ആലപ്പുഴ: വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍.
തൃശ്ശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ തിയോളിയില് പ്രദീപ് വിഹാറില്‍ മുഹമ്മദ് ആഷിഖ് (51)ആണ് പോലീസ് പിടിയിലായത്. താന്‍ മാനേജിങ് ഡയറക്ടറായ ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഓഫര്‍ ലെറ്റര്‍ നല്കിയ ശേഷം പണം കൈപ്പറ്റി ഇവരെ വിദേശത്ത് എത്തിച്ച് വഞ്ചിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ മാത്രം നൂറോളം പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്.
അമീര്‍ മുസ്തഫ എന്ന വ്യാജ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിദേശ നമ്പറിലുള്ള വാട്സ്ആപ്പ് വഴി പരിചയപ്പെടുന്ന ഇയാള്‍, താന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആണെന്ന് പരിചയപ്പെടുത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടാറായിരുന്ന് പതിവ്. ഇതിനായി വിദേശ സിം കൈവശം സൂക്ഷിച്ചിരുന്നു. ജസ്റ്റ് ഡയല് പോലുള്ള ആപ്പ് ഉപയോഗിച്ച് വിദഗ്ധരുടെ സഹായത്തോടെ ഫാക്ടറിയുടേതെന്ന് തോന്നിക്കുന്ന വെബ്സൈറ്റുകള്‍ ഉണ്ടാക്കി. വ്യാജവിലാസവും ഫോണ്‍ നമ്പറുകളും നല്‍കിയും ഫെയ്സ്ബുക്ക് പേജുകള്‍ ക്രിയേറ്റ് ചെയ്തും ഗൂഗിള്‍ മാപ്പുകളില്‍ ലൊക്കേഷന്‍ ആഡ് ചെയ്ത് റിവ്യൂ ചെയ്തുമാണ് വിശ്വാസ്യത നേടിയത്.
എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാളുടെ തട്ടിപ്പ് രീതി പ്രൊഫഷണല്‍ കുറ്റവാളികളെ പോലും വെല്ലുന്ന തരത്തില്‍ ആയിരുന്നു. സഹായികള്‍ മുഖേനയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം കൈപ്പറ്റിയത്.
തന്നിലേക്ക് തെളിവുകള്‍ ഒന്നും തന്നെ അവശേഷിപ്പിക്കാതെ ആയിരുന്നു പ്രതിയുടെ നീക്കങ്ങള്‍. ഇയാള്‍ നിലവില്‍ സേലം ഭാഗത്തായിരുന്നു വാടകയ്ക്ക് താമസം. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അല്‍ മുര്‍ത്തസ എന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്താനായി നീക്കങ്ങള്‍ ആരംഭിച്ചിരുന്നതായി വെളിവായി. പേള്‍സ് ഗ്രൂപ്പ് ഹോട്ടല്‍, അല്‍ഹദീര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നീ പല സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് പലതരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു.
പ്രതിക്കെതിരെ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ നിലവില്‍ ആറോളം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് വി. എല്‍, അസി. സബ് ഇന്‍സ്പെക്ടര്‍ അനസ്, എസ്്സിപിഒമാരായ ഹരി,അജിത്ത്, സിപിഒമാരായ വിനില്‍, സിദ്ധിഖ് എന്നിവര്‍ അടങ്ങുന്ന സ്പെഷ്യല്‍ സ്ക്വോഡാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: