കണ്ണൂർ: പാനൂർ സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്തി. പത്തിലധികം സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ഷാബിൻ ലാലാണ് ചോദ്യം ചെയ്യുന്നതിനിടെ ബോംബിനെക്കുറിച്ച് വെളുപ്പെടുത്തിയത്. കൂടുതൽ ബോംബ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാനൂരിലും പരിസരപ്രദേശങ്ങളിലും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിആർപിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്.
സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിർമാണം നടന്നുവരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ബോംബ് നിർമിച്ചിരുന്നത്. സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെടുത്തത്.
സംഭവത്തിൽ ഇതുവരെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അരുൺ, അതുൽ, ഷിബിൻ ലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സായൂജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടന സമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നതായാണ് പോലീസ് കണ്ടെത്തൽ. ബോംബ് നിർമ്മാണവുമായി ബന്ധമുള്ള എട്ടോളം പേരെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് സായൂജ് പോലീസിന്റെ പിടിയിലാവുന്നത്. ഇവരെല്ലാവരും സിപിഎം അനുഭാവികളാണ്.
നിരവധി ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുളള ഇവരെ തെരഞ്ഞെടുപ്പ് കാലത്ത് നിരീക്ഷിക്കുന്നതിൽ പോലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് വ്യക്തമാവുകയാണ്. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമെന്ന് തെളിഞ്ഞിട്ടും എന്തിന് വേണ്ടി, ആർക്ക് വേണ്ടി എന്നതിൽ ഇനിയും ഉത്തരമില്ല. അന്വേഷണത്തിലെ പോലീസിന്റെ മെല്ലെപ്പോക്കിലും വിമർശനമുയർന്നു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഷെറിൻ, വിനീഷ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകിട്ടോടെ ചികിത്സയിലിരിക്കെ ഷെറിൻ മരിച്ചു. വിനീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: