ന്യൂനപക്ഷമായിരുന്ന നരസിംഹറാവു സര്‍ക്കാരിനെ ‘ഭൂരിപക്ഷമാക്കി’ നിര്‍ത്താന്‍തക്ക രാഷ്ട്രീയ സഹായങ്ങള്‍ ചെയ്തിരുന്നവരില് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ഉണ്ടായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ആയിരുന്നു അക്കാലത്ത് സിപിഎം സെക്രട്ടറി. നരസിംഹറാവുവുമായി നല്ല ബന്ധത്തിലായിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് രഹസ്യമായും മറ്റുള്ളവരില്‍നിന്ന് പരസ്യമായും സുര്‍ജിത് പഴികേട്ടു. സുര്‍ജിത്തിന്റെ മകന് ഗുര്‍ചരണ്‍ സിങ്ങിന് വിദേശത്ത് ബന്ധമുള്ള ചില ബിസിനസ് ഇടപാടുകളില്‍ നരിസംഹറാവു സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുവെന്നും മറ്റും കോണ്‍ഗ്രസുകാര്‍തന്നെ ആരോപണം പറഞ്ഞിരുന്നു. നരസിംഹറാവുവിനോടുള്ള എതിര്‍പ്പുകാലത്താണ് അത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഒരുകാര്യം വാസ്തവമാണ്, അധികാരത്തിലിരിക്കാന്‍ സുര്‍ജിത്തിന് ഒരിക്കലും താത്പര്യമില്ലായിരുന്നു. പക്ഷേ, ‘അധികാരത്തിലിരുത്തി’ ആവശ്യങ്ങള്‍ നടത്താന്‍ സാമര്‍ത്ഥ്യമേറെയായിരുന്നു. നരസിംഹറാവുവിന്റെ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണത്തിന്റെ പേരില്‍ നടത്തിയ സകല നടപടികളേയും നയതീരുമാനങ്ങളെയും സിപിഎം പരസ്യമായി എതിര്‍ത്തു, പക്ഷേ റാവു സര്‍ക്കാരിന് സംരക്ഷണം കൊടുക്കാന്‍ സുര്‍ജിത്ത് ഏറെ ശ്രദ്ധിച്ചു. ‘ബിജെപിയെ ചെറുക്കുക’ എന്ന ഒറ്റ അജണ്ടയായിരുന്നു അതിന് പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നത്.
അങ്ങനെയിരിക്കെയാണ് മുമ്പ് പറഞ്ഞ അവിശ്വാസ പ്രമേയം വന്നത്. അവിശ്വാസം റാവു സര്‍ക്കാര്‍ അതിജീവിച്ചു. 251 എതിര്‍വോട്ടിനെതിരെ സര്‍ക്കാര്‍ 256 വോട്ടു നേടി. 1993 ലായിരുന്നു അത്; ജൂലൈ 28 ന്. അതിന്റെ പിന്നാമ്പുറ സംഭവങ്ങള്‍ പുറത്തുവന്നത് 1996ല്‍. ആ വര്‍ഷം ഫെബ്രുവരി ഒന്നിന് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) സിബിഐക്ക് ഒരു പരാതിനിറകി. നരസിംഹറാവു സര്‍ക്കാരില്‍ അവിശ്വാസ പ്രമേയം അതിജീവിക്കാന്‍ എംപിമാര്‍ക്ക് കോഴകൊടുത്ത് ഒപ്പം നിര്‍ത്തി; അഥവാ എംപിമാരെ വിലയ്ക്ക് വാങ്ങി എന്നായിരുന്നു പരാതി.
എന്‍.ഡി. തിവാരി പുതിയ കോണ്‍ഗ്രസ് പ്രസിഡന്റായി
കോണ്‍ഗ്രസ് നേതാക്കളായ സതീഷ് ശര്‍മ്മ, അജിത് സിങ്, ഭജന്‍ലാല്‍, വി.സി. ശുക്ല, ആര്.കെ. ധവാന്, ലളിത് സൂരി എന്ന വ്യവസായി എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി, പദ്ധതി നടപ്പാക്കി എന്നായിരുന്നു ആരോപണം. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെ ഒപ്പം നിര്‍ത്താന്‍ മൂന്നുകോടി രൂപ വീതം വാഗ്ദാനം ചെയ്തു, ജെഎംഎംന്റെ എംപിയായ സൂരജ് മണ്ഡലിന് 1.10 കോടി രൂപ കൈമാറി എന്നായിരുന്നു പരാതി. കോഴ കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്ഹമായതിനാല് സിബിഐ അന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്കും പരാതിക്കാരായ സുരജ് മണ്ഡല്, ജെഎംഎം പാര്‍ട്ടിത്തലവന്‍ ഷിബു സോറന്, സൈമണ്‍ മറാണ്ടി, ശൈലേന്ദ്ര മഹാതോ എന്നിവര്‍ക്കുമെതിരെ കേസെടുത്തു. റാവു സര്‍ക്കാരിനും പ്രധാനമന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ റാവുവിനെതിരെയും ഉയര്‍ന്ന ആ അഴിമതി ആരോപണങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ അടിത്തറ ഉലഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനം കഠിനമായി വെറുക്കാന്‍ തുടങ്ങിയത് അക്കാലം മുതലാണ്. 1994ല്‍ അതായത് നരസിംഹറാവു സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷം തുടക്കത്തില്‍, മെയ് മാസം, റാവുവിനെതിരെ പാര്‍ട്ടിയില്‍ പടയൊരുങ്ങി. റാവുവിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത അര്ജുന് സിങ്ങായിരുന്നു നേതാവ്. എം.എല്‍. ഫൊത്തേദാറും ഒപ്പം നിന്നു. റാവു സര്‍ക്കാരിലെ മാനവശേഷി വികസന വകുപ്പുമന്ത്രിയായിരുന്നു അര്ജുന് സിങ്. (അര്ജുന് സിങ് ഒടുവില്‍ കോണ്‍ഗ്രസ് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് കേരളത്തില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു). സോണിയാ ഗാന്ധിയുടെ ആശീര്‍വാദമുണ്ടായിരുന്നോ അര്ജുന് സിങ്ങിനെന്ന കാര്യം ഉറപ്പില്ല. എന്നാല്‍ സോണിയയ്ക്കും നിയന്ത്രിക്കാനും പറ്റാത്ത തരത്തില്‍ റാവുവില്‍ പാര്‍ട്ടി-സര്‍ക്കാര്‍ അധികാരങ്ങള്‍ കേന്ദ്രീകരിച്ചിരുന്നു. ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന മുദ്രാവാക്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതും റാവുവിന്റെ അധികാരത്തില്‍ ചിലത് പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, എതിരായി നിന്നവരെയെല്ലാം ഓരോരോ തരത്തില്‍ റാവു ഒതുക്കാന്‍ ശ്രമിച്ചു. നേതാക്കള്‍ ഓരോരുത്തരായി പാര്‍ട്ടി വിട്ടു. അര്ജുന് സിങ്, ദല്‍ഹി തല്‍ക്കത്തോറയില്‍ നരസിംഹറാവു വിരുദ്ധ കോണ്‍ഗ്രസുകാര്‍ നടത്തിയ റാലിയില്‍, എന്‍.ഡി. തിവാരിയെ ‘പുതിയ കോണ്‍ഗ്രസ് പ്രസിഡന്റായി’ പ്രഖ്യാപിച്ചു. പിന്നീട് ആ വിമതര്‍ ചേര്‍ന്ന് ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര)’ എന്ന വിളിപ്പേരും സ്വീകരിച്ചു.
1996 ലെ തെരഞ്ഞെടുപ്പ് നിര്‍ണായകമായി
എന്നാല്‍, എന്‍.ഡി. തിവാരിക്കും അര്ജുന് സിങ്ങിനുമൊന്നും റാവുവിനെ അത്ര കാര്യമായി ഒതുക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല എതിരാളികളുടെ എതിര്‍പക്ഷത്തു നില്ക്കുന്ന കോണ്‍ഗ്രസ്സുകാരെ പ്രോത്സാഹിപ്പിച്ചും സഹായിച്ചും റാവു വിമതരെ ഒതുക്കിക്കൊണ്ടിരുന്നു. ഉദാഹരണത്തിന്, മധ്യപ്രദേശിന്റെ നേതാവാണ് അര്ജുന് സിങ് എന്ന വികാരമുണ്ടായിരുന്നു. അവിടെനിന്നായിരുന്നു കോണ്‍ഗ്രസില്‍ ഏറെ ദേശീയ നേതാക്കള്‍. മാധവറാവു സിന്ധ്യ, വി.സി. ശുക്ല, കമല്‍നാഥ്, ദിഗ് വിജയ് സിങ് എന്നിങ്ങനെയുള്ള ആ പ്രധാന നേതാക്കള്‍ തമ്മില്‍ത്തമ്മിലുമുണ്ടായിരുന്നു ‘മത്സരങ്ങള്‍.’ റാവു അത് ശക്തിപ്പെടുത്തി. അങ്ങനെ അര്ജുന് സിങ്, മാധവറാവു, ശുക്ല എന്നിവരുടെ വിമതനീക്കത്തെ കമല്‍നാഥും ദിഗ്വിജയ് സിങ്ങും മറ്റും വഴി റാവു പ്രതിരോധിച്ചു. രാജസ്ഥാനിലും കേരളത്തിലും പോലും റാവു ഈ കളികളിച്ചു. പല താത്പര്യങ്ങളാലും കാരണങ്ങളാലും കേരളത്തില്‍ എ.കെ. ആന്റണിയും കൂട്ടരും റാവുപക്ഷത്തായിരുന്നുവല്ലോ. നരസിംഹറാവുവിനു പകരം ‘ഹൈക്കമാന്‍ഡ്’ എന്ന വാക്ക് അവര്‍ ആവര്‍ത്തിച്ചുവെന്നു മാത്രം. കോണ്‍ഗ്രസ് പ്രസിഡന്റ് റാവു ആയിരുന്നതിനാല്‍ സോണിയാ ഗാന്ധി ഉണ്ടായിരിക്കെയും റാവു തന്നെയായിരുന്നു ഹൈക്കമാന്‍ഡ്.
നരസിംഹറാവുവിന്റെ ഭരണം, ‘ന്യൂനപക്ഷ’ സര്‍ക്കാരിന്റേതായതും സ്വന്തം പാര്‍ട്ടിക്കും റാവു വിരുദ്ധനായതും ഓരോ കോണ്‍ഗ്രസ് നേതാക്കളും അവരവരുടെ താത്പര്യങ്ങള്‍ നടപ്പാക്കി ഭരിച്ചതും വഴി ഏറ്റവും ജനഹിത വിരുദ്ധമായി. സോണിയാഗാന്ധിയുടെ നേതൃത്വത്തിലെ സമാന്തര ഭരണ- സംഘടനാ സംവിധാനങ്ങള്‍ കൂടിയായപ്പോള്‍ 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനം ‘നോക്കുകുത്തി’യായി. പത്താം നമ്പര്‍ ജന്‍പഥും (സോണിയാ വസതി) ഏഴാം നമ്പര്‍ റേസ് കോഴ്സ് റോഡും (പ്രധാനമന്ത്രിയുടെ വസതി, ഇപ്പോള്‍ ഏഴാം നമ്പര്‍ ലോക് കല്യാണ്‍ മാര്‍ഗ്) ഭരണകേന്ദ്രങ്ങളായി. മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളുടെ ‘പ്രധാനമന്ത്രി’മാരായി. നയത്തിലും നടപടിയിലും അഴിമതികളായി. പ്രധാനമന്ത്രിയായിരിക്കെ കോടതി കയറേണ്ടിവന്നയാളെന്ന ചരിത്രം നരസിംഹറാവുവിന്റേതാകുമെന്ന അവസ്ഥയായി. ജെഎംഎം കോഴക്കേസ്, സെന്റ് കിറ്റ്സ് കേസ്, ഓഹരിക്കുംഭകോണം, ചന്ദ്രസ്വാമി ബന്ധക്കേസ് എന്നിങ്ങനെ പ്രധാനമന്ത്രി പ്രധാന പ്രതിയായ കേസുകള്‍ ഒരു വഴിക്ക്. സുഖ്റാമിന്റെ ടെലികോം അഴിമതിയും മറ്റും വേറേ. ഭരണംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയ കാലമായിരുന്നു അത്.
അഴിമതിക്കെതിരേയും നിലപാടിലും നയങ്ങളിലും പാര്‍ട്ടി-സര്‍ക്കാര്‍ ആഭ്യന്തര പ്രശ്നങ്ങളിലും കോണ്‍ഗ്രസ് ഭരണത്തിനെതിരെയുള്ള ജനവികാരം പ്രകടിപ്പിക്കുന്നതായി 1996ലെ തെരഞ്ഞെടുപ്പ്. ഭാരത തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതായി ആ തെരഞ്ഞെടുപ്പു ഫലം. ഇടക്കാല തെരഞ്ഞെടുപ്പുകളുടെ ‘കൂട്ടപ്പൊരിച്ചിലു’കള്‍ക്ക് തിരികൊളുത്തിയ ഫലം. ഒപ്പം രാജ്യത്ത് പുതിയ രാഷ്ട്രീയ മുന്നണി-സഖ്യ സംസ്കാരത്തിന് തുടക്കമിട്ട സംഭവഗതികളും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: