മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ആദ്യ വാണിജ്യ കപ്പലിന്റെ കന്നി യാത്രയുടെ സ്മരണയ്‌ക്കായാണ് ഏപ്രില്‍ 5ന് ദേശീയ സമുദ്രദിനം ആഘോഷിക്കുന്നത്. സിന്ധ്യ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ വാഹനം 1919 ഏപ്രില്‍ 5ന് മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്ര പുറപ്പെട്ടു. എസ്എസ് ലോയല്‍റ്റി എന്നായിരുന്നു കപ്പലിന്റെ പേര്. ഈ വര്‍ഷം 60-ാം ദേശീയ സമുദ്രദിനം ആഘോഷിക്കുകയാണ്.
”കടലിനെ ആരു ഭരിക്കുന്നുവോ, അവര്‍ ലോകത്തേയും ഭരിക്കും”-ആല്‍ഫ്രഡ് മാഹന്‍ എന്ന അമേരിക്കന്‍ സമുദ്ര വിജ്ഞാനീയ സൈദ്ധാന്തികന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഒടുവില്‍ അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വൂഡ്രോ വില്‍സന്റെ പതിനാലിന നിര്‍ദ്ദേശത്തില്‍ കടല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന പരികല്പനയാണ് മുന്‍പോട്ടുവച്ചത്. 1994ല്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രഫ. ഗുന്തര്‍ പോളിയാണ് നീല സമ്പദ് വ്യവസ്ഥ എന്ന ആശയം മുന്നോട്ടുവെച്ചത്.
ഇന്ത്യയ്‌ക്ക് 8118 കിലോമീറ്റര്‍ ദൂരം തീരവും 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്രമേഖലയില്‍ പരമാധികാരവും ഉണ്ട്. 118 ചെറുകിട തുറമുഖങ്ങളും 12 വലിയ തുറമുഖങ്ങളുമുണ്ട്. പ്രതിവര്‍ഷം 1400 ദശലക്ഷം ചരക്കുകളുടെ നീക്കവും ഈ തുറമുഖങ്ങളിലൂടെ നടക്കുന്നുണ്ട്. നമ്മുടെ കടലില്‍ വാണിജ്യ അടിസ്ഥാനത്തില്‍ പിടിക്കുന്ന 665 ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളും ഉണ്ട്. 17 കോടിയോളം വരുന്ന ജനങ്ങള്‍ തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതി വാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്. നമ്മുടെ രാജ്യത്തിന്റെ അധികാരപരിധിയിലുള്ള കടലില്‍നിന്ന് ഒരു വര്‍ഷം പിടിച്ചെടുക്കുന്ന മത്സ്യം 53 ലക്ഷം ടണ്‍ ആണെന്നതാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, ഇപ്പോള്‍ നാം പിടിക്കുന്ന മത്സ്യം ശരാശരി 35 ലക്ഷം ടണ്‍ മാത്രമാണ്. ഇന്ത്യന്‍ കടലില്‍ കണക്കുകളനുസരിച്ച് ഏകദേശം 3.12 ലക്ഷം യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സമുദ്രവിഭവങ്ങളുടെ ചൂഷണമാണ് ബ്ലൂ ഇക്കോണമിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികവളര്‍ച്ചയ്‌ക്ക് കടല്‍വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന അന്വേഷണമാണ് ബ്ലൂ ഇക്കോണമിയുടെ മര്‍മം. ആധുനിക വ്യവസായങ്ങള്‍ക്ക് കടല്‍ ഖനിജങ്ങള്‍ ആവശ്യമാണ്. കംപ്യൂട്ടര്‍ ചിപ്പുകള്‍ പോലെയുള്ളവയ്‌ക്കാണ് അവയുടെ ആവശ്യം കൂടുതലായി വേണ്ടിവരുന്നത്. ഇത്തരം അസംസ്‌കൃത വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഴക്കടല്‍ ഖനനം കടലിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. മറ്റ് രാജ്യങ്ങളില്‍ പുറം കടലിലാണ് ഖനനം നടക്കുന്നത്. എണ്ണ, പ്രകൃതി വാതകങ്ങള്‍, മാംഗനീസ്, നൊഡ്യൂള്‍സ്, കോപ്പര്‍ നിക്കല്‍, കോബാള്‍ട്ട്, പോളി മെറ്റാലിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഖനനം ചെയ്ത് കടലില്‍ നിന്നെടുക്കാം. കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതി വാതകങ്ങളും ഉള്‍പ്പെടെ എല്ലാത്തരം വിഭവങ്ങളുടെയും വിനിയോഗം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ നീലസമ്പദ് വ്യവസ്ഥ അഥവാ ബ്ലൂ ഇക്കോണമി എന്ന നയം കൊണ്ടുവന്നു.
നിസ്സാര തുക ലൈസന്‍സ് ഫീ നല്‍കി സെനഗലിന്റെ കടലില്‍ പ്രവര്‍ത്തിച്ച സ്പാനിഷ് ട്രാളറുകള്‍ അവിടത്തെ കടല്‍ തൂത്തുവാരി. 1994ല്‍ സെനഗലിലെ തൊഴിലാളികള്‍ 95,000ടണ്‍ മത്സ്യം പിടിച്ചത് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ നേര്‍പകുതിയായി. മത്സ്യസംസ്‌കരണ ശാലകളിലെ 5060 ശതമാനം പേരെയും പിരിച്ചുവിട്ടു. തുടര്‍ന്ന് സെനഗല്‍ മത്സ്യസഹകരണ കരാറില്‍നിന്നു പിന്‍മാറി. ‘സെനഗാള്‍ വത്കരണം’ എന്നു മത്സ്യ ഗവേഷകര്‍ വിളിക്കുന്ന ഈ ദുരന്തം തൊട്ടടുത്ത രാജ്യങ്ങളായ മൊറോക്കോ, സിയറാലിയോണ്‍, കേപ് വെര്‍ദെ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.
തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള അതിര്‍ത്തിയാണു തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയല്‍ വാട്ടേഴ്‌സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ജലാതിര്‍ത്തി ‘യുഎന്‍ കണ്‍വന്‍ഷന്‍ ഓണ്‍ ദ് ലോസ് ഓഫ് ദ് സീ’ ഇഇസെഡ് ആയി നിര്‍വചിക്കുന്നു. യുഎന്‍ കണ്‍വന്‍ഷന്‍ രേഖ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും യുഎസ് അംഗീകരിച്ചിട്ടില്ല. ഈ പ്രദേശത്തു തീരരാജ്യങ്ങള്‍ പരമാധികാരം അവകാശപ്പെടുന്നത് ‘എക്‌സസീവ് മാരിടൈം ക്ലെയിം’ അഥവാ കടന്നു കയറി ഉയര്‍ത്തുന്ന അവകാശമായാണ് അമേരിക്ക കാണുന്നത്. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയല്‍ വാട്ടേഴ്‌സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള കടല്‍) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കില്‍ ‘പൊതുവഴി’യോ ആയാണു യുഎസ് കാണുന്നത്. അവിടെ സ്വതന്ത്രമായി കടന്നുപോകാനും വേണ്ടിവന്നാല്‍ സൈനികാഭ്യാസം നടത്താനും അവകാശമുണ്ടെന്നാണു യുഎസിന്റെ വാദം. എന്നാല്‍ ഇന്ത്യയ്‌ക്ക് 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള സമുദ്രാതിര്‍ത്തി തീരരാജ്യത്തിന്റെ സ്വത്താണ്. ആ പ്രദേശത്തുനിന്നു ധാതുക്കളും മറ്റും ഖനനം ചെയ്യാനും മത്സ്യബന്ധനം നടത്താനും അതിനാവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും തീരരാജ്യത്തിനു മാത്രമേ അധികാരമുള്ളൂ. അവിടെക്കൂടി കടന്നുപോകുമ്പോള്‍ പടക്കപ്പലുകള്‍ തീരരാജ്യത്തെ അറിയിക്കണം, അഭ്യാസം നടത്താനാണെങ്കില്‍ അനുമതി വാങ്ങിയിരിക്കണം.
ആഫ്രിക്കയിലെ സീഷെല്‍സ് മുതല്‍ സമോവ വരെ പരന്നുകിടക്കുന്ന വിസ്തൃതമായ ഇന്ത്യന്‍ സമുദ്രത്തില്‍ കപ്പല്‍ ഗതാഗതം, സംയുക്ത നാവിക അഭ്യാസം, ആഴക്കടല്‍ പര്യവേഷണം, കടല്‍ക്കൊള്ളക്കാരെ തുരത്തല്‍ എന്നീ ലക്ഷ്യങ്ങളോടെ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്തമായ പ്രവര്‍ത്തനം ഇന്ത്യ നടത്തണമെന്ന് ബ്ലൂ ഇക്കാണമി രേഖ പറയുന്നു. അമേരിക്കയുമായി 1992 മുതല്‍ അറബിക്കടലില്‍ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ മലബാര്‍ എക്‌സര്‍സൈസ്, 2001 മുതല്‍ ഫ്രാന്‍സുമായി ചേര്‍ന്നുള്ള വരുണ, 2004 മുതല്‍ ബ്രട്ടനുമായി ചേര്‍ന്നു നടത്തുന്ന കൊങ്കണ്‍, 2012 മുതല്‍ ജപ്പാനുമായി ചേര്‍ന്നുള്ള ജീമെക്‌സ്, 2015 മുതല്‍ ആസ്ട്രലിയയുമായി സംയുക്തമായി നടത്തുന്ന ഓസിന്‍ സെക്‌സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്ന് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയം പറയുന്നു. സാമ്പത്തിക രംഗത്തും സമുദ്ര മേഖലയിലും വന്‍ കുതിപ്പു നടത്തുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനങ്ങളെന്നും രേഖ പറയുന്നുണ്ട്. സമീപകാലത്ത് ഇന്ത്യയും ജപ്പാനും അമേരിക്കയും ആസ്ട്രലിയയും സംയുക്തമായി അംഗീകരിച്ച ക്വാഡ് (ക്വാഡ്രി ലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്) ഈ രംഗത്തെ പ്രധാന ചുവടുവായ്പാണ്.
ഭൂമിയുടെ 70 ശതമാനവും ആവരണം ചെയ്തിരിക്കുന്നത് സമുദ്രത്താലാണ്. പത്ത് ലക്ഷം സ്പീഷീസുകളുടെ ആവാസവ്യവസ്ഥയായ സമുദ്രമാണ് ലോകത്തെ പകുതിയിലധികം ഓക്‌സിജനും ഉത്പാദിപ്പിക്കുന്നത്. മനുഷ്യരുടെ പ്രവൃത്തി മൂലം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ 25 ശതമാനത്തോളം വലിച്ചെടുക്കുന്നത് സമുദ്രമാണ്. 60 വര്‍ഷത്തിനുള്ളില്‍ ഇത് വര്‍ധിച്ചിട്ടുണ്ട്. ഇതും സമുദ്ര താപനവും കടല്‍ വെള്ളത്തില്‍ അമ്ലത്തിന്റെ അംശം കൂടിവരുന്നതിനു കാരണമാകുന്നു. സമുദ്രം മരിച്ചാല്‍ നമ്മളും മരിക്കുന്നു എന്ന ആശയത്തിന്റെ പ്രസക്തി ഇവിടെയാണ്. സമുദ്രം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം സമുദ്ര അടിയന്തരാവസ്ഥ നേരിടുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറയുകയുണ്ടായി.
യുഎന്‍ സുസ്ഥിര വികസന ലക്ഷ്യം-14 പറയുന്നു, ”സമുദ്രത്തിലെ ആവാസ വ്യവസ്ഥയെയും വിഭവങ്ങളെയും സുസ്ഥിരമായും സുരക്ഷിതമായും പരിപാലിക്കണം.” തുടര്‍ന്ന് അമേരിക്കയും കാനഡയും നോര്‍വേയുമടക്കമുള്ള ആറ് രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ദേശീയ സമുദ്ര സമ്പദ് നയം പ്രഖ്യാപിച്ചു. കാനഡയും ആസ്ട്രലിയയും നിയമനിര്‍മാണം നടത്തി. കൊവിഡിന് മുമ്പുതന്നെ ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ്വ്യവസ്ഥ വളര്‍ന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. യഥാര്‍ഥത്തില്‍ കരയിലെ വിഭവചൂഷണം എല്ലാ പരിധിയും കടന്ന സാഹചര്യത്തില്‍ കടലിലേക്ക് മൂലധന ശക്തികളുടെ ശ്രദ്ധ തിരിയുക സ്വാഭാവികമാണ്. സമുദ്രത്തിലെ കന്യാവനമായി കണക്കാക്കപ്പെടുന്ന അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും പ്രാമുഖ്യമേറുന്നതും ഇക്കാരണത്താല്‍ തന്നെയാണ്.
ഗുണ്ടര്‍ പൗലി എന്ന ബെല്‍ജിയം ധനശാസ്ത്രജ്ഞന്‍ എഴുതിയ ‘ദ ബ്ലൂ ഇക്കോണമി 10 ഇയേഴ്സ് 100 ഇന്നൊവേഷന്‍സ് 100 മില്യന്‍ ജോബ്’ എന്ന ഗ്രന്ഥത്തിലാണ് നീല സമ്പദ്വ്യവസ്ഥയെന്ന പ്രയോഗം ലോകം ആദ്യം കേള്‍ക്കുന്നത്. നീല സമ്പദ്ഘടനയുടെ പ്രധാന ഘടകമായി അദ്ദേഹം വിവക്ഷിച്ചത് സുസ്ഥിര മത്സ്യബന്ധനം, അമിതചൂഷണം ഒഴിവാക്കല്‍, മത്സ്യക്കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയാണ്. കൂടാതെ, ജൈവ വസ്തുക്കളുടെ മാലിന്യത്തെ ഊര്‍ജമാക്കിമാറ്റല്‍, പൊതുസമൂഹത്തിന്റെ സഹകരണത്തോടെ 100 ബിസിനസ് മോഡല്‍ സുസ്ഥിരവും തുല്യവുമായ വികസനം എന്നിവയുടെ റോഡ് മാപ്പായിട്ടാണ് നീല സമ്പദ്വ്യവസ്ഥ വിവക്ഷിക്കപ്പെട്ടത്. കടല്‍ ആവാസവ്യവസ്ഥ സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും തീരദേശവാസികളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനും ഈ ദേശീയ സമുദ്രദിനം നമുക്ക് ആചരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: