിച്ച ഗ്രന്ഥം, പേജ് 215) പാര്‍ട്ടി എന്നും ലക്ഷ്യം വച്ചിരുന്നത് ഒരു സര്‍വ്വാധിപത്യ ഭരണം മാത്രമാണ്. ഇതിനുവേണ്ടിയായിരുന്നു 1948 ലെ വിപ്ലവം. ഇന്നും സിപിഐ (എം)ന്റെ ലക്ഷ്യം ജനാധിപത്യം ദൂരെക്കളഞ്ഞ് സര്‍വ്വാധിപത്യം സ്ഥാപിക്കുകയാണ്. ഇക്കാര്യം ആര്‍ക്കും പരിശോധിക്കാവുന്നതേ ഉള്ളൂ. പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള പാര്‍ട്ടി ഭരണഘടനയുടെ രണ്ടാം ഖണ്ഡികയില്‍ പാര്‍ട്ടി ലക്ഷ്യം ലജ്ജയില്ലാതെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടുള്ള പാര്‍ട്ടി സമീപനം നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു രേഖയാണ് ഡോ.ജി. അധികാരിയുടെ ‘India’s Path to Natiional Regeneration and Socialism’ എന്ന ഗ്രന്ഥം. ഉള്‍പാര്‍ട്ടി രേഖയായി എഴുതപ്പെട്ട ഈ ഗ്രന്ഥത്തിലാണ് വളരെ വ്യക്തമായി ഇന്ത്യയുടെ സ്വാതന്ത്ര്യം കമ്യൂണിസ്റ്റ് പാര്‍ട്ടി 1956 ലെ പാലക്കാട് കോണ്‍ഗ്രസ്സില്‍ വച്ചു മാത്രമാണ് അംഗീകരിച്ചത് എന്നു തുറന്ന് സമ്മതിക്കുന്നത്. (പേജ് 134. ഈ ഗ്രന്ഥം marxist.org cpi ല്‍ നിന്ന് ലഭിക്കും) ഈ വര്‍ഷം വരെ ആഗസ്റ്റ് 15 പ്രതിഷേധദിനമായി ആചരിക്കണോ ദേശീയ പതാക ഉയര്‍ത്തണോ എന്ന് പാര്‍ട്ടി സംശയിച്ചിരുന്നു.
സത്യത്തില്‍ തങ്ങളുടെ മുന്നില്‍ നടക്കുന്ന കാര്യങ്ങളെ നേരായ മട്ടില്‍ കാണാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞിരുന്നതേയില്ല. ഇപ്പോഴും കഴിയുന്നുമില്ല. പ്രത്യയശാസ്ത്രം അവരുടെ കാഴ്ചശക്തിയെ നശിപ്പിച്ചിരിക്കുന്നു എന്നു പറയാം. അതുകൊണ്ടാണ് തങ്ങളുടെ കണ്‍മുന്നില്‍ നടന്ന സ്വാതന്ത്ര്യസമരവും തുടര്‍ന്നുള്ള സ്വാതന്ത്ര്യ സമ്പാദനവും പാര്‍ട്ടിക്ക് ഗ്രഹിക്കാന്‍ കഴിയാതെ പോകാന്‍ കാരണം. ഈ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കിയാല്‍ മാത്രമേ 1948 മാര്‍ച്ച് മാസം കമ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ച മുറിവിപ്ലവത്തിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലാവുകയുള്ളൂ.
മുറി വിപ്ലവത്തിന്റെ പ്രാരംഭം
കമ്യൂണിസ്റ്റ് പാര്‍ട്ടി ഉത്ഭവിച്ചത് 1920 ഒക്‌ടോബറില്‍ റഷ്യയിലെ താഷ്‌കെന്റിലാണ്. അന്നത് ഒരു അന്തര്‍ദേശീയ സംഘടനയുടെ ഭാഗമായിരുന്നു. അന്നു മുതല്‍ ഈ സംഘടനയുടെ അഭിപ്രായങ്ങള്‍, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനരീതികള്‍ എന്നിവ വിദേശ നേതൃത്വത്തിന്റെ മാര്‍ഗ്ഗങ്ങളിലാണ് സഞ്ചിരിച്ചിരുന്നത്. റഷ്യന്‍ രീതിയിലുള്ള ഒരു വിപ്ലവം ഇന്ത്യയില്‍ നടത്താനായിരുന്നു പാര്‍ട്ടി ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യന്‍ നേതാക്കളേക്കാള്‍ ബുദ്ധിയുള്ള ഒരു ലോക നേതാവായിരുന്നു ലെനിന്‍. അദ്ദേഹം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്ന ദേശീയ സമരത്തില്‍ പങ്കെടുക്കാനായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെ ഉപദേശിച്ചത്. എന്നാല്‍ ലെനിന്റെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃത്വം തയ്യാറായില്ല. ഈ ഒരു ശരിയായ നിര്‍ദേശം അവഗണിച്ച ഇന്ത്യന്‍ നേതൃത്വം പിന്നീട് വന്ന എല്ലാ തെറ്റായ നിര്‍ദേശങ്ങളും സ്വീകരിക്കുകയും ചെയ്തു. 1930 ആദ്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു പ്രവര്‍ത്തനക്ഷമമായ കേന്ദ്ര നേതൃത്വം ഇന്ത്യയില്‍ ഉണ്ടാവുന്നത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ അക്കാലത്ത് നടന്നുകൊണ്ടിരുന്ന ഒരൊറ്റ സമരത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി പങ്കെടുത്തില്ല. 1934 ല്‍ സംഘടിത നേതൃത്വം ഉണ്ടായപ്പോഴഉം സ്വാതന്ത്ര്യസമരത്തോടുള്ള എതിര്‍പ്പ് തുടര്‍ന്നു. 1936 ല്‍ വളര്‍ന്നുവരുന്ന ജര്‍മ്മന്‍ ഫാസിസം റഷ്യയെ ആക്രമിച്ചേക്കാം എന്ന ഘട്ടം വന്നപ്പോഴാണ് അവര്‍ ദേശീയ പ്രസ്ഥാനവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി അവരെ സിഎസ്പിയില്‍ (കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി) ചേരാന്‍ അനുവദിച്ചു. ജയപ്രകാശ് നാരായണന്റെ ഔദാര്യമായിരുന്നു ഈ സിഎസ്പി പ്രവേശം. ഫലം കേരളത്തിലെ സിഎസ്പി യൂണിറ്റ് മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലയിക്കുകയായിരുന്നു. ഇതോടുകൂടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും കൂട്ടുകൂടാന്‍ പറ്റാത്ത പാര്‍ട്ടിയായി സോഷ്യലിസ്റ്റുകാര്‍ക്ക് ബോധ്യപ്പെട്ടു.
ഏതായാലും വലിയ ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നെങ്കിലും ലക്ഷ്യം കമ്യൂണിസ്റ്റ് സര്‍വ്വാധിപത്യം. ചര്‍ക്ക തിരിച്ചാലൊന്നും സ്വാതന്ത്ര്യം കിട്ടുകയില്ലെന്നും, ബലം പ്രയോഗിച്ചുള്ള വിപ്ലവം ഇതിനാവശ്യമാണെന്നും കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പ്രചരിപ്പിക്കുകയും, സംഘടനയെ ദുര്‍ബലമാക്കാന്‍ തങ്ങളാലാവുന്നതൊക്കെ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവര്‍ വ്യാജമായി പ്രചരിപ്പിച്ച ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളുടെ ഉള്ളുകള്ളി വ്യക്തമായത് 1942-45 കാലത്താണ്. 1942 ല്‍ ജര്‍മ്മനി റഷ്യയെ ആക്രമിച്ചപ്പോള്‍ ”തൊഴിലാളി വര്‍ഗ്ഗത്തിന്റെ മാതൃഭൂമി” ആയ റഷ്യ അപകടത്തില്‍ എന്നാണ് സഖാക്കളുയര്‍ത്തിയ മുദ്രാവാക്യം. അതനുസരിച്ച് റഷ്യയുമായി സഖ്യത്തിലായിരുന്ന ബ്രിട്ടനെ പിന്തുണക്കാന്‍ അവര്‍ തീരുമാനിച്ചു. ഈ യുദ്ധം (രണ്ടാം ലോക മഹായുദ്ധം) ജനകീയ യുദ്ധമാണെന്ന് വ്യാഖ്യാനിച്ചു. അവര്‍ യുദ്ധവുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം കമ്യൂണിസ്റ്റ്-ബ്രിട്ടീഷ് സഹകരണവും വളര്‍ന്നു. ബ്രിട്ടനെതിരായി സമരം ചെയ്ത ഭാരതത്തിലെ ദേശീയവാദികളെ അവര്‍ ബ്രിട്ടനു ഒറ്റുകൊടുത്തു. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിപ്ലവപാര്‍ട്ടിയെന്ന ഖ്യാതി നഷ്ടപ്പെട്ടു. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. തൊഴിലാളികളും വിദ്യാര്‍ത്ഥികളും കമ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ചു.
1945 ലെ ഈ ഒറ്റപ്പെടല്‍ മറികടക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടികള്‍ ആവിഷ്‌കരിച്ചു. ഈ പരിപാടിയുടെ ഭാഗമായി 1946 ആഗസ്റ്റില്‍ പാര്‍ട്ടി രൂപംകൊടുത്ത രേഖയാണ് ‘For the Final Assault.’ ഈ രേഖയനുസരിച്ച് വലിയ പ്രക്ഷോഭങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ പാര്‍ട്ടി തയ്യാറാക്കി. കേരളത്തില്‍ മാത്രം 2500 ലധികം തൊഴിലാളികളും കര്‍ഷകരും കൊല്ലപ്പെട്ട പുന്നപ്ര-വയലാര്‍ സമരം, മൂന്നുപേര്‍ കൊല്ലപ്പെട്ട കരിവെള്ളൂര്‍ ആക്രമണങ്ങള്‍ എല്ലാം ഈ രേഖയുണ്ടാക്കിയ പ്രക്ഷോഭങ്ങളാണ്. ഈ രേഖയുടെ തുടര്‍ച്ചയാണ് 1948 ഫെബ്രുവരിയിലെ വിപ്ലവ രേഖ അഥവാ പൊളിറ്റിക്കല്‍ തീസിസ്. തുടര്‍ന്നുണ്ടായ ‘വിപ്ലവം’ സത്യത്തില്‍ ഇന്ത്യയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല.
തെലങ്കാനയുടെ പ്രശ്‌നം
തെലങ്കാനയിലുണ്ടായ സമരങ്ങള്‍ 1948ലെ കമ്യൂണിസ്റ്റ് കലാപത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതൊരു സങ്കീര്‍ണ പ്രശ്‌നമാണ്. 1948 ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമല്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1946 ലെ ആഗസ്റ്റ് തീരുമാനത്തിനും മുമ്പ് തെലങ്കാനയില്‍ കുഴപ്പങ്ങള്‍ ആരംഭിച്ചിരുന്നു. 1946 ജൂലൈ നാലാം തീയതി മുതലെ കൊലപാതകങ്ങള്‍ ആരംഭിച്ചു എന്നു പറയാം. കടുത്ത ജന്മിത്ത ചൂഷണം നിലവിലുണ്ടായിരുന്നു. ഈ ചൂഷണം നിയമപരമായി അവസാനിപ്പിക്കുന്നതിന് പകരം ബലപ്രയോഗത്തിന്റെ മാര്‍ഗം തിരഞ്ഞെടുക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഭൂമി വിതരണം ചെയ്തു എന്ന അവകാശവാദം പൊള്ളയായിരുന്നു. ഹൈദരാബാദ് വിമോചന പ്രസ്ഥാനത്തിന്റെ നേതാവും
1952 മുതല്‍ 1957 വരെ ലോക് സഭാംഗവുമായിരുന്ന സ്വാമി രാമനന്ദ തീര്‍ത്ഥയുടെ മെമ്മറീസ് ഓഫ് ഹൈദരാബാദ് ഫ്രീഡം സ്ട്രഗിള്‍ എന്ന ഗ്രന്ഥം (1961 ല്‍ പ്രസിദ്ധീകരിച്ചത്) ഈ നുണ പ്രചാരണത്തെ തുറന്നുകാട്ടുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ”ഞാന്‍ പട്ടാപ്പകല്‍ കമ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ (guerilla units) വെടിവെച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ കണ്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പിന്തുണക്കാത്തവരുടെ ദേഹങ്ങളായിരുന്നു അത്. (മേലുദ്ധരിച്ച ഗ്രന്ഥം, പേജ് 211) കമ്യൂണിസ്റ്റുകാര്‍ ഭൂമി വിതരണം ചെയ്തു എന്നത് നുണയാണെന്നു അദ്ദേഹം പറയുന്നു:
”സമരത്തിന് കാരണമായ ജന്മിമാര്‍ നഗരങ്ങളില്‍ സുഖമായി കഴിഞ്ഞു. കമ്യൂണിസ്റ്റുകാര്‍ അവരുടെ പരിപാടി അംഗീകരിക്കാത്ത സാധാരണക്കാരെ ഉപദ്രവിച്ചു, കൊള്ള ചെയ്തു, കത്തിച്ചു, കൊന്നു. കമ്യൂണിസ്റ്റ് നേതാക്കളുടെ ആജ്ഞ അനുസരിക്കാത്ത ഒരു വൃദ്ധന്റെ രണ്ടുമക്കളെ കൊന്നത് ഒരു ഗ്രാമത്തില്‍ ഞാന്‍ നേരില്‍ കണ്ടു” (അതേ പുസ്തകം പേജ് 211)
കമ്യൂണിസ്റ്റുകാര്‍ ഭൂമി വിതരണം ചെയ്തു എന്നത് നുണയാണെന്നു അദ്ദേഹം പറയുന്നു:
”കമ്മ്യൂണിസ്റ്റുകാര്‍ ഭൂമി ഭൂരഹിതര്‍ക്ക് പുനര്‍വിതരണം ചെയ്തു എന്ന് അവകാശപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇത് വെറും നുണയാണ്. മിക്കവാറും കേസുകളില്‍ ഭൂമി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്താങ്ങുന്നവര്‍ക്കാണ് നല്‍കിയിട്ടുള്ളത് (മേലുദ്ധരിച്ച പുസ്തകം പേജ് 212)
ഭൂരഹിതരുടെ ഭൂമിക്ക് വേണ്ടിയുള്ള ദാഹത്തില്‍നിന്നാണ് തെലങ്കാന ലഹളയുണ്ടായതെന്ന് കമ്യൂണിസ്റ്റുകള്‍ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാസ്തവം എന്തെന്ന് സ്വാമി രാമാനന്ദ തീര്‍ത്ഥ പറയുന്നു: ”തെലുങ്കാന കലാപം ഭൂരഹിതരുടെ ഭൂമിക്ക് വേണ്ടിയുള്ള ദാഹത്തില്‍നിന്ന് ഉണ്ടായതാണെന്ന് കമ്യൂണിസ്റ്റുകള്‍ അവകാശപ്പെട്ടിട്ടുണ്ട്. ഇത് വെറും കെട്ടുകഥയാണ്. തെലുങ്കാനയില്‍ നിലവിലുണ്ടായിരുന്ന സാഹചര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗപ്പെടുത്തി. കൃഷിക്കാര്‍ക്ക് സെമിന്താര്‍മാര്‍ കൈവശം വച്ചിരുന്ന ഭൂമി കൊടുക്കാമെന്ന വാഗ്ദാനം ചെയ്ത് കമ്യൂണിസ്റ്റുകാരുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കൃഷിക്കാരെ ഉപയോഗിക്കുകയായിരുന്നു” (അതേ ഗ്രന്ഥം-പേജ് 212)
തെലങ്കാനയില്‍ 40,000 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ അവ 1946 ല്‍ ആരംഭിച്ച കമ്യൂണിസ്റ്റ് കലാപം, ഹൈദരാബാദ് നൈസാം അദ്ദേഹത്തിന്റെ കൂലിപ്പടയാളികളായ ”റസാക്കര്‍മാര്‍”മാരുമായി ചേര്‍ന്ന് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നേരെ നടത്തിയ കൂട്ടക്കൊല, ഇന്ത്യന്‍ പട്ടാളം 1948 ല്‍ ഹൈദരാബാദ് വിമോചനത്തിനായി പൊരുതിയപ്പോള്‍ കമ്യൂണിസ്റ്റുകാരും റസാക്കര്‍മാരും ചേര്‍ന്ന് നടത്തിയ ഇന്ത്യക്കെതിരായ ചെറുത്ത് നില്‍പ്പ് സമരം ഇവയിലെല്ലാം കൂടി കൊല്ലപ്പെട്ടതാണ്. ഇത് കമ്യൂണിസ്റ്റ് കലാപത്തിന്റെ ഫലമല്ലെന്ന് മാത്രമല്ല, 1944 മുതല്‍ 1951 വരെയുണ്ടായ വിവിധ പ്രശ്‌നങ്ങളിലെ മരണസംഖ്യ ആണ്.
സമരങ്ങള്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍
1948 ലെ സമരം പടിഞ്ഞാറന്‍ ബംഗാള്‍, ആന്ധ്ര, മദിരാശിയില്‍ മലബാര്‍ പ്രദേശം, ബോംബേയില്‍ അഹദ് നഗര്‍, കിഴക്കന്‍ യുപി, പഞ്ചാബ്, മണിപ്പൂര്‍, ഹൈദരബാദ് എന്നീ സംസ്ഥാനങ്ങളെ സമരം സ്പര്‍ശിച്ചു എന്നു പറയാം. പടിഞ്ഞാറന്‍ ബംഗാളിലും ഹൈദരാബാദിലും മദിരാശിയിലും (മലബാര്‍)തിരുവിതാംകൂറിലും പാര്‍ട്ടി നിരോധിക്കപ്പെട്ടു. ഇന്ത്യയില്‍ മുഴുവനുമായി 1949 ആഗസ്ത് മാസം വരെ 2500 പേരെ അറസ്റ്റ് ചെയ്യേണ്ടി വന്നു. മിക്ക സ്ഥലങ്ങളിലും മരണം അരഡസനില്‍ ഒതുങ്ങിനിന്നു. തെലുങ്കാനയിലും കേരളത്തിലുമൊഴിച്ച്.
കേരളത്തില്‍ 1948 സമരം
കോറോം: കേരളത്തില്‍ 1948 ലെ മുറി വിപ്ലവത്തെത്തുടര്‍ന്ന് 1948 ഏപ്രില്‍ 10 ന് കണ്ണൂരിലെ കോറോം എന്ന സ്ഥലത്ത് ജന്മി ആക്രമിക്കപ്പെടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരാള്‍ പോലീസ് ലോക്കപ്പില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. രണ്ട് പേര്‍ ജയിലില്‍ കൊല്ലപ്പെട്ടു. ഒരാള്‍ സേലം ജയിലിലെ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടു. ആകെ കൊല്ലപ്പെട്ടവര്‍ അഞ്ച്.
തിലങ്കേരി: 1948 ഏപ്രില്‍ 12 ന് ആണ് കണ്ണൂരിലെ തില്ലങ്കേരിയില്‍ 300 ഓളം സഖാക്കള്‍ ജന്മിയെ ആക്രമിച്ചു നെല്ലെടുത്തു വിതരണം ചെയ്തു. സംഭവസ്ഥലത്തെ വെടിവയ്‌പ്പ്, ജയിലില്‍ കൊല്ലപ്പെട്ടത്, സേലം ജയില്‍ വെടിവെപ്പ് എന്നിവയെല്ലാം ചേര്‍ത്ത് 16 പേര്‍ കൊല്ലപ്പെട്ടു.
മുനയന്‍ കുന്ന്: 1948 മെയ് മാസം കണ്ണൂരിലെ മുനയന്‍ കുന്ന് എന്ന കുന്നില്‍ സഖാക്കള്‍ ഒരു സായുധ ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി പോലീസ് വരുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു. തുടര്‍ന്നുള്ള വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.
ഒഞ്ചിയം: 1948 മെയ് ഒന്നാം തീയതി ഒഞ്ചിയത്ത് ഒളിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരെ ആന്വേഷിച്ചു ചെന്ന പോലീസിനെതിരെ കമ്യൂണിസ്റ്റുകള്‍ ചെറുത്തുനിന്നു. തുടര്‍ന്ന് വെടിവയ്‌പ്പുണ്ടാവുകയും എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
മൊയാരത്ത് ശങ്കരന്റെ മരണം: 1920 മുതലെ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൊയാരത്ത് ശങ്കരന്‍ 1940 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പോവുകയും 1948 ല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. 1948 മെയ് 13 ന് കമ്യൂണിസ്റ്റ് അട്ടിമറിക്കാരനാണെന്ന് കരുതി അറസ്റ്റ് ചെയ്യപ്പെടുകയും മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
1948 ലെ കമ്യൂണിസ്റ്റ് കലാപങ്ങളിലെ മരണം, അറസ്റ്റ് തുടങ്ങിയ സംഭവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
ആകെ മരണം: 55, ആകെ കേസ് : 300, പ്രതികള്‍ : 3000, അറസ്റ്റ് ചെയ്‌പ്പെട്ടവരുടെ എണ്ണം: 1889.
1948 ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെ മാത്രമേ ‘വിപ്ലവം’ നിലനിന്നുള്ളൂ.
ഈ ‘വിപ്ലവ’ത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തോടുള്ള അതിനീചമായ സമീപനത്തെ തുറന്നു കാണിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് ഈ ‘വിപ്ലവ’ത്തിന്റെ ഓര്‍മപോലും പുതുക്കാന്‍ കമ്യൂണിസ്റ്റുകാര്‍ ഭയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: