ധാക്ക: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ ഓള് റൗണ്ടര്‍ കാമിന്ദു മെന്‍ഡിസ്. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയാണ് കാമിന്ദു ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രം തിരുത്തിയത്.
ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഏഴ്, അതിനു താഴെ സ്ഥാനത്തു ബാറ്റിങ്ങിനിറങ്ങി സെഞ്ച്വറികള്‍ കണ്ടെത്തുന്ന ആദ്യ താരമെന്ന അനുപമ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ ഏഴാമനായി എത്തി 102 റണ്‍സും രണ്ടാം ഇന്നിങ്സില്‍ എട്ടാമനായി ക്രീസിലെത്തി 164 റണ്‍സും താരം അടിച്ചെടുത്തു.
ലങ്കക്കായി നായകന് ധനഞ്ജയ ഡിസില്‍വയും രണ്ടു ഇന്നിങ്സുകളിലും സെഞ്ച്വറിയുമായി തിളങ്ങി.
ലങ്ക രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റിന് 126 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും ഡിസില്‍വയും മെന്‍ഡിസും ഒന്നാം ഇന്നിങ്സിനു സമാനമായി വീണ്ടും രക്ഷക്കെത്തി. ഏഴാം വിക്കറ്റില്‍ ഇരുവരും 173 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ അഞ്ചിന് 57 റണ്‍സെന്ന സ്കോറിലേക്ക് വീണ ലങ്കയെ കരകയറ്റിയത് മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 202 റണ്‍സാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: