ശിവകുമാര്‍
‘ഞാന്‍’ എന്നത്, ഒരു വ്യക്തി, ജീവിക്കുന്ന സമയത്ത് അയാളിലേക്ക് കൂട്ടിവയ്ക്കപ്പെടുന്ന കുറേ വിവരങ്ങള്‍ മാത്രമല്ല, അ യാളിലെ ബോധത്തിലുള്ള സങ്കല്‍പ്പശക്തിയുമായി ചേര്‍ന്ന് ഉണ്ടാക്കുന്ന ചിന്തകളുടെയും, വാക്കുകളുടെയും, പ്രവൃത്തികളുടെയും വികാരവുമാണത്. ഇതെല്ലാം നടക്കുന്നത് പ്രാണന്റെ പ്രതലത്തിലാണെന്ന് പറഞ്ഞല്ലോ. അതുകാരണം ശരീരത്തിന്റെ മറ്റൊരവസ്ഥയും ബോധത്തിന് വന്നുകൂടുന്നു. അതിനും എപ്പോഴും ചലിച്ച് കൊണ്ടിരിക്കുന്നതായ ഒരു ഭ്രമവും കിട്ടുന്നു. ഇതാണ് ജീവികളില്‍ പ്രകടമാകുന്ന മനസ്സ്. ഈ അവസ്ഥയിലാണ് നിത്യതയുള്ള സത്യം ഓരോ ശരീരത്തിലും പ്രകാശിക്കുന്നത്. അതായത് പരമേശ്വരരൂപമായ ബോധം തന്നെയാണ് ചഞ്ചല മനസ്സായി ജീവികളില്‍ തിളങ്ങുന്നതും.
(പ്രാണനുമായുള്ള അതിന്റെ ചേര്‍ച്ചകൊണ്ടാണ്, മനുഷ്യന് ശ്വാസം നിയന്ത്രിച്ച് മനസ്സാകുന്ന ബോധത്തെ അടക്കുവാന്‍ കഴിയുന്നത്). യഥാര്‍ത്ഥ ബോധത്തില്‍ പ്രകൃതി കല്പിതമായ ‘ഞാനും’ ചേര്‍ന്നാണ് നില്‍ക്കുന്നത്. ഒന്നുകൂടി വ്യക്താമാക്കിയാല്‍, ബോധത്തെ നിശ്ചലമായി കിടക്കുന്ന സമുദ്രാടിത്തട്ടിലെ ജലമായി സങ്കല്പിക്കാം, അപ്പോള്‍ മനസ്സ്, ഉപരിതലത്തിലെ ഇളകിമറിയുന്ന ജലം പോലെ, രൂപവും നാമവുമുള്ള തിരയാണ്. രണ്ട് അവസ്ഥകളിലും, സമുദ്രത്തിലെ ‘ജലം’ എന്ന ഒരു വസ്തുതന്നെയാണ് ഉള്ളത്. അതുപോലെ ആ ഒന്നിലാണ് ഇളകി മറിയുന്ന, വിവരങ്ങളുടെ ‘ഞാന്‍’ വര്‍ത്തി ക്കുന്നത്. അതില്‍ തന്നെയാണ് ഇളകാന്‍ കഴിയാതെ, സര്‍വയിടത്തും ഇപ്പോഴേ വ്യാപിച്ചിരിക്കുന്ന ‘ഞാന്‍’ എന്ന പരമമായ സത്യവും വര്‍ത്തിക്കുന്നത്. പക്ഷേ ഈ ഇളക്കം കാരണം ഉള്ളാഴത്തിലെ പ്രശാന്തമായ മൗനത്തില്‍ നാം എത്താറില്ല. അപ്പോള്‍ തനിക്ക് അന്യമായ ആ അവസ്ഥയെ മറ്റൊന്നായി മനസ്സ് സങ്കല്‍പ്പിക്കും. അങ്ങനെ തിരയായ ഞാനും, എനിക്ക് അന്യനായി അനന്തസമുദ്രമായ അവനും നില്ക്കുന്നു. ഇതാണ് ജീവാത്മാവില്‍ കൂടിയുള്ള പരമാത്മാവിന്റെ ചിത്രം.
അത്യന്തം സൂക്ഷ്മമായ അവനെ, പ്രകാശരൂപികളായ ദേവന്മാര്ക്കും പ്രാപിക്കുവാന്‍ കഴിഞ്ഞില്ല. ആരാണ് ദേവന്മാര്? ലളിതമായി പറഞ്ഞാല്‍ അവര്‍, ഊര്‍ജരൂപികളായ ഓരോ ലോകപാലകന്മാരാണ്. ഉദാഹരണമായി ഒരു പാറ കഷ്ണത്തെ എടുക്കാം. അതിലെ ഏറ്റവും ചെറിയ അംശമായി ഒരു കണികയേയും (ആറ്റത്തേയും) പരിഗണിക്കാം (അങ്ങനെ അല്ലെങ്കിലും). ഇതുപോലെ മറ്റേതെങ്കിലും ഒരു വസ്തുവിനെക്കൂടി എടുക്കാം, അതൊരു ഇരുമ്പ് കഷ്ണമാകട്ടെ, അതിന്റേയും ഏറ്റവും ചെറിയ അംശത്തെ ആറ്റമായിതന്നെ കണകാക്കാം. അങ്ങനെ നോക്കുമ്പോള്‍, രണ്ടിന്റേയും ചെറിയ കണം ഒന്നാണെങ്കിലും തീര്‍ത്തും വ്യത്യസ്ഥങ്ങളായ രണ്ട് വസ്തുക്കളുടെ സൃഷ്ടിയാണ് അവയിലൂടെ നടക്കുന്നതെന്ന് കാണാം. കാരണം, രണ്ടിനും മൗലികമായ സ്വഭാവഘടനയാണ് ഉണ്ടായിരുന്നത്. അതി നാല്, അവ കൂടിച്ചേര്‍ന്നപ്പോള്‍ സ്വാഭാവിക മായും വസ്തുക്കളും വ്യത്യസ്ഥങ്ങളായി. ഈവിധം ഒരേ ഘടനയുള്ള കോടാനുകോടി ആറ്റങ്ങളെ ചേര്‍ത്താണ് ഓരോ വസ്തുവിനേയും ഭൂമുഖത്ത് സൃഷ്ടിച്ചിരിക്കുന്നത്. അതെല്ലാം ആ കണികകള്‍ സൃഷ്ടിക്കുന്ന മൗലികങ്ങളായ ഓരോരോ ലോകങ്ങളുമാണ്. ഒരേ സ്വഭാവത്തിലുള്ള കണികകളെ ഒരുമിച്ച് നിര്‍ത്തുന്നത്, ഒന്നിച്ച് നില്ക്കുവാനുള്ള ഒരു ബോധം, ആകര്‍ഷണ രൂപത്തില്‍ അതില്‍ ഉള്ളതുകൊണ്ടാണ്. അതില്ലെങ്കില്‍, തീര്‍ത്തും സ്വതന്ത്രങ്ങളായ അവയൊന്നും കൂടി ചേരില്ല, ഒരു ലോകവും ഉണ്ടാകില്ല. കണികകളെ ഒന്നിച്ച് നിര്‍ത്തുന്ന ഈ ബോധമാണ്, ആ ലോകത്തെ പാലിക്കുന്ന ഊര്‍ജരൂപിയായ അവിടുത്തെ ലോകപാലകന്‍ അഥവാ അവിടുത്തെ ദേവന് എന്ന് പറയുന്നത്. അവരെല്ലാം, ലോകമായി നില്ക്കുന്ന ഈശ്വരന്റെ ഓരോ ഇച്ഛകളാണ്. അഥവാ ലോകമായി തീര്‍ന്ന പരമമായ ജ്ഞാനത്തിലെ ഓരോരോ അംഗങ്ങളാണ്. ഏകാഗ്രനിഷ്ഠയോടെ ഓരോ രൂപങ്ങളായി വ്യാപിച്ച് ഈ പ്രകൃതിയായി നില്ക്കുന്ന ശക്തി വിശേഷങ്ങളാണവര്‍.
അവരുടേതായ ലോകപരിധിയില്‍ ദേവന്മാര് ശക്തരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് സാധ്യതകളേക്കാളേറെ; പരിമിതികളാണുള്ളത്. അവര്‍ക്കുള്ള പരിമിതികളെ കുറിച്ച് പൂര്‍വികര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് അവര്‍ പറഞ്ഞത്, പ്രബലമായ ദേവശക്തികളാണ് നമ്മളേയും ലോകത്തേയും ഉണ്ടാക്കുന്നതെങ്കിലും, അത്യന്തം സൂക്ഷ്മനായ ഈശ്വരനെ പ്രാപിക്കാന്‍ ഇവര്‍ക്കു ള്ള ശക്തി പോരാ എന്ന്. അതാണ് ദേവന്മാ രും അവനെ പ്രാപിച്ചില്ല എന്ന് പറഞ്ഞത്. (കാണുന്നവയുടെ ഉള്ളിലേക്ക് നോക്കുവാന്‍ കഴിഞ്ഞിരുന്ന ഒരു ദര്‍ശനശക്തിയാണ് പൂര്‍വികര്‍ക്ക് ഉണ്ടായിരുന്നത്. എല്ലാം ശാസ്ത്രീയ മാണെങ്കിലും ആ കാഴ്ച കിട്ടാത്ത കാലത്തോളം ദേവസങ്കല്‍പ്പങ്ങള്‍ നമുക്കന്യമായി തന്നെ നില്ക്കും).
ഇങ്ങനെ ഇച്ഛാരൂപിയായ അവന്, തന്റെ ഇച്ഛയെ, ദേവരൂപത്തില്‍ പകര്‍ന്ന് സര്‍വതിനേയും, സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ കര്‍മ്മങ്ങളെല്ലാം നടത്തുന്ന അവന്റെ ഉപാധിയായ ശക്തിയാണ് പ്രാണന്. പൂര്‍വികര്‍ ആ പ്രാണനെ, വായുവെന്നും പറഞ്ഞിരുന്നു. ജനനത്തില്‍ നിന്നും മരണത്തിലേക്കും, മരണത്തില്‍ നിന്നും ജനനത്തിലേക്കും ഓടിക്കളിക്കുന്നത് ഈ ഊര്‍ജ്ജമായ പ്രാണനാണ്. നാം മരിക്കുമ്പോള്‍, മറയുന്ന ആത്മതത്ത്വത്തോട് ചേര്‍ന്ന് വര്‍ത്തിച്ചിരുന്ന ‘ഞാന്‍’ എന്ന കര്‍മ്മഫലങ്ങളായ അവശേഷിപ്പിനെ, വായുരൂപത്തിലുള്ള പ്രാണനാണ് ഏറ്റെടുക്കുന്നത്. ആ സത്യത്തെയാണ് വായു ആത്മതത്ത്വത്തില്‍ പ്രാണികളുടെ കര്‍മ്മങ്ങളെ വിഭജിക്കുന്നു എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: