ബെംഗളൂരു: ഇലക്ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. വിജയപുര സ്വദേശിയായ യോഗിഷ്(24) ആണ് സുഹൃത്തിന്റെ അതിരുവിട്ട തമാശയിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളിയെ (25) പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സാമ്പികെഹള്ളിയിലെ ബൈക്ക് സർവീസ് സെന്ററിൽവെച്ചാണ് യോഗിഷിന്റെ മലദ്വാരത്തിലേക്ക് എയർബ്ലോവർ വെച്ച് സുഹൃത്ത് അതിക്രമം കാട്ടിയത്. ബൈക്ക് സർവീസ് സെന്ററിലെ ജീവനക്കാരനാണ് മുരളി.
കഴിഞ്ഞ ദിവസം ബൈക്ക് കഴുകാനായാണ് യോഗിഷ് സുഹൃത്തിന്റെ സർവീസ് സെന്ററിലെത്തിയത്. വാഹനം കഴുകിയശേഷം യോഗിഷും മുരളിയും വാഹനത്തിലെ ജലാംശം നീക്കാൻ ഉപയോഗിക്കുന്ന എയർ ബ്ലോവർ ഉപയോഗിച്ച് കളിക്കാൻ തുടങ്ങി. ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയർ ബ്ലോവർ പ്രയോഗിച്ചത്. പിന്നാലെ പിൻഭാഗത്തും ബ്ലോവർവെച്ച് അതിക്രമം കാട്ടുകയായിരുന്നു. മലദ്വാരത്തില്‍ ബ്ലോവര്‍വെച്ചതോടെ ചൂടുള്ള കാറ്റ് അതിവേഗം ശരീരത്തിനുള്ളിലേക്കെത്തുകയും വയറുവീര്‍ക്കുകയും യോഗിഷ് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ യോഗിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിശക്തിയില്‍ കാറ്റ് കയറിയതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരുക്ക് സംഭവിച്ചതിനെ തുടര്‍ന്ന് യോഗീഷിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. എന്നാല്‍, ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബെംഗളൂരുവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു യോഗിഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: