ന്യൂദൽഹി: കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രാഥമിക വാദങ്ങളിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതി. ഇത് ഇത് വിശദമായി പരിഗണിയ്ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ് ഉചിതം. ഹർജി ഭരണഘടനാ ബഞ്ചിന് കൈമാറുകയാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര വരെ കടമെടുക്കാൻ കഴിയും എന്നത് സംബന്ധിച്ചതുൾപ്പടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്.
കേരളത്തിന് ഉടൻ അധിക കടം എടുക്കാനാവില്ല എന്നും കോടതി നിലപാടെടുത്തു. അഞ്ചംഗ ബെഞ്ചാവും ഇനി കേസ് പരിഗണിയ്ക്കുക. കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തി. കേരളത്തിന് ഇടക്കാലാശ്വാസം നല്കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു.
ഭരണഘടനയുടെ 293ാം അനുഛേദപ്രകാരമാണ് പ്രധാനമായും ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്. ഈ അനുഛേദം ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഹർജി പരിഗണിച്ച രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ആറ് ചോദ്യങ്ങൾ ഉയർന്നുവരുന്നു എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്.
അതുകൊണ്ടുതന്നെ അങ്ങനെയുള്ള കാര്യങ്ങൾ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതായിരിക്കും നല്ലതെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: