മുംബൈ: സൊമാലിയന്‍ തീരത്തു നിന്ന് ഭാരത നാവികസേന പിടികൂടിയ 35 കടല്‍ക്കൊള്ളക്കാരെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. രാജ്യത്തെ നിയമപ്രകാരമുള്ള വിചാരണയ്‌ക്ക് മുന്നോടിയായി അന്വേഷണത്തിനാണ് സൊമാലിയന്‍ സംഘത്തെ മുംബൈ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്കിയത്.
40 മണിക്കൂര്‍ നീണ്ട സൈനിക നീക്കത്തിലാണ് നാവിക സേന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടി മാള്‍ട്ടയുടെ ചരക്കുകപ്പലായ എംവി റ്യൂന്‍ മോചിപ്പിച്ചത്. ഈ മാസം 15 ന് പിടികൂടിയ കടല്‍ക്കൊള്ളക്കാരെ കഴിഞ്ഞ ദിവസമാണ് ഐഎന്‍എസ് കൊല്‍ക്കത്തയില്‍ മുംബൈ തീരത്തെത്തിച്ചത്.
സൊമാലിയല്‍ കടല്‍ക്കൊള്ളക്കാര്‍ മൂന്ന് മാസം മുമ്പാണ് എംവി റ്യൂന്‍ ചരക്കുകപ്പല്‍ പിടികൂടിയത്. അടുത്തിടെ പട്രോളിങ്ങിനിടെ കപ്പല്‍ ശ്രദ്ധയില്‍പ്പെട്ട നാവികസേന ജീവനക്കാരെ മോചിപ്പിക്കുന്നതിനായി ഐഎന്‍എസ് കൊല്‍ക്കത്തയും ഐഎന്‍എസ് സുഭദ്രയും ഹെലികോപ്ടറുകളും ഡ്രോണുകളും അടക്കം പൂര്‍ണ സജ്ജരായി അവിടേക്കെത്തുകയായിരുന്നു. സൈന്യത്തെ കണ്ട കടല്‍ക്കൊള്ളക്കാര്‍ അവര്‍ക്കു നേരെ വെടിയുതിര്‍ത്തു. കടല്‍ക്കൊള്ളക്കാരോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടതോടെ കപ്പല്‍ ജീവനക്കാരെ രക്ഷാകവചമാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ആക്രമണ സൂചന നല്‍കി വെടിയുതിര്‍ക്കുകയും കമാന്‍ഡോകള്‍ കപ്പലിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങിയത്.
കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കുകളില്ല. ഭാരത തീരത്തു നിന്ന് 2600 കിലോമീറ്റര്‍ അകലെ നിന്നാണ് കടല്‍ക്കൊള്ളക്കാരെ പിടികൂടിയത്. കഴിഞ്ഞദിവസം മുംബൈ തീരത്തെത്തിച്ച സൊമാലിയന്‍ സംഘത്തിനെതിരെ രാജ്യത്തെ നിയമപ്രകാരമുള്ള വിചാരണ പൂര്‍ത്തിയാക്കും. അതിനായാണ് ഇവരെ മുംബൈ പോലീസിന് കൈമാറിയത്. മാരിടൈം ആന്റി പൈറസി ആക്ട് 2022 പ്രകാരം നടപടി കൈക്കൊള്ളുമെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: