തൃശൂര്‍: കരുവന്നൂരില്‍ ഞാന്‍ നടത്തിയത് തൃശൂരുകാരുടെ സമരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഒരു സമരത്തില്‍ അത് അവസാനിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. കരുവന്നൂർ തട്ടിപ്പിന് ഇരയായവരുടെ പണം തിരികെ നൽകിയില്ലെങ്കിൽ അത് നൽകാനുള്ള നിയമത്തിനായി പാർലമെന്റിൽ പോരാടും. എന്റെ മുന്നിൽ ജനങ്ങളാണ്. അവർക്കുവേണ്ടത് ചെയ്തുകൊടുക്കും – സുരേഷ് ഗോപി പറഞ്ഞു.
നിയമപരമായ നടപടികള്‍ ഒരു വശത്തൂടെ വരുന്നുണ്ട്. ഇഡി അതിന്റെ വഴിക്ക് പോകും. അവരുടെ ജോലി അവര്‍ കൃത്യസമയത്ത് ചെയ്യും. അതില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ ചങ്ങലക്കിടുന്ന, വരച്ച വരയില്‍ നിര്‍ത്തുന്ന കാലം വരും. അതിന്റെ നിയമനിര്‍മാണത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്ന കേരളത്തില്‍ നിന്നുള്ള എംപി ആയിരിക്കും താന്‍. അങ്ങനെ ആരും വിയര്‍ക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട കാര്യമില്ല. അധ്വാനിച്ച് ഉണ്ടാക്കണം. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഇല്ലാത്തവര്‍ക്ക് 15 കോടിയും 12 കോടിയും നല്കി. രാജ്യം അതില്‍ ഇടപെടും, സുരേഷ് ഗോപി പറഞ്ഞു.
ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പരസ്പരം ഡീലില്‍ ഏര്‍പ്പെട്ടവരാണ്. ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന് പറഞ്ഞ കെ മുരളീധരനോട് ഇഡിയുടെ മുന്നിൽ സത്യാഗ്രഹമിരിക്കാൻ പറ എന്നും സുരേഷ് ഗോപി വ്യക്തമാക്കി. നോട്ടീസ് മാത്രമേ ഉള്ളു നടപടി ഇല്ല എന്നാണ് മുരളീധരൻ പറഞ്ഞതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: