ചെറുകിട സംരംഭകരെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ മുദ്ര യോജനയില്‍, ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വായ്പകള്‍ അനുവദിച്ചത് കേരളത്തില്‍. നടപ്പ് സാമ്പത്തിക വര്‍ഷം 19.13 ലക്ഷം അപേക്ഷകര്‍ക്കായി 17,319.95 കോടി രൂപയുടെ വായ്പയാണ് സംസ്ഥാനത്ത് അനുവദിച്ചത്. ഇതില്‍ 17,179.58 കോടി രൂപ വിതരണം ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.81 ലക്ഷം പേര്‍ക്കായി അനുവദിച്ചത് 15,079 കോടി രൂപയായിരുന്നു.
അധഃസ്ഥിതര്‍ക്കും ദുര്‍ബല സാമ്പത്തിക വിഭാഗങ്ങളില്‍പെട്ടവര്‍ക്കും ചെറുകിട വ്യാപാരം തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ഈടുകള്‍ ഒന്നും നല്‍കാതെ 10 ലക്ഷം രൂപ വരെ വായ്പ നല്കുന്ന കേന്ദ്രപദ്ധതിയാണ് ‘പ്രധാനമന്ത്രി മുദ്ര യോജന’.
ബാല, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് മുദ്ര ലോണ്‍ അനുവദിക്കുക. 50,000 രൂപ വരെ ബാല, അഞ്ചു ലക്ഷം രൂപ വരെ കിഷോര്‍, 10 ലക്ഷം വരെ തരുണ്‍ വിഭാഗത്തിലുമാണ് അനുവദിക്കുന്നത്. ഇതില്‍ കിഷോര്‍ വിഭാഗത്തിലാണ് കേരളത്തില്‍ ഏറ്റവുമധികം വായ്പ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിഷോര്‍ വിഭാഗത്തില്‍ 8.05 ലക്ഷം അപേക്ഷകര്‍ക്കായി 9,123.70 കോടി രൂപയാണ് അനുവദിച്ചത.് ഇതില്‍ 9,047 കോടി രൂപ ഇതിനകം വിതരണവും ചെയ്തു.
തരുണ്‍ വിഭാഗത്തില്‍ 47,293 അപേക്ഷകളിലായി 4,370.32 കോടി അനുവദിക്കുകയും അതില്‍ 4,320.15 കോടി വിതരണവും ചെയ്തു. ബാല വിഭാഗത്തില്‍ 3,825.93 കോടി രൂപ അനുവദിക്കുകയും 3,812.43 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.
ബാങ്ക്, ഇതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് മുദ്ര ലോണ്‍ ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം മുദ്ര വായ്പാതുക അഞ്ചു ലക്ഷം കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാര്‍ച്ച് മധ്യത്തോടെ ദേശീയതലത്തില്‍ 6.3 ലക്ഷം അപേക്ഷകര്‍ക്കായി 4.93 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 4.85 ലക്ഷം കോടിയും വിതരണം ചെയ്തു.
പദ്ധതിക്ക് തുടക്കമിട്ട 2015-16ല്‍ 1.32 ലക്ഷം കോടി രൂപ വിതരണം ചെയ്തു. 16-17ല്‍ 1.75 ലക്ഷം കോടി, 17-18ല്‍ 2.46 കോടി, 18-19ല്‍ 3.11 ലക്ഷം കോടി, 19-20ല്‍ 3.29 കോടിയും വിതരണം ചെയ്തു. 20-21ല്‍ 3.1 ലക്ഷം കോടി 21-22ല്‍ 3.31 ലക്ഷം കോടി, 22-23ല്‍ 4.56 ലക്ഷം കോടി രൂപ എന്നിങ്ങനെയായിരുന്നു വായ്പാ വിതരണം.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെറുകിട വ്യാപാരം തുടങ്ങാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ച നേടാനും ഈ പദ്ധതി സഹായകമാണ്. 18 വയസ് തികഞ്ഞവര്‍ക്ക് ഓണ്‍ലൈനായോ നേരിട്ടോ മുദ്ര വായ്പയ്ക്ക് അപേക്ഷിക്കാം. പുതിയ യൂണിറ്റുകള്‍ തുടങ്ങാനോ ഉള്ളവ വിപുലീകരിക്കാനോ വായ്പ പ്രയോജനപ്പെടുത്താം. 65 കഴിഞ്ഞാല്‍ വായ്പ ലഭിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന മുറയ്ക്ക് അപേക്ഷകര്‍ക്ക് മുദ്ര കാര്‍ഡ് ലഭിക്കും. എടിഎം കാര്‍ഡ് പോലെ മുദ്ര വായ്പാത്തുകയില്‍ നിന്ന് ആവശ്യാനുസരണം പലപ്പോഴായി പണം പിന്‍വലിക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.
സാധാരണ ബാങ്ക് പലിശയില്‍ നിന്നും അല്പം ഇളവോടെയാണ് മുദ്ര ലോണ്‍ ലഭിക്കുക. ദേശസാല്‍ക്കൃത ബാങ്കുകള്‍ 9.75% ആണ് പലിശ ഈടാക്കുന്നത്. 50,000 രുപ മുദ്ര വായ്പ എടുക്കുന്ന ആള് മൂന്ന് വര്‍ഷം കൊണ്ട് പലിശ ഉള്‍പ്പെടെ 57,870 രൂപ തിരിച്ചടക്കണം. അഞ്ചു ലക്ഷം രൂപ എടുത്താല്‍ അഞ്ചു വര്‍ഷം കൊണ്ട് 6,33,727 രൂപയും 10 ലക്ഷം എടുത്താല്‍ അഞ്ചു വര്‍ഷം കൊണ്ട് 12,67,455 രൂപയും ആണ് തിരിച്ചടയ്ക്കേണ്ടത്. 2015 ഏപ്രില്‍ എട്ടിന് ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജനക്ക് സാധാരണക്കാരില്‍ നിന്നു വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: