ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് വിജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 20 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. വിജയത്തില്‍ നിര്‍ണായകമായത് രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു വി സാംസണിന്റെ ബാറ്റിങ് മികവാണ്.
52 പന്തുകളില്‍ ആറ് സിക്സറും മൂന്ന് ബൗണ്ടറികളും സഹിതം 82 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് മുന്നില്‍ 194 റണ്‍സിന്റെ ലക്ഷ്യം വയ്ക്കാന്‍ സാധിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. താരത്തിനൊപ്പം റിയാഗ് പരാഗും(43) യശസ്വി ജയ്സ്വാളും(24) ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. ദ്രുവ് ജുറെല്‍ 20 റണ്‍സെടുത്ത് സഞ്ജുവിനൊപ്പം പുറത്താകാതെ നിന്നു.
ഇതിനെതിരെ ബാറ്റിങ് ആരംഭിച്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തുടക്കത്തിലേ തിരിച്ചടിയേറ്റെങ്കിലും നായകന് കെ.എല്‍. രാഹുല്‍ ഒരുവശത്ത് സ്കോറിങ്ങിനൊപ്പം ഇന്നിങ്സ് ഭദ്രമാക്കി മുന്നോട്ട് നയിച്ചു. ദീപക് ഹൂഡ(26) ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. നിക്കോളാസ് പൂരന്(64) ക്രീസിലെത്തിയതോടെ കളിയുടെ ടോണ്‍ മാറി.
പൂരനും രാഹുലും ചേര്‍ന്ന് എല്‍എസ്ജിക്ക് പ്രതീക്ഷയേകുന്ന പ്രകടനവുമായി മുന്നേറി. സന്ദീപ് ശര്‍മ എറിഞ്ഞ പന്തില്‍ രാഹുല്‍ പുറത്തായതോടെ രാജസ്ഥാന് റോയല്‍സിന് വീണ്ടും പ്രതീക്ഷയായി. മത്സരം അവസാന ഓവറിലെത്തുമ്പോള്‍ ടീമിന് ജയിക്കാന്‍ 27 റണ്‍സെടുക്കണമായിരുന്നു. ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തോറ്റു.
രാജസ്ഥാനുവേണ്ടി മികച്ച സ്കോര്‍ കണ്ടെത്തിയ സഞ്ജു സാംസണ് ആണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: