കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേരളത്തെ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയും, അവരുടെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുന്നതുമാണ്. അടിയന്തരമായി പതിനായിരം കോടി കടമെടുക്കാന്‍ കേരളത്തിന് അനുമതിയില്ലെന്നു വ്യക്തമാക്കിയ പരമോന്നത കോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ജി തള്ളിയത്. കേരളം നല്കിയ കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയതും, കൂടുതല്‍ വായ്പയെടുക്കാനുള്ള അവകാശം കേരളത്തിനു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞതും സംസ്ഥാന സര്‍ക്കാരിന്റെ ഇതു സംബന്ധിച്ച അവകാശവാദങ്ങള്‍ പൊളിക്കുകയും ചെയ്തിരിക്കുന്നു. ഇടക്കാലാശ്വാസമായി കൂടുതല്‍ തുക അനുവദിക്കണമെന്ന് ഉത്തരവിടാനാവില്ലെന്നും, ഒരു വര്‍ഷം അധികം കടമെടുത്താല്‍ അധിക തുക അടുത്ത വര്‍ഷത്തെ വായ്പാ പരിധിയില്‍നിന്ന് കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ചര്‍ച്ച നടന്നെങ്കിലും അത് വിജയിച്ചില്ല. പതിമൂവായിരം കോടിയിലേറെ കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചെങ്കിലും അതിലും കൂടുതല്‍ തുക വേണമെന്ന് കേരളം നിലപാടെടുത്തു. ഇത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി. ഫലത്തില്‍ കേന്ദ്രത്തിന്റെ നിലപാടുകള്‍ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്.
കേരളത്തിന് അര്‍ഹതപ്പെട്ടതിലുമേറെ സാമ്പത്തിക വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ കണക്കുകള്‍ കേന്ദ്ര ധനമന്ത്രി പലപ്പോഴായി വിശദീകരിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിക്കുകയും, എന്തുവന്നാലും തങ്ങള്‍ കൂടുതല്‍ കടമെടുക്കുമെന്ന് വാശിപിടിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കടമെടുപ്പിന് പൊതുവായ നിബന്ധനകളുണ്ടെന്നും, ഒരു സംസ്ഥാനത്തെ മാത്രമായി പരിധിയില്ലാതെ കടമെടുക്കാന്‍ അനുവദിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. കേരളത്തെപ്പോലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതൊന്നും വകവയ്ക്കാതെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കോടതിയിലും കേന്ദ്രം സ്വീകരിച്ച അനുഭാവപൂര്‍വമായ സമീപനം അംഗീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പിടിവാശി കാണിച്ചു. കേരളത്തിനു പിന്നാലെ പ്രതിപക്ഷം ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു. യഥാര്‍ത്ഥത്തില്‍ തെറ്റായ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിക്കൊടുക്കാമെന്ന് ആരെങ്കിലും ഉറപ്പു നല്കിയിട്ടുണ്ടാവാം. ന്യായാധിപന്മാരെ സമ്മര്‍ദ്ദത്തിലാക്കി വിധി സമ്പാദിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരായ ചില അഭിഭാഷകരുണ്ടെന്ന് സുപ്രീംകോടതിയിലെ അഭിഭാഷക സംഘടന അടുത്തിടെ ചീഫ് ജസ്റ്റിസിന് കത്തെഴുതുകയുണ്ടായല്ലോ. കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യത്തെ നേരിടുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയെന്നതും കേരള സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നു. ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താമല്ലൊ. സുപ്രീംകോടതി വിധിയോടെ ഇതൊക്കെ വിഫലമായിരിക്കുന്നു.
കേരള സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച വാദഗതികളെ അംഗീകരിക്കുന്ന വിധിയാണ് സുപ്രീംകോടതിയുടേത്. ഈ തിരിച്ചടി മറച്ചുപിടിക്കാന്‍ കുപ്രചാരണവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനത്തെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ അക്കാര്യം പരിശോധിക്കാന്‍ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രീംകോടതി. ഇത് കേരളത്തിന്റെ ആവശ്യം ബോധ്യപ്പെട്ടതിന് തെളിവാണെന്നു പറഞ്ഞ് തിരിച്ചടിയല്ലെന്നു വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിഹാസ്യമായ നിലപാടാണിത്. കടമെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ചര്‍ച്ച ചെയ്യണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യമെന്നാണ് ഇതു കേട്ടാല്‍ തോന്നുക! കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് നിരസിച്ചത്. കേരള സര്‍ക്കാരിന്റെ ധനകാര്യ നടപടികളിലെ കെടുകാര്യസ്ഥത മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നു തന്നെയാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ ധനകാര്യ ചട്ടങ്ങള്‍ ലംഘിച്ച മറ്റ് സംസ്ഥാനങ്ങളും കൂടുതല്‍ വായ്പ എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇവിടെയും കേന്ദ്ര നിലപാട് ശരിവയ്ക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. അഴിമതിയും ആഡംബരവും ധനധൂര്‍ത്തും മുഖമുദ്രയാക്കിയ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്ത ഇടതു ദുര്‍ഭരണത്തെയാണ് കോടതി ഉത്തരവ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: