ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിങ്, പി.വി. നരസിംഹ റാവു, മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍, മലയാളിയും ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ. എം.എസ്. സ്വാമിനാഥന് എന്നിവരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായവര്‍.
മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്സിങ്ങിനുള്ള പുരസ്കാരം ചെറുമകന് ജയന്ത് സിങ്ങും പി.വി. നരസിംഹ റാവുവിന്റേത് മകന് പി.വി. പ്രഭാകര്‍ റാവുവും കര്‍പ്പൂരി ഠാക്കൂറിനുള്ളത് മകന് രാംനാഥ് ഠാക്കൂറും ഏറ്റുവാങ്ങി. ഡോ. എം.എസ്. സ്വാമിനാഥന്റെ മകള്‍ ഡോ. നിത്യറാവുവാണ് പുരസ്കാരം സ്വീകരിച്ചത്. മരണാനന്തര ബഹുമതിയായാണ് ഇവര്‍ക്കുള്ള പുരസ്കാരങ്ങള്‍. എല്‍.കെ. അദ്വാനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമ്മാനിക്കും.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വിവിധ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: