കാസര്‍കോട്: പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെയാണ് വെറുതേ വിട്ടത്. കൊലപാതകത്തിൽ പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.
ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഈ കാലയളവിൽ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്.
റിയാസ് മൗലവി വധം ആര്‍എസ്എസിനും ബിജെപിക്കും മേല്‍ കെട്ടിവെച്ച് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലീം ലീഗുമുള്‍പ്പെടെയുള്ള സംഘടനകളും വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20 നാണ് കൊല്ലപ്പെട്ടത്. പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് തള്ളിയിരുന്നു. റിയാസ് മൗലവി വധം മദ്യലഹരിയില്‍ നടത്തിയ കൃത്യമാത്രമാണെന്നും ഇതില്‍ മറ്റു യാതൊരു ഗൂഡാലോചനയുമില്ലെന്നുമുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും തെളിവുകളും പരിശോധിച്ചതിനു ശേഷമാണ് ന്യൂനപക്ഷ കമ്മീഷന് ഗൂഢാലോചന അന്വേഷിക്കണമെന്നുള്ള ഹര്‍ജി തള്ളിയത്. ഈ നടപടിയിലൂടെ റിയാസ് മൗലവി വധത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ ബന്ധമില്ലെന്ന് ഒന്നുകൂടി വ്യക്തമായി തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: