ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലക്ഷ്യംവെച്ചത് കര്‍ണാടകയിലുടനീളം സ്ഫോടനം നടത്താനായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. കര്‍ണാടകയിലുടനീളം ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കാന്‍ ശിവമോഗ തീര്‍ത്ഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീന് താഹ തന്നോട് ആവശ്യപ്പെട്ടതായി അറസ്റ്റിലായ മുസമ്മില്‍ ഷെരീഫ് ആണ് എന്‍ഐഎക്ക് മൊഴി നല്‍കിയത്.
മുസാവിര്‍ ഹുസൈന് ഷസേബ് എന്നയാളാണ് സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരനായ അബ്ദുള്‍ മതീന് താഹയുടെ നിര്‍ദേശപ്രകാരം കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു. 2019ല്‍ ശിവമോഗയില്‍ നടന്ന തുംഗ ട്രയല്‍ സ്ഫോടനത്തിലും 2022 നവംബര്‍ 21ന് മംഗളൂരുവില്‍ നടന്ന കുക്കര്‍ സ്ഫോടനത്തിലും ഇരുവരും പങ്കാളികളാണ്.
2019-ല്‍ നോര്‍ത്ത് ബെംഗളൂരുവിലെ ഹെഗ്ഡെ നഗറിലേക്ക് താമസം മാറിയതിന് ശേഷമാണ് ഷെരീഫ് താഹയുമായും ഷാസേബുമായും ബന്ധപ്പെടുന്നത്. താഹയും ഷാസേബും ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും ഐസിസ് ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ആക്രമണം നടത്താന്‍ അനുയോജ്യമായ തിരക്കേറിയ സ്ഥലങ്ങളും ഹോട്ടലുകളും കണ്ടെത്താന്‍ താഹയെയും ഷാസേബിനെയും സഹായിച്ചത് ഷെരീഫായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമേശ്വരം കഫേയില്‍ ബോംബ് സ്ഥാപിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. കഫേയില്‍ ബോംബ് വച്ച മുസാഫിര്‍ ഹുസൈന് ഷാഹിബ്, സ്ഫോടനത്തിനായി ഗൂഢാലോചന നടത്തിയ അബ്ദുള്‍ മതീന് താഹ എന്നിവരെക്കുറിച്ച് വിവരം നല്കുന്നവര്ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 20 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കുക.
സ്ഫോടനം നടന്ന് 28 ദിവസത്തിനുശേഷമായിരുന്നു മുഖ്യ സൂത്രധാരനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മാണ്ഡ്യ, ചിക്കമഗളൂരു, ബെംഗളൂരു എന്നിവിടങ്ങള്‍ ഉള്‍പ്പടെ 12 സ്ഥലങ്ങളിലും, തമിഴ്നാട്ടില്‍ അഞ്ചിടത്തും, ഉത്തര്‍പ്രദേശില്‍ ഒരിടത്തും എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ബെംഗളൂരു ബ്രൂക്ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന കഫെയില്‍ മാര്‍ച്ച് ഒന്നിനായിരുന്നു സ്ഫോടനം. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ പ്രതി ബോംബ് അടങ്ങിയ ബാഗ് വാഷ്റൂമിനു സമീപമുള്ള ട്രേയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചക്ക് 1.55ന് ബാഗില്‍നിന്ന് പത്തു സെക്കന്‍ഡ് ഇടവേളയില്‍ രണ്ടു സ്ഫോടനങ്ങള്‍ നടക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: